മെല്‍വിന്റെ വീട്ടിലെ മിക്‌സിയ്ക്ക് ഭാരിച്ച പണി, ഇനി വീട്ടിലെ പണിയ്ക്കു പുറമേ പുറംപണിയും ചെയ്യണം!

തൃശ്ശൂര്‍ ജില്ലക്കാരനും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ മെക്കാനിക്കല്‍ എന്‍ജിനീയറും ആയ മെല്‍വിന്‍ ഇപ്പോള്‍ ലോക്ക്ഡൗണ്‍ ആയതിനാല്‍ വീട്ടിലിരുന്നാണ് ജോലി. അതിനിടയില്‍ അടുക്കളയിലെ വിശേഷമന്വേഷിച്ചു ചെന്നപ്പോഴാണ് ഇതുവരെ തോന്നാത്ത ഒരു താല്‍പര്യം മിക്‌സിയുടെ പ്രവര്‍ത്തനത്തില്‍ തോന്നിയത്.
അമ്മ മിക്‌സിയുടെ സ്വിച്ചിട്ടതും ബള്‍ബ് തെളിഞ്ഞു; മെല്‍വിന്റെ തലയില്‍! പിന്നെയാണ് അടുക്കളയില്‍ നിന്ന് ഇടയ്ക്കിടെ മിക്‌സി അപ്രത്യക്ഷമാകാന്‍ തുടങ്ങിയത്. ഒടുവില്‍ വടക്കാഞ്ചേരി മംഗലം സ്വദേശി പുത്തൂക്കര മെല്‍വിന്‍ ബാബു(24) മിക്‌സിയെ മോട്ടര്‍ പമ്പാക്കി മാറ്റി അത്ഭുതം കാണിക്കുക തന്നെ ചെയ്തു.
മെല്‍വിന്‍ ഇടയ്ക്കിടെ മിക്‌സി എടുത്തുകൊണ്ടുപോകുന്നതു കണ്ടപ്പോള്‍ അമ്മ പാളി നോക്കി. എന്താടാ പരിപാടി. മിക്‌സി കൊണ്ടു വെള്ളം പമ്പ് ചെയ്യാന്‍ പോകുവാ അമ്മേ! മകന്റെ കിളി പോയെന്നാണ് ആദ്യം കരുതിയത്. മിക്‌സിയില്‍ ഒരു ടര്‍ബന്‍ സംവിധാനമൊരുക്കി മകന്‍ ഒരു ശ്രമം നടത്തി. സ്വിച്ച് ഓണാക്കി. ചീറ്റി! വെള്ളമല്ല, ഐഡിയ ചീറ്റി. അമ്മ പറഞ്ഞു: ചെലോല്‍ത് ശരിയാകും. ചെലോല്‍ത്... മുഴുമിപ്പിക്കാന്‍ സമ്മതിച്ചില്ല. ഒരാഴ്ചയ്ക്കുള്ളില്‍ മെല്‍വിന്‍ മിക്‌സി പ്രവര്‍ത്തിപ്പിച്ച് വെള്ളം പമ്പ് ചെയ്തു. 'എന്റത് ശരിയായി' എന്ന വിജയഭാവത്തില്‍ മെല്‍വിന്‍ ഇതാ താരമാകുന്നു.
മികിസിയില്‍ ജാര്‍ ഘടിപ്പിക്കുന്ന കപ്ലറില്‍ പിവിസി ക്യാപ് ഘടിപ്പിച്ചു. ജാറിന്റെ ബ്ലേഡിനു പകരം ടര്‍ബൈന്‍ സംവിധാനത്തില്‍ ഇംപലര്‍ ഫിറ്റ് ചെയ്തു.ഇപ്പോള്‍ ഉപയോഗിക്കുന്ന 750 വാട്‌സിന്റെ മിക്‌സിയില്‍ നിന്ന് രണ്ടുമീറ്റര്‍ ദുരത്തില്‍ വെള്ളം പമ്പ് ചെയ്യുന്നുണ്ട്. 2000 വാട്‌സിന്റെ മിക്‌സിയാണെങ്കില്‍ ഒരു എച്ച്പി പമ്പിന്റെ പെര്‍ഫോമന്‍സ് പ്രതീക്ഷിക്കാം.
സംഗതി വിശദീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ അമ്മയുടെ വിളിയെത്തി. ഇംപലര്‍ അഴിച്ചു വച്ച് മിക്‌സി അടുക്കളയിലെത്തിച്ചു. ഇനി കറിക്കരയ്ക്കല്‍. അഥവാ വര്‍ക്ക് അറ്റ് അടുക്കള. മിക്‌സിയുടെ കഷ്ടകാലമേ, ഇനി വീടിനകത്തെ പണി മാത്രംപോരാ, പുറംപണിയും ചെയ്യണം.
https://www.facebook.com/Malayalivartha