തെരുവില്‍ ഉറങ്ങുന്ന കൂലിത്തൊഴിലാളിക്ക് വീണു കിട്ടിയത് ഒന്നര ലക്ഷം രൂപ, മുന്നു ദിവസം സൂക്ഷിച്ച പണം തനിക്ക് വേണ്ടെന്നു പറഞ്ഞ് ഒരു കടയില്‍ ഏല്പിച്ചു...
വയനാട് ബത്തേരി ബീനാച്ചിയിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ അന്തിയുറങ്ങുന്ന കൂലിത്തൊഴിലാളി തൊടുപുഴ സ്വദേശി ജോസ് എന്ന അറുപത്തിരണ്ടുകാരന് നടന്നു വന്നവഴിയില്‍ ഒരു പൊതി കിട്ടി. തുറന്നപ്പോള്‍ ഒരു കെട്ട് നോട്ട്. എണ്ണി നോക്കിയില്ല. സഞ്ചിയിലിട്ടു നടന്നു. ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ രാത്രിയില്‍ ഉറങ്ങാന്‍ നേരം തലയുടെ അടിയില്‍ വച്ച് ഉറങ്ങി. ഇടയ്ക്ക് ഭക്ഷണം കഴിക്കാനും മറ്റും പോകുമ്പോള്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ മൂലയില്‍ പണസഞ്ചി വച്ചു. രണ്ടുദിവസത്തിനു ശേഷം റോഡില്‍ നിന്നു വീണു കിട്ടിയതാണെന്ന് പറഞ്ഞ് ജോസ് ബീനാച്ചിയിലുള്ള ഒരു കടയില്‍ ഈ പണവുമായെത്തി. അപ്പോഴാണ് കടയുടമ പൊലീസ് അന്വഷിക്കുന്ന വിവരം പറഞ്ഞത്.
വാകേരി ചന്തപ്പറമ്പില്‍ മൂനീര്‍ സഹോദരീ ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി സ്വരൂപിച്ച പണമാണ് കഴിഞ്ഞ ശനിയാഴ്ച്ച വൈകിട്ട് നഷ്ടമായത്. ബന്ധുക്കളില്‍ നിന്നു സ്വരൂപിച്ച പണം ബത്തേരിയിലെ ഒരു കടയില്‍ നിന്നു മരുമകള്‍ വാങ്ങിക്കൊണ്ടു പോകുമ്പോള്‍ ബീനാച്ചിക്കടുത്ത് പഴുപ്പത്തൂര്‍ റോഡ് ജംക്ഷനില്‍ വീണു പോവുകയായിരുന്നു. പണം നഷ്ടമായ ഉടനെ മുനീര്‍ ബത്തേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
സിസിടിവി ക്യാമറകളടക്കം പരിശോധിച്ച പൊലീസ് ഒട്ടേറെ പേരെ ചോദ്യം ചെയ്യുകയും ചെയ്തു. ജോസ് നടന്നു പോകുന്നതും ക്യാമറയില്‍ പതിഞ്ഞിരുന്നു. അതിനിടെയാണ് പണം കടയില്‍ ഏല്‍പ്പിച്ച വിവരം പൊലീസ് അറിഞ്ഞത്. അങ്ങനെ പൊലീസെത്തി പണം കൈപ്പറ്റി. തുടര്‍ന്ന് ബത്തേരി സ്റ്റേഷനില്‍ വച്ച് പൊലീസ് ഇന്‍സ്പെക്ടര്‍ ജി. പുഷ്പകുമാര്‍ പണം ഉടമസ്ഥന് കൈമാറി.
എസ്ഐ കെ.എന്‍. കുമാരന്, എഎസ്ഐ മുരളി, സിപിഒ സി.ആര്. കിഷോര്‍ എന്നിവരും അന്വേഷണത്തിന് നേതൃത്വം നല്കി. ഒന്നര ലക്ഷം കയ്യില്‍ കിട്ടിയിട്ടും ഒരു രൂപ പോലും എടുക്കാതെ കൂലിപ്പണി ചെയ്ത് കിട്ടിയ തുകയാണ് ജോസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചത്.
https://www.facebook.com/Malayalivartha