മതവും ലിംഗഭേദവുമില്ലാത്ത, പ്രണയം മാത്രമുള്ള ലോകത്ത് ജീവിക്കുന്നു നിവേദും റഹീമും!

കുടുംബം, എന്ന സമൂഹത്തിലെ വ്യവസ്ഥാപിത വാര്‍പ്പുമാതൃകയെ സ്‌നേഹം കൊണ്ടു പൊളിച്ചെഴുതുകയാണ് ഗേ ദമ്പതികളായ നിവേദ് ആന്റണി ചുള്ളിക്കലും അബ്ദുള്‍ റഹീമും. അവിടെ അവര്‍ക്ക് മതമില്ല... ലിംഗഭേദമില്ല... പ്രണയം മാത്രം. സമൂഹമാധ്യമങ്ങള്‍ ഏറെ ആഘോഷിച്ച വിവാഹത്തിനു ശേഷം തിരുവനന്തപുരം കനകക്കുന്നില്‍ വച്ച് അവരെ കാണുമ്പോള്‍ ഇരുവര്‍ക്കുമൊപ്പം കൈകോര്‍ത്തു പിടിച്ച് ട്രാന്‍സ് യുവതിയായ നയനയുമുണ്ടായിരുന്നു; നിവേദിന്റെയും റഹീമിന്റെയും മാനസപുത്രി നയന കൃഷ്ണ! 'ഇതു ഞങ്ങളുടെ മകളാണ്,' എന്നു പറഞ്ഞു പരിചയപ്പെടുത്തുമ്പോള്‍ അവരുടെ കണ്ണുകളില്‍ വല്ലാത്ത തിളക്കം.
ഞങ്ങള്‍ റിലേഷന്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷമായി. അഞ്ചാം വര്‍ഷം വിവാഹം ചെയ്യണമെന്നത് ഞങ്ങളുടെ വലിയ ആഗ്രഹമായിരുന്നു. അക്കാര്യം ഞങ്ങള്‍ നേരത്തെ തന്നെ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. പ്രശസ്തിക്കു വേണ്ടിയോ വാര്‍ത്തകളില്‍ ഇടം നേടാനോ വിവാഹം ചെയ്തവരല്ല ഞങ്ങള്‍. കേരളത്തില്‍ ഗേ ദമ്പതികളായി ജീവിക്കുന്നവര്‍ ഒരുപാടു പേരുണ്ട്. പലരും ഇതെല്ലാം രഹസ്യമാക്കി വയ്ക്കും. എന്നിട്ട് അവര്‍ ഒരുമിച്ചു ജീവിക്കുന്നു.
ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മുന്‍പില്‍ വച്ച് ഞങ്ങള്‍ ഞങ്ങളുടെ ബന്ധം ആഘോഷപൂര്‍വം പ്രഖ്യാപിച്ചു എന്നേ ഉള്ളൂ. അതുകൊണ്ട്, ആദ്യ ഗേ ദമ്പതികള്‍... രണ്ടാമത്തെ ഗേ ദമ്പതികള്‍ എന്നൊക്കെ വിശേഷിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല. അങ്ങനെയൊരു ടൈറ്റിലിനോട് ഞങ്ങള്‍ക്ക് പ്രത്യേകിച്ച് പ്രതിപത്തിയൊന്നുമില്ല. നേരത്തെ പലരുമായി ഡേറ്റിങ് ചെയ്തിരുന്നു. പക്ഷേ, അതൊന്നും വിജയിച്ചില്ല. കുറച്ചു മാസങ്ങള്‍ അങ്ങനെ പോകും. അതില്‍ ലൗ ലൈഫ് ഇല്ലായിരുന്നു.
ഗേ റിലേഷന്‍ഷിപ്പ് എന്നു പറയുമ്പോള്‍ എല്ലാവരും കരുതുന്നത് കുറച്ചു കാലം പ്രേമിച്ചു നടക്കാനുള്ള ഒരു സംഗതി ആയിട്ടാണ്. പിന്നീട്, വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ വേറെ വിവാഹം ചെയ്യും. സത്യത്തില്‍ ഗേ റിലേഷന്‍ഷിപ്പിനെ കുറിച്ച് ആര്‍ക്കും ധാരണയില്ല. മറ്റു ബന്ധങ്ങളെപ്പോലെ ഇതും വളരെ 'നോര്‍മല്‍' ആണ്.
വ്യക്തിപരമായി നിരവധി മെസേജുകള്‍ ഇപ്പോഴും ലഭിക്കുന്നുണ്ട്. അതില്‍ ആണുങ്ങളുമുണ്ട്... പെണ്ണുങ്ങളുമുണ്ട്. പലരും സൗഹൃദത്തിനപ്പുറത്ത് ലൈംഗികതാല്‍പര്യങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. അവരോടൊക്കെ സൗഹൃദത്തില്‍ പറഞ്ഞു തീര്‍ക്കാനാണ് ശ്രമിക്കാറുള്ളത്. പിന്നെ, ഞങ്ങള്‍ പിരിയുമോ എന്നു ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ... ഓട് കണ്ടം വഴി!
ഞങ്ങള്‍ക്കു വേണ്ടി ഐവിഎഫ് വഴി ഗര്‍ഭം ധരിച്ചു കുഞ്ഞിനെ നല്‍കാന്‍ ഞങ്ങളുടെ സുഹൃത്ത് സോണി സമ്മതം അറിയിച്ചിട്ടുണ്ട്. ഈ വിവാഹത്തിന് എത്രയോ മുന്‍പേ സോണി ഇക്കാര്യം ഞങ്ങളോടു പറഞ്ഞിട്ടുണ്ടെന്നോ! പിന്നെ, ഞങ്ങളുടെ മകള്‍ നയന ഞങ്ങള്‍ക്കു വേണ്ടി കുഞ്ഞിനെ ഗര്‍ഭം ധരിക്കാമെന്നു പറഞ്ഞിട്ടുണ്ട്. സിലിക്കണ്‍ ഗര്‍ഭപാത്രം വഴിയുള്ള ഗര്‍ഭധാരണം നടത്താനാണ് നയന ആഗ്രഹിക്കുന്നത്.
സ്വവര്‍ഗരതി കുറ്റകൃത്യമല്ലെന്ന വിധിയിലൂടെ സാഹചര്യങ്ങള്‍ മാറി. ഇപ്പോള്‍ ആര്‍ക്കും ആരെയും പ്രണയിക്കാം. ഗേ വിവാഹം അല്ലെങ്കില്‍ ലെസ്ബിയന്‍ വിവാഹം എന്നു പറയുന്നത് സമൂഹത്തില്‍ സാധാരണമായി മാറും. സമൂഹത്തിനു മുന്‍പില്‍ സ്വന്തം പ്രണയം മാന്യമായി തുറന്നു പറയാന്‍ എന്തിനു മടിക്കണം? പുറത്തു പറയാന്‍ മടിക്കരുത്. പറയാന്‍ വൈകുന്തോറും നമ്മുടെ വയസ്സും നല്ല വര്‍ഷങ്ങളുമാണ് നഷ്ടമാകുന്നത്. കാര്യങ്ങള്‍ തുറന്നു പറഞ്ഞ് എല്ലാവരുടെയും മുന്‍പില്‍ സന്തോഷമായി ജീവിക്കൂ. പറയുമ്പോഴുള്ള ബുദ്ധിമുട്ടേ ഉള്ളൂ. ജീവിച്ചു കഴിഞ്ഞാല്‍ അടിപൊളിയാണ്.
https://www.facebook.com/Malayalivartha