മലയോര ഗ്രാമമായ കഞ്ഞിക്കുഴിയില്‍ പ്രചരിക്കുന്നത് സ്ഥാനാര്‍ഥിയും തെരുവുനായയും തമ്മിലുള്ള അപൂര്‍വസൗഹൃദത്തിന്റെ കഥ
മലയോര ഗ്രാമമായ കഞ്ഞിക്കുഴിയില്‍ തെരഞ്ഞെടുപ്പു ചൂടിലും പ്രചരിക്കുന്നത് സ്ഥാനാര്‍ഥിയും തെരുവുനായയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ്. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ അംഗവും നിലവില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ തൂങ്ങാല ജോസ് എന്ന് വിളിക്കുന്ന ടി.കെ. ജോസും അദ്ദേഹം അപകടത്തില്‍നിന്നു രക്ഷിച്ച തെരുവുനായയുമാണ് കഥാപാത്രങ്ങള്‍.
നാലുവര്‍ഷം പഴക്കമുണ്ട് ജോസും തെരുവുനായയുമായുള്ള സൗഹൃദത്തിന്. വാഹനംതട്ടി വഴിവക്കില്‍ കിടന്ന നായയെ ജോസ് തന്റെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചതോടെയാണ് അപൂര്‍വ സൗഹൃദത്തിനു തുടക്കമായത്. മാസങ്ങള്‍ നീണ്ട പരിചരണത്തിനൊടുവില്‍ കാലിലെ പരുക്കു മാറിയതോടെ നായ ജോസിന്റെ സന്തതസഹചാരിയായി. നായയ്ക്കു കുഞ്ഞ് എന്നു ജോസ് പേരുമിട്ടു.
കോവിഡ് ഭീതിയില്‍ ലോട്ടറിക്കടകള്‍ പൂട്ടുന്നതുവരെ കഞ്ഞിക്കുഴിയില്‍ ലോട്ടറി വ്യാപാരം നടത്തിയിരുന്ന ജോസിന്റെ മൂന്നു കടകളുടെയും കാവലാളായിരുന്നു കുഞ്ഞ്.
കടകള്‍ പൂട്ടിയതോടെ നായയുടെ ജീവിതവും വഴിമുട്ടി. അതോടെ കഞ്ഞിക്കുഴിയില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ ജോസിന്റെ വീട്ടിലേക്കായി കുഞ്ഞിന്റെ യാത്ര. രാവിലെയും വൈകിട്ടും വീട്ടിലെത്തുന്നതു കക്ഷി മുടക്കാറേയില്ല. പ്രചാരണത്തിരക്കിനെ തുടര്‍ന്ന് രണ്ടുദിവസം ജോസിനെ കാണാതിരുന്നതോടെ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചതായി വീട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha