തെളിവെടുപ്പിന് എത്തിച്ചപ്പോൾ ഒരു കുറ്റബോധമില്ലാതെയും അവൻ വിശദീകരിച്ചു... അരുംകൊലയുടെ ചുരുൾ ഓരോന്നായി അഴിച്ചത് നാട്ടുകാർക്കും പോലീസിനും മുൻപിൽ; ഉണങ്ങി തുടങ്ങിയ രക്ത കളത്തിൽ ചവിട്ടി അവൻ നടന്നത് മുകളിലത്തെ മുറിയിലേക്ക്... 22 കുത്ത് കുത്തി അവൻ ദൃശ്യയെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഒരു ഭാവഭേദവുമില്ല... ആക്രമണത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി! ഒരു മണിക്കൂർ സമയം വിനീഷ് ദൃശ്യയുടെ വീട്ടിൽ ചെലവഴിച്ചിട്ടുണ്ടെന്ന് പൊലീസ്; കുറ്റകൃത്യം നടത്തിയത് വിനീഷ് തനിച്ചാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം

പ്രണയം നിരസിച്ചതിന് മലപ്പുറം പെരിന്തല്‍മണ്ണയില്‍ കുത്തേറ്റ് മരിച്ച ദൃശ്യയുടെ അച്ഛന്‍റെ കടയ്ക്ക് തീയിട്ടത് പ്രതി വിനേഷ് തന്നെയെന്ന് പൊലീസ്. ഇന്നലെ സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും വിനേഷിനെ ചോദ്യം ചെയ്‌ത ശേഷമാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊലപാതകം നടന്ന വീട്ടിലേയ്ക്ക് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചു.
കുറ്റകൃത്യം വിനീഷ് ഒറ്റയ്ക്ക് തന്നെയാണ് ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ദൃശ്യയെ കൊല്ലുമെന്ന് വിനീഷ് ചിലരോട് പറഞ്ഞിരുന്നുവെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും ഡിവൈഎസ്പി കെ എം ദേവസ്യ പറഞ്ഞു.
വിനീഷിനെ കസ്റ്റഡിയിൽ കിട്ടാൻ ഇന്ന് പൊലീസ് അപേക്ഷ നൽകും. ആരുടെയെങ്കിലും പ്രേരണ വിനീഷിനുണ്ടായിരുന്നോ എന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്.
അടുക്കള വാതിലിലൂടെയാണ് വിനീഷ് വീട്ടിനകത്തേക്ക് കയറിയത്. മുകളിലത്തെ നിലയിൽ പോയ ശേഷം ദൃശ്യ അവിടെയല്ല കിടക്കുന്നത് എന്ന് മനസിലാക്കിയ വിനീഷ് തിരികെ താഴത്തെ നിലയിലെത്തി. താഴത്തെ നിലയിലെ മുറിയിലായിരുന്നു പെൺകുട്ടി ഉറങ്ങിയിരുന്നത്.
കയ്യിൽ ഒരു കത്തിയുണ്ടായിരുന്നെങ്കിലും ദൃശ്യയുടെ വീട്ടിൽ തന്നെയുള്ള ഒരു കത്തിയെടുത്താണ് ആക്രമണം നടത്തിയത്. കയ്യിൽ കരുതിയ കത്തിക്ക് മൂർച്ചയുണ്ടായിരുന്നില്ലെന്നാണ് വിനീഷ് പൊലീസിനോട് പറഞ്ഞത്. ഓടി രക്ഷപ്പെടുന്നതിനിടെ ഈ കത്തി നഷ്ടപ്പെട്ടു, ഇത് കണ്ടെത്തേണ്ടതായിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തിയിരുന്നു.
ഒരു മണിക്കൂർ സമയം വിനീഷ് ദൃശ്യയയുടെ വീട്ടിൽ ചെലവഴിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ സമയം എന്തൊക്കെ ചെയ്തുവെന്ന് പൊലീസ് വിനീഷിൽ നിന്ന് മനസിലാക്കുകയാണ്. കൊലപാതകത്തിനെത്തിയപ്പോൾ ധരിച്ച ചെരിപ്പ് പെൺകുട്ടിയുടെ വീട്ടിൻ്റെ ടെറസിൽ ഇട്ടിട്ടുണ്ടെന്നും വിനീഷ് മൊഴി നൽകിയിട്ടുണ്ട്.
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാണ് 21കാരിയെ വീട്ടില്‍കയറി വെട്ടിക്കൊന്നത്. ആക്രമണം തടയാൻ ശ്രമിക്കവെയാണ് ദൃശ്യയുടെ സഹോദരി ദേവശ്രീക്ക് കുത്തേറ്റത്. ഇവരുടെ അച്ഛന്‍റെ കടക്ക് തീവച്ച് ശ്രദ്ധ മാറ്റിയായിരുന്നു യുവാവ് പെൺകുട്ടികളെ ആക്രമിക്കാൻ വീട്ടിലെത്തിയത്. കുത്തേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീ അപകടനില തരണം ചെയ്തു.
https://www.facebook.com/Malayalivartha