എസ്.പി കെ.ജി സൈമണിന്റെ വ്യത്യസ്തമായ അന്വേഷണ വഴികള്‍... ചങ്ങനാശ്ശേരിയില്‍ മഹാദേവന്റെ കൊലയാളിയെ പിടികൂടിയത് 19 വര്‍ഷങ്ങള്‍ക്ക് ശേഷം!

ചങ്ങനാശേരിയില്‍ നിന്നു കാണാതായ മഹാദേവന്റെ കൊലപാതകവും കൂടത്തായി കൂട്ടകൊലപാതകവും... അതി നിഗൂഡമായി നടത്തിയ കൃത്യങ്ങളില്‍ കൊലപാതകികളെ തിരിച്ചറിഞ്ഞതും പിടിയിലായതും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എന്ന സമാനതയുണ്ട്. ചങ്ങനാശ്ശേരി മതുമൂലയില്‍ മഹാദേവന്റെ പ്രതിയെ പിടികൂടിയത് 19 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു.
രണ്ടു കേസുകളിലും നിര്‍ണായകമായത് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി കെ.ജി സൈമണിന്റെ അന്വേഷണവഴികളാണ്. കൂടത്തായി മരണപരമ്പരയില്‍ കുടുംബാംഗമായ മുഖ്യപ്രതി ജോളി 14 വര്‍ഷത്തെ ഇടവേളകളില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും ഉള്‍പ്പെടെ ആറുപേരെയാണ് കൊന്നത്. മഹാദേവനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഉണ്ണി എന്ന വാഴപ്പള്ളി ഇളയമുറി ഹരികുമാര്‍ , കൂട്ടുപ്രതി സലിയേയും, അയാള്‍ പിന്നീട് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് കൊന്നു പാറക്കുളത്തില്‍ തള്ളി.
1995-ലാണ് ചങ്ങനാശേരി മതുമൂല ഉദയാ സ്റ്റോഴ്സ് ഉടമ പുതുപ്പറമ്പ് തുണ്ടിയില്‍ വിശ്വനാഥന്‍ ആചാരിയുടെ മകന്‍ 13-കാരന്‍ മഹാദേവനെ കാണാതാകുന്നത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും വര്‍ഷങ്ങളോളം നടത്തിയ അന്വേഷണം എങ്ങുമെത്തിയില്ല. എന്നാല്‍ മഹാദേവനെ കണ്ടതായി കാണിച്ചു ഫോണ്‍കോളുകളും മോചനദ്രവ്യമാവശ്യപ്പെട്ടു കത്തുകളും ഇടക്കിടെ വീട്ടിലേക്ക് എത്താറുണ്ടായിരുന്നു.
1995-മുതല്‍ സംഭവവുമായി ബന്ധപ്പെട്ടു വര്‍ഷങ്ങളോളം മഹാദേവന്റെ പിതാവ് വിശ്വനാഥനാചാരി നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍, കേസില്‍ 2015-ല്‍ അന്വേഷണം വീണ്ടും ആരംഭിച്ചപ്പോള്‍ പഴയ കേസ് ഡയറി പോലീസ് വീണ്ടും പഠിച്ചതോടെയാണ് സൈക്കിള്‍ കടക്കാരന്‍ ഉണ്ണി എന്ന ഹരികുമാര്‍ പോലീസിന്റെ നിരീക്ഷണത്തില്‍ പെടുന്നത്. ചോദ്യം ചെയ്തെങ്കിലും കാര്യമായി വിവരം കിട്ടിയില്ല. എന്നാല്‍ രീതി മാറ്റിയ പോലീസ്, മഫ്ത്തിയില്‍ രഹസ്യമായി അന്വേഷണം തുടങ്ങി. കടുത്ത മദ്യപാനിയാണ് ഉണ്ണിയെന്നതാണ് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് കച്ചവടക്കാരന്‍ എന്ന വ്യാജേനെ ഉണ്ണിയും കൂട്ടുകാരുമായി അടുപ്പമുണ്ടാക്കി. എല്ലാവരും ചേര്‍ന്ന് മദ്യപാനം പതിവാക്കി. മദ്യസദസ്സ് ഉണ്ടാക്കാന്‍ പണവും മദ്യവും ഒഴുക്കിയതും പോലീസായിരുന്നു.
മദ്യലഹരിയില്‍ ഒരിക്കല്‍ ഉണ്ണിയുടെ ഒരു കൂട്ടുകാരന്‍ അബദ്ധത്തില്‍ ആ രഹസ്യം വെളിപ്പെടുത്തി. ഒരാളെ ഉണ്ണി തട്ടിയതായി പറഞ്ഞിട്ടുണ്ട്. ഉണ്ണിക്ക് അക്കാര്യത്തില്‍ വിഷമമുണ്ടെന്നും ഇയാള്‍ പറഞ്ഞു. പിന്നെ വൈകിയില്ല. ഉണ്ണിയെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ മഹാദേവനെ, ഉണ്ണി വകവരുത്തിയ വിവരവും ഇക്കാര്യം പറഞ്ഞ് തന്നെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്ന സലിമിനെ കൊലപ്പെടുത്തിയ വിവരവും പുറത്തുവന്നത്.
ഒരു ചതയദിനത്തിലായിരുന്നു മഹാദേവനെ ഉണ്ണി കൊലപ്പെടുത്തിയത്. സംഭവത്തിന്റെ ചുരുളഴിയിക്കുന്നതിലേക്ക് വെളിച്ചം വീശിയതാകട്ടെ സൈക്കിള്‍ കടയിലേക്ക് മഹാദേവന്‍ പോകുന്നത് കണ്ടെന്ന ഒരു ദൃക്സാക്ഷിയുടെ മൊഴിയും. വാഴപ്പള്ളി സെന്റ് തേരേസാസ് സ്‌കൂളില്‍ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്ന മഹാദേവന്‍ അന്ന് ഉണ്ണിയുടെ സൈക്കിള്‍ കടയിലേക്ക് പോയിരുന്നതായുള്ള മൊഴിയില്‍ പിടിച്ചുകയറിയ പോലീസ് ഉണ്ണിയെ വിശദമായി ചോദ്യം ചെയ്തതോടെ സംഭവം പുറത്തു വന്നു.
കടുത്ത മദ്യപാനിയും നിരന്തരം ലോട്ടറി ടിക്കറ്റ് വാങ്ങുന്നയാളുമായിരുന്നു ഉണ്ണി. ടിക്കറ്റ് എടുക്കാനുള്ള പണം സമ്പാദിക്കുന്നതിനായി മഹാദേവന്റെ പത്തുഗ്രാം മോതിരം മോഷ്ടിക്കാനുള്ള ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സൈക്കിളിന് കാറ്റടിക്കാന്‍ പതിവായി മഹാദേവന്‍, ഉണ്ണിയുടെ കടയില്‍ വന്നിരുന്നു. ആറു പവനോളം തൂക്കമുള്ള മാലയാണ് മഹാദേവനെ മാതാപിതാക്കള്‍ അണിയിച്ചിരുന്നത്. സംഭവദിവസം സൈക്കിള്‍ നന്നാക്കാന്‍ ഉണ്ണിയുടെ കടയിലെത്തിയ മഹാദേവനെ ഉണ്ണി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഈസമയം കടയിലെത്തിയ സലിയുമായി ചേര്‍ന്നു കോട്ടയം മറിയപ്പള്ളി മുട്ടത്തെ പാറക്കുളത്തിലാണ് മൃതദേഹം തള്ളിയത്.
കോട്ടയത്തിന് സമീപം മുട്ടത്തെ വെള്ളക്കെട്ടിലായിരുന്നു മൃതദേഹം തള്ളിയത്. ഹരികുമാറിന്റെ കൂട്ടുകാരന്‍ സലിമോന്‍, സഹോദരിഭര്‍ത്താവ് പ്രമോദ് എന്നിവര്‍ ചേര്‍ന്നായിരുന്നു മൃതദേഹം ഓട്ടോ റിക്ഷയില്‍ കൊണ്ടു പോയി മറവ് ചെയ്തത്. കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് തെളിവ് നശിപ്പിക്കാന്‍ കൂട്ടുപ്രതി കോനാരി സലിയെയും(45)കൊലപ്പെടുത്തി അതേപാറമടയില്‍ തള്ളിയെന്ന വിവരം വെളിപ്പെടുത്തിയത്.
മഹാദേവനെ കൊലപ്പെടുത്തി ഒന്നര വര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു ആ സംഭവം. മഹാദേവനെ കൊലപ്പെടുത്തിയത് ഹരികുമാറാണെന്ന് അറിയാവുന്ന സലി ഭീഷണിപ്പെടുത്തി പലപ്പോഴായി പണം വാങ്ങിയിരുന്നു. ഇതില്‍ സഹികെട്ട ഹരികുമാറും അളിയന്‍ പ്രമോദും (കണ്ണന്‍) ചേര്‍ന്ന് ഒന്നരവര്‍ഷത്തിനുശേഷം വാഴപ്പള്ളി ഗദ്സമനി പള്ളിയിലെ തിരുനാള്‍ദിവസം രാത്രി ഏഴിനു മതുമൂലയിലെ സൈക്കിള്‍ വര്‍ക്ക്ഷോപ്പില്‍ വച്ചു മദ്യം നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് സലിയെ വിളിച്ചുവരുത്തി.
തുടര്‍ന്നു സയനൈഡില്‍ നിന്നു രണ്ടുതുള്ളി ഗ്ലാസിലെ മദ്യത്തിലൊഴിച്ചു. കുടിച്ചയുടന്‍ സലിമോന്‍ മരിച്ചു. പിന്നീട് മഹാദേവന്റെ മൃതദേഹം മറവു ചെയ്ത സ്ഥലത്തു തന്നെ സലീമിന്റെ മൃതദേഹവും ഒളിപ്പിച്ചു. സൈക്കിള്‍ ട്യൂബുകൊണ്ട് വരിഞ്ഞുകെട്ടി ഓട്ടോയില്‍കയറ്റി പാറമടയില്‍ തള്ളുകയായിരുന്നു. ഇതിനുപിന്നാലെ ഹരികുമാറിന്റെ അളിയന്‍ കണ്ണന്‍ കുളിമുറിയില്‍ കാല്‍വഴുതി വീണു തലപൊട്ടി മൂന്നുമാസം ചികിത്സക്കുശേഷം മരിച്ച സംഭവത്തിലെ ദൂരൂഹതയും കണ്ടെത്താനായിട്ടില്ല. കൂടത്തായി കേസിലേതു പോലെ മഹാദേവന്‍ കേസിലും പ്രതികള്‍ സംശയിക്കപ്പെടാതെ കഴിഞ്ഞത് ഒന്നര പതിറ്റാണ്ട് കാലമാണ്.
രണ്ടു കേസിലും പ്രാഥമിക അന്വേഷണത്തില്‍ ലോക്കല്‍ പോലീസ് വീഴ്ച വരുത്തിയപ്പോള്‍ പോലീസിന്റെ രഹസ്യനീക്കവും നിരീക്ഷണവും നിര്‍ണായകമായി.
https://www.facebook.com/Malayalivartha