കറുത്ത ട്രക്ക് പിന്തുടരും.. തൂങ്ങി നിൽക്കുന്ന നിഴൽ; ശാപം കിട്ടിയ ഡെവിൾസ് ട്രീയെക്കുറിച്ച് പറഞ്ഞാൽ അപകടമോ? സത്യം എന്ത്? ഇത് അവിശ്വസനീയം...

200 വർഷം പഴക്കമുള്ള ശാപം കിട്ടിയ ഓക്ക് മരത്തെ ചെകുത്താന്റെ പ്രതീകമായാണ് ന്യൂജേഴ്സിയിലെ ബെർണാഡ്സ് ടൗൺഷിപ്പിലെ വിജനമായ പ്രദേശത്തുള്ളവർ കണക്കാക്കുന്നത്. പേടിപ്പെടുത്തുന്ന ശിഖരങ്ങളോട് കൂടി ഒരു സ്‌മാരകം പോലെ നിലനിൽക്കുന്ന ഈ മരത്തെ ഡെവിൾസ് ട്രീ എന്നാണ് ഇവിടെയുള്ളവർ വിളിക്കുന്നത്. ഈ ശാപ മരത്തിന് എന്തെങ്കിലും കേടുപാട് വരുത്തിയാലോ, മരത്തെ വാക്കുകളിലൂടെയോ പ്രവൃത്തിയിലൂടെയോ അപമാനിച്ചാലോ അവർക്ക് ഏതെങ്കിലും തരത്തിലുള്ള അപകടം സംഭവിക്കുമെന്നും, അവർ പോകുന്ന വഴി വാഹനാപകടത്തിന്റെ രൂപത്തിലോ മറ്റോ ആപത്ത് ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ വിശ്വാസം.
കൊളോണിയൽ കാലഘട്ടത്തിൽ വെളുത്ത വർഗക്കാരുടെ ആധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെഅമേരിക്കയൊട്ടാകെ ആക്രമണങ്ങളിലൂടെ ഭീതി പരത്തിയ സംഘടനയാണ് 'കു ക്ലക്‌സ് ക്ലാൻ'. ബെർഡാഡ്സ് ടൗൺഷിപ്പ്, ന്യൂജേഴ്സിയിലെ സംഘടനയുടെ ആസ്ഥാനമായിരുന്നെന്നും ഇവിടത്തെ ആഫ്രിക്കൻ അമേരിക്കൻ വംശജരെയും അടിമകളുടെയും അവർ തൂക്കി കൊന്നിരുന്നത് ഡെവിൾസ് ട്രീയുടെ ശിഖരങ്ങളിലായിരുന്നെന്നും ചിലർ പറയുന്നു.
ഒരു കർഷകൻ തന്റെ കുടുംബത്തെ മുഴുവൻ മഴു ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം ഈ മരത്തിൽ തൂങ്ങി മരിച്ചുവെന്നാണ് മറ്റൊരു കഥ. പിന്നീട് ആരോ തൂങ്ങി നിൽക്കുന്ന പോലുള്ള നിഴൽ ഇവിടെ കാണാറുണ്ടെന്ന് ചിലർ പറയുന്നു. ഡെവിൾസ് ട്രീയുടെ അടുത്തേക്ക് പോകുന്നവരെ ഒരു കറുത്ത ട്രക്ക് പിന്തുടരുകയും ഒരു പ്രത്യേക സ്ഥലം എത്തുമ്പോൾ അപ്രത്യക്ഷമാകുകയും ചെയ്യുമെന്നും, ഡെവിൾസ് ട്രീയിൽ തൊടുന്നവരുടെ കൈ ആഹാരം കഴിക്കാൻ നേരം കറുപ്പ് നിറമാകുമെന്നും വിശ്വാസങ്ങൾ പ്രചാരത്തിലുണ്ട്. ശൈത്യകാലത്ത് എത്ര വലിയ മഞ്ഞ് വീഴ്‌ചയുണ്ടായാലും ഡെവിൾസ് ട്രീയുടെ ചുറ്റും മഞ്ഞ് കാണാൻ കഴിയില്ലെന്നും പ്രദേശവാസികൾ പറയുന്നു.
നിരവധി തവണ ഡെവിൾസ് ട്രീയെ നശിപ്പിക്കാൻ ശ്രമം നടന്നതായി തടിയിൽ കാണാൻ കഴിയുന്ന പാടുകളിൽ നിന്നും മനസിലാക്കാം. പ്രദേശത്ത് വികസന പ്രവർത്തനം നടത്തിയപ്പോൾ അത് ഡെവിൾസ് ട്രീയെ ബാധിക്കാതിരിക്കാൻ അധികൃതർ ശ്രദ്ധിച്ചിരുന്നു. മരത്തിന് ചുറ്റും പ്രത്യേക വേലികൾ സ്ഥാപിച്ചിട്ടുണ്ട്. 2007 മുതൽ ഡെവിൾസ് ട്രീ നിൽക്കുന്ന പ്രദേശം പ്രത്യേക പാർക്ക് ആക്കി പൊതുജനങ്ങൾക്ക് വേണ്ടി തുറന്ന് കൊടുത്തിരിക്കുകയാണ്. സൂര്യാസ്‌തമയം കഴിഞ്ഞ് അരമണിക്കൂറിന് ശേഷം പാർക്കിലേക്ക് ആരെയും ഇവിടേയ്ക്ക് പ്രവേശിപ്പിക്കില്ല.
https://www.facebook.com/Malayalivartha