പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാവില്ല എന്നാര് പറഞ്ഞു...? ആരു പറഞ്ഞാലും ലത്തീഫ പറയില്ല! കാരണം ലത്തീഫയുടെ ലക്ഷ്മിയമ്മ!

ഹ്യൂമന്‍സ് ഓഫ് ബോംബൈ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ലത്തീഫ എന്ന പെണ്‍കുട്ടി സ്വന്തം ജീവിതത്തിലെ വേദനയും സന്തോഷങ്ങളും പങ്കുവച്ചപ്പോള്‍ രണ്ടാനമ്മയെ കുറിച്ചുള്ള പൊതുസങ്കല്‍പ്പത്തിന് മാറ്റം വന്നുവെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല.
അവളുടെ കുടുംബത്തെ അമ്മ ഉപേക്ഷിച്ചു പോയപ്പോള്‍ അച്ഛന്‍ മറ്റൊരു വിവാഹം ചെയ്തു. അപ്രതീക്ഷിതമായി കടന്നു വന്ന രണ്ടാനമ്മയോടൊപ്പം എങ്ങനെ ജീവിക്കണമെന്ന് അന്ന് ഏഴു വയസ്സുകാരിയായിരുന്ന ലത്തീഫയ്ക്ക് അറിയില്ലായിരുന്നു. എന്നാല്‍ ഉപേക്ഷിച്ചു പോയ പെറ്റമ്മയും മദ്യപിച്ച് ലക്കുകെട്ട് കുടുംബം നോക്കാതെ നടന്ന അച്ഛനോ നല്‍കാത്ത സ്‌നേഹവും കരുതലും അവള്‍ക്ക് ആ അമ്മയില്‍ നിന്ന് ലഭിച്ചു. സ്വന്തം കാലില്‍ നില്‍ക്കാന്‍ പാകത്തില്‍ ലത്തീഫ വളര്‍ന്നു. ജീവിതത്തില്‍ ബുദ്ധിമുട്ടിയപ്പോഴെല്ലാം ആ അമ്മ അവള്‍ക്കു തണലായി.
ആ അമ്മ ഇന്ന് ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുകയാണ് . ലക്ഷങ്ങള്‍ ചെലവാകുന്ന ചികിത്സ. ഈയൊരു ജീവിത സാഹചര്യത്തില്‍ ആരും തോറ്റു പോകുമെന്നു കരുതാം. പക്ഷേ, ലത്തീഫ ഇപ്പോഴും പോരാടുകയാണ് തന്റെ ജീവനായ അമ്മയ്ക്കു വേണ്ടി.
ലത്തീഫയുടെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ പറയുന്നു:
'അച്ഛന്‍ രണ്ടാമത് വിവാഹം കഴിച്ചതായി അറിഞ്ഞത് എന്റെ ഏഴാം വയസ്സിലാണ്. എന്നെ പ്രസവിച്ച അമ്മ എന്നെയും അച്ഛനെയും ഉപേക്ഷിച്ചു പോയിരുന്നു. എനിക്ക് അന്ന് ഒരു കാര്യത്തിലും ഉറപ്പില്ലായിരുന്നു. മാത്രമല്ല, രണ്ടാനമ്മയോടൊപ്പം എങ്ങനെ ജീവിക്കുമെന്ന് അറിയില്ലായിരുന്നു. അവര്‍ക്ക് സ്വന്തമായി രണ്ട് പെണ്‍മക്കളുണ്ടായിരുന്നു. പക്ഷെ, ഞാന്‍ വിചാരിച്ചതില്‍ നിന്ന് വ്യത്യസ്തമായിരുന്നു കാര്യങ്ങള്‍.
എന്റെ രണ്ടാനമ്മ സ്വന്തം അമ്മയേക്കാള്‍ കൂടുതല്‍ സ്‌നേഹവും കരുതലും ശ്രദ്ധയും എനിക്ക് നല്‍കി. അവരുടെ രക്തത്തില്‍ പിറന്ന മകളെപ്പോലെ അവരെന്നോട് പെരുമാറി. ഒന്നിലും ഒരു കുറവും വരുത്തിയില്ല. സ്വന്തം പെണ്‍മക്കള്‍ക്ക് നല്‍കിയതെല്ലാം അവര്‍ എനിക്കും നല്‍കി. എന്റെ ഭക്ഷണവും ആരോഗ്യവും വിദ്യാഭ്യാസം അവര്‍ ശ്രദ്ധിച്ചു. എന്റെ അച്ഛന്‍ മദ്യപാനം തുടങ്ങുകയും ഞങ്ങളെ പരിപാലിക്കുന്നത് നിര്‍ത്തുകയും ചെയ്തപ്പോള്‍ അവര്‍ ഒരു പാചകക്കാരിയുടെ ജോലി ഏറ്റെടുത്തു. തുടക്കത്തില്‍ അവര്‍ക്ക് ശമ്പളമായി കിട്ടിയിരുന്നത് കുറച്ച് ചാക്ക് അരിയായിരുന്നു. ദാരിദ്ര്യത്തിനിടയിലും അവള്‍ ഞങ്ങളെ സ്‌കൂളില്‍ ചേര്‍ത്തു. അവിടെ ഞങ്ങള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ഭക്ഷണവും ലഭിച്ചു.
ഒരു മാസം 6000 രൂപ വരുമാനം കിട്ടിത്തുടങ്ങിയപ്പോള്‍ അതില്‍ ഭൂരിഭാഗവും അമ്മ ഞങ്ങളുടെ ഭാവിയ്ക്ക് വേണ്ടി കരുതിവച്ചു. പന്ത്രണ്ടാം ക്ലാസ് വരെ ഞാന്‍ ആ സ്‌കൂളില്‍ പഠനം തുടര്‍ന്നു. പിന്നീട് ഹൈദരാബാദിലെ ഒരു കോള്‍സെന്ററില്‍ ജോലി ലഭിച്ചു. ഞാന്‍ അവിടേക്ക് താമസം മാറി.
എന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും വീട്ടിലേക്ക് അയച്ചു. അവരും എന്റെ സഹോദരിമാരും നല്ല ജീവിതം നയിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കുറച്ചു മാസങ്ങള്‍ക്ക് ശേഷം എനിക്ക് പിത്തസഞ്ചിയില്‍ ഒരു ശസ്ത്രക്രിയ ആവശ്യമായിവന്നു. എന്റെ ജോലി വഴി ലഭിച്ച ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നു. ചെലവിന്റെ പകുതിയും ഇന്‍ഷൂറന്‍സ് തുക വഹിക്കുമായിരുന്നു. പക്ഷെ, ഒരു 40,000 രൂപ കൂടി അന്ന് ആവശ്യമായി വന്നു. എന്തുചെയ്യണമെന്ന് അറിയില്ല, ഞാന്‍ ശരിക്കും ടെന്‍ഷനില്‍ ആയിരുന്നു. അപ്പോഴാണ് സഹായവുമായി എന്റെ രണ്ടാനമ്മ മുന്നോട്ടുവന്നത്. എന്റെ സഹോദരിമാര്‍ക്ക് വേണ്ടി അവര്‍ കരുതിയ പണം മുഴുവന്‍ എനിക്ക് വേണ്ടി ചിലവാക്കി. അവരുടെ യഥാര്‍ത്ഥ മൂല്യം ഞാന്‍ തിരിച്ചറിഞ്ഞപ്പോഴാണ്.
പക്ഷേ, കുറച്ച് മാസങ്ങള്‍ക്ക് ശേഷം, എന്റെ രണ്ടാനമ്മയ്ക്ക് ഒരു വയറുവേദന പിടിപെട്ടു. കഠിനമായ ജോലി ചെയ്യുന്നതുകൊണ്ടാകാം വേദന എന്ന് ഡോക്ടര്‍ പറഞ്ഞു. ഒരു വേദനസംഹാരി നല്‍കി വിശ്രമിക്കാന്‍ പറഞ്ഞു. പക്ഷേ, അതുകൊണ്ടൊന്നും രോഗം മെച്ചപ്പെട്ടില്ല. ഞങ്ങള്‍ മറ്റൊരു ഡോക്ടറുടെ അടുത്തു ചെന്നപ്പോള്‍, അമ്മയുടെ സുഷുമ്നാ നാഡിയില്‍ ട്യൂമര്‍ ഉണ്ടെന്ന് കണ്ടെത്തി. അതവരെ പതിയെ കൊന്നു കൊണ്ടിരിക്കുകയായിരുന്നു. ലക്ഷങ്ങള്‍ ചിലവാകുന്ന ശസ്ത്രക്രിയ മാത്രമാണ് ഇനി ഏക ആശ്രയം.
ജീവിതം വീണ്ടും മോശമായി. അവര്‍ ചെന്നൈയിലെ ഒരു ആശുപത്രിയില്‍ ചികിത്സതേടി. ചികിത്സയ്ക്കായി ഞങ്ങള്‍ക്ക് ആഭരണങ്ങള്‍ വില്‍ക്കേണ്ടി വന്നു. കൂടാതെ സുഹൃത്തുക്കളില്‍ നിന്ന് പണം കടം വാങ്ങി. എന്നിട്ടും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്താനായില്ല. ഞാനും എന്റെ സഹോദരിമാരും പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ശരിയാവുന്നില്ല. സഹായം ചോദിക്കാന്‍ ഞങ്ങള്‍ക്ക് മറ്റാരുമില്ല, പക്ഷേ ഞങ്ങളുടെ അമ്മയെ രക്ഷിക്കാന്‍ ഞങ്ങള്‍ എന്തും ചെയ്യും.
https://www.facebook.com/Malayalivartha