ശരീരം വില്‍ക്കുക എന്നത് നിര്‍വികാരമായൊരു ജീവിതമാര്‍ഗ്ഗമാണെന്ന് ഓര്‍മ്മപ്പെടുത്തിയതിന് നന്ദി... വേറെ പണിക്കൊന്നും കൊള്ളാത്തവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന തൊഴില്‍! ശരീരം വിറ്റ് ജീവിക്കാമെന്ന 'പുതിയ ജനാധിപത്യ' ആശയം അവര്‍ക്ക് തെല്ലും അറിയില്ല; എം എല്‍എയ്ക്ക് കിടിലൻ മറുപടിയുമായി സംവിധായകന്‍

മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുന്ന തരത്തിലുള്ള സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ പ്രതിഭയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ലോക്ഡൗണ്‍ കാലത്ത് എംഎല്‍എ വീട്ടിലിരുന്ന് മണ്ഡലത്തിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നുവെന്ന് സമൂഹമാധ്യമത്തിലൂടെ പോസ്റ്റിട്ടതിനെത്തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ ചില നേതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ എംഎല്‍എയെ ആക്ഷേപിക്കുന്നവിധം പ്രചാരണം നടത്തിയിരുന്നു. ഈ ലോക്ഡൗണ്‍ കാലത്ത് ചില വിഷസര്‍പ്പങ്ങള്‍ ഇറങ്ങിയിട്ടുണ്ടെന്നും ലോക്ഡൗണ്‍ കഴിഞ്ഞ ശേഷം വാവസുരേഷിനെ വിളിച്ച് അവയെ മാളത്തില്‍ നിന്നിറക്കണമെന്നും പ്രതിഭ എംഎല്‍എ പ്രതികരിക്കുകയും ചെയ്തു. ഇതു വാര്‍ത്തയായതോടെയാണ് എംഎല്‍എ മാധ്യമപ്രവര്‍ത്തകരെയും സ്ത്രീകളെയും അവഹേളിക്കുന്നവിധം പരാമര്‍ശം നടത്തി രംഗത്തെത്തിയത്.
ഇതിനു പിന്നാലെ ഇടതു പക്ഷ എം എല്‍എ ആയ യു പ്രതിഭ മാധ്യമപ്രവര്‍ത്തകരെക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ശരീരം വില്‍ക്കേണ്ടി വന്നവരെയും ചേര്‍ത്തു പിടിക്കേണ്ട സമയമാണിതെന്നു ഓര്‍മ്മിപ്പിച്ചുകൊണ്ട് സ്വന്തം ശരീരവും കുടുംബവും വിട്ട് നാടിനു വേണ്ടി കണ്ണും മനസ്സും തുറന്നിരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് തെറ്റു പറ്റിയാല്‍ അതു ചൂണ്ടിക്കാണിക്കുന്നതിനു പകരം അപമാനിക്കരുതെന്നും സംവിധായകനും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ പ്രജീഷ് സെന്‍ പറയുന്നു. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലാണ് പ്രജീഷ് യു. പ്രതിഭ എംഎല്‍എയെ പേരെടുത്തു പറയാതെ വിമര്‍ശിച്ചത്.
പ്രജീഷ് സെന്നിന്റെ കുറിപ്പിലൂടെ...
ശരീരം വില്‍ക്കുക എന്നത് നിര്‍വികാരമായൊരു ജീവിതമാര്‍ഗ്ഗമാണെന്ന് ഓര്‍മ്മപ്പെടുത്തിയതിന് നന്ദി. വേറെ പണിക്കൊന്നും കൊള്ളാത്തവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന തൊഴില്‍. സ്വന്തം കുഞ്ഞിനെ അടുത്ത മുറിയില്‍ ഉറക്കി കിടത്തിയിട്ട് ലൈവ് സ്റ്റുഡിയോയില്‍ ഇരുന്ന് വാര്‍ത്ത വായിക്കുന്നവരും ജോലിക്ക് പോകുമ്ബോള്‍ വീട്ടില്‍ കൂട്ടിന് ആളില്ലാതാകുന്നതിനാല്‍ ഗര്‍ഭിണിയായ ഭാര്യയെ അയല്‍വീട്ടില്‍ കൊണ്ടു പോയി ഇരുത്തിയ ശേഷം വാര്‍ത്തകള്‍ തേടി പോകുന്നതുമെല്ലാം ശരീരം വിറ്റ് ജീവിക്കാം എന്ന 'ഐഡിയ' അറിയാത്ത മാധ്യമപ്രവര്‍ത്തകരാണ്. കിടക്കപ്പായയില്‍ കുട്ടികളെ തമ്മില്‍ കെട്ടിയിട്ട് മുറിയടച്ച് നെഞ്ചിലൊരു പിടപ്പുമായി രാത്രി അസമയത്തുണ്ടായ ദുരന്തവാര്‍ത്ത ബ്രേക്കിങ് കൊടുക്കാന്‍ ഓടിപ്പോകുന്ന വനിതാ മാധ്യമപ്രവര്‍ത്തകരുണ്ട് നമുക്കിടയില്‍. അവര്‍ കൊടുക്കുന്ന വാര്‍ത്തയാണ് കംഫര്‍ട്ട് സോണില്‍ ഇരുന്ന് ലോകം മുഴുവന്‍ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നത്. അവര്‍ക്കീ 'ഐഡിയ' അറിയാതെ പോയി എന്നുവേണം കരുതാന്‍.
സ്വന്തം വീട്ടില്‍ അടുപ്പ് പുകഞ്ഞില്ലെങ്കിലും തെരുവിലെ അതിഥിതൊഴിലാളിക്ക് ഭക്ഷണം കിട്ടുന്നുണ്ടോ എന്ന് നോക്കാന്‍ അവര്‍ ഓടും. കാരണം ശരീരം വിറ്റ് ജീവിക്കാമെന്ന 'പുതിയ ജനാധിപത്യ' ആശയം അവര്‍ക്ക് തെല്ലും അറിയില്ല. മാധ്യമപ്രവര്‍ത്തകരുടെ അത്തരം അറിവില്ലായ്മ പഠിപ്പിച്ചു തന്നെ മാറ്റണം. അത് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാവുന്നതാണ് കൂടുതല്‍ നല്ലത്. കാരണം അതാണ് ആധികാരികം, സമഗ്രം, അംഗീകൃതം. ഒരു സ്ത്രീയാകട്ടെ പുരുഷനാകട്ടെ മറ്റൊന്നും ചെയ്യാനാകാതെ ശരീരം വില്‍ക്കല്‍ മാത്രമാണ് ഉപജീവന മാര്‍ഗ്ഗമെന്ന അവസ്ഥയില്‍ എത്തുകയോ എത്തിക്കുകയോ ചെയ്യുന്നത് ഒപ്പം ജീവിക്കുന്ന മറ്റ് മനുഷ്യരുടെ പരാജയമാണ്. ആ നിലയില്‍ നമ്മള്‍ എല്ലാം പരാജയമായിപ്പോകും.
കൊറോണ വ്യാപനം തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തലങ്ങും വിലങ്ങും ഓടുമ്ബോള്‍ അവര്‍ക്കൊപ്പവും ചിലപ്പോള്‍ അവര്‍ക്ക് മുന്നേയും ഓടുന്ന ഒരു വലിയ സമൂഹമാണ് മാധ്യമപ്രവര്‍ത്തകര്‍. അത് കാണാതെ പോകരുത്. അവര്‍ ഉണ്ടോ ഉറങ്ങിയോ എന്നൊന്നും ഇവിടെയാരും ചോദിക്കില്ല. കാരണം അവര് ശരീരം വിറ്റ് ജീവിച്ചോട്ടെ… സ്വന്തം ശരീരവും കുടുംബവും എല്ലാം വിട്ട് നാടിനു വേണ്ടി കണ്ണും മനസ്സും തുറന്നിരിക്കുന്ന വലിയൊരു വിഭാഗം മാധ്യമ പ്രവര്‍ത്തകരുണ്ടിവിടെ.
അവര്‍ക്കും തെറ്റുകള്‍ പറ്റും. അങ്ങനെ വരുമ്ബോള്‍ ആ തെറ്റുകള്‍ ചൂണ്ടി കാണിക്കാം, ശകാരിക്കാം. അതല്ലേ നമ്മള്‍ പരിഷ്കൃത സമൂഹത്തിന് ചേരുന്നത്.
ശരീരം വിറ്റ് ജീവിക്കേണ്ടി വരുന്ന, സാഹചര്യം കൊണ്ട് ആ തൊഴിലില്‍ എത്തിപ്പെട്ടവരെ കൂടി ചേര്‍ത്തു പിടിക്കേണ്ട സമയമാണ്. ലോക്ക് ഡൗണില്‍ അവരുടെ ജീവിതവും നമുക്ക് ഊഹിക്കാം. അവരെയും അപമാനിക്കരുത്. നമുക്കൊരുമിച്ച് അതിജീവിക്കാം. അതിജീവിക്കണം ഈ കാലം.
https://www.facebook.com/Malayalivartha