സ്ഥാനാര്‍ത്ഥി ആ നാട്ടുകാരനല്ലെന്ന് എതിര്‍പക്ഷം, അവിവാഹിതനായ തനിക്ക് എപ്പോള്‍ വേണമെങ്കിലും നാട്ടുകാരനാകാന്‍ കഴിയുമെന്ന് സ്ഥാനാര്‍ത്ഥി, ഒടുവില്‍ ആ വാക്ക് യാഥാര്‍ഥ്യമായി...!
എം.കെ.മുനീര്‍ 1988-ലെ കോര്പറേഷന് തിരഞ്ഞെടുപ്പില്‍ കുറ്റിച്ചിറ വാര്‍ഡില്‍ നിന്നു മത്സരിക്കുമ്പോള്‍ മുനീര്‍ ഈ നാട്ടുകാരനല്ല എന്നായിരുന്നു എതിര്‍പക്ഷത്തിന്റെ പ്രധാന ആരോപണം. അന്വേഷിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ഥിയുടെ വീടും വാര്‍ഡിനു പുറത്താണ്. മുനീറിന്റെ മറുപടി ഇങ്ങനെയായിരുന്നു' അവിവാഹിതനായ എനിക്ക് എപ്പോള്‍ വേണമെങ്കിലും ഈ നാട്ടുകാരനാകാന്‍ കഴിയും. പക്ഷേ എതിര്‍സ്ഥാനാര്‍ഥിക്ക് അതിന് കഴിയില്ല.' തെരഞ്ഞെടുപ്പില്‍ വിജയിച്ച് മുനീര്‍ കുറ്റിച്ചിറയുടെ കൗണ്‍സിലറായി.
മുനീര്‍ കോര്പറേഷന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു.
25-ാം വയസ്സില്‍. ജയിച്ചു കഴിഞ്ഞ് കൗണ്‍സിലില്‍ മാത്രമല്ല മുനീര്‍ ക്ലാസിലും പോയി. കൗണ്‍സിലറായ വിദ്യാര്‍ഥി കൂട്ടുകാര്‍ക്ക് കൗതുകമായിരുന്നു.
1991-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കോഴ്സും ഹൗസ് സര്‍ജന്‍സിയും കഴിഞ്ഞതിനു പിന്നാലെയായിരുന്നു. കോഴിക്കോട് 2 മണ്ഡലത്തില്‍ നിന്നായിരുന്നു മത്സരം. പ്രചാരണത്തിനിടയ്ക്കായിരുന്നു വിവാഹം. 1991 മേയ് 10-ന് മാനാഞ്ചിറയില്‍ രാജീവ് ഗാന്ധി പങ്കെടുത്ത തിരഞ്ഞെടുപ്പ് കണ്വന്ഷന് വേദിയില്‍ നിന്നു നേരിട്ട് വിവാഹപ്പന്തലിലേക്ക്. ആദ്യതെരഞ്ഞെടുപ്പ് കഴിഞ്ഞ് 3 വര്‍ഷത്തിനു ശേഷം, പണ്ട് വാക്ക് പറഞ്ഞപോലെ ആ കുറ്റിച്ചിറ നിന്നു വിവാഹം കഴിച്ച കുറ്റിച്ചിറയുടെ മരുമകനുമായി.
നിയമസഭാ തിരഞ്ഞെടുപ്പ് ജയിച്ചെങ്കിലും 94 വരെ കോര്പറേഷന് കൗണ്‍സിലറായും തുടര്‍ന്നു. അന്ന് രണ്ടു പദവികള്‍ ഒരുമിച്ചു വഹിക്കുന്നതിനു തടസ്സമുണ്ടായിരുന്നില്ല. 96-ലും 2001-ലും മലപ്പുറം മണ്ഡലത്തില്‍ നിന്നു വിജയിച്ച മുനീര്‍ 2001-ല്‍ പൊതുമരാമത്ത് മന്ത്രിയായി.
തദ്ദേശ തിരഞ്ഞെടുപ്പിലൂടെ പൊതുജീവിതം തുടങ്ങുകയും ഒരേ സമയം എംഎല്‍എയും കോര്പറേഷന് കൗണ്‍സിലറും ആയിരിക്കുകയും ചെയ്ത മുനീര്‍ 2011 ലെ യുഡിഎഫ് മന്ത്രിസഭയില്‍ തദ്ദേശ വകുപ്പ് മന്ത്രിയുമായി.
https://www.facebook.com/Malayalivartha