'കഴിഞ്ഞു പോയ ഓരോ ജൂൺ 16 കളും ഓരോ സങ്കടങ്ങളാണെന്ന് തോന്നാറുണ്ട്... എന്നാൽ ഇക്കുറി ജിനുവിൽ നിന്ന് പ്രിയയിലേക്ക് പൂർണ്ണമായും മാറിയ ശേഷമുളള ഈ ജൻമദിനത്തിൽ ഏറിയ വയസ്സിനേക്കാൾ ആത്മവിശ്വാസത്തെയാണ് ഞാൻ കാണുന്നത്....' വൈറലായി കുറിപ്പ്
പിറന്നാള്‍ ദിനം തനിക്ക് നല്‍കിയ പുതിയ സന്തോഷത്തെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ ഹൃദ്യമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടര്‍. ജൂണ്‍ പതിനാറെന്ന പിറന്നാള്‍ ദിനം തനിക്ക് ഭയപ്പാടുകളുടേതായിരുന്നു എന്നും കുറിക്കുകയാണ്. എന്നാല്‍ ഇക്കുറി സന്തോഷങ്ങളുടേയും അംഗീകാരങ്ങളുടേയും നടുവില്‍ നിന്നുകൊണ്ടാണ് ജന്മദിനം ആഘോഷിക്കുന്നത്. ജിനുവില്‍ നിന്ന് പ്രിയയിലേക്ക് പൂര്‍ണ്ണമായും മാറിയ ശേഷമുളള ഈ ജന്‍മദിനത്തില്‍ ഏറിയ വയസ്സിനേക്കാള്‍ ആത്മവിശ്വാസത്തെയാണ് താന്‍ കാണുന്നതെന്നും പ്രിയ പിറന്നാള്‍ കുറിപ്പില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ:
പ്രിയയുടെ ആദ്യത്തെ ജൂൺ പതിനാറ്...
കഴിഞ്ഞ പിറന്നാൾ വരെ എന്റെ മുഖം FB യിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും പോസ്റ്റ് ചെയ്യാനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല. കഴിഞ്ഞ പിറന്നാളിന് മാസ്ക്കിട്ട ജന്മദിനം എന്ന പേരിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഈ വർഷം ജൂൺ 16 ആകുമ്പോഴേക്കും അതേ മുഖം ദേശീയ മാധ്യമങ്ങളിൽവരെ എത്തി നിൽക്കുന്നു. ഒരു വർഷം കൊണ്ട് ജീവിതം വല്ലാതെ മാറിയിരിക്കുന്നു.
കഴിഞ്ഞ വർഷത്തെ മാനസികമായ അരക്ഷിതാവസ്ഥകളിൽ നിന്ന് ജീവിതത്തിന്റെ വർണ്ണങ്ങൾ തിരയുന്ന ഒരു കൗമാരക്കാരിയുടെ കൗതുകങ്ങളിലേക്ക് എന്റെ ചിന്തകൾ എത്തി നിൽക്കുമ്പോൾ പ്രിയയുടെ ആദ്യത്തെ ജൂൺ 16 ഒരു സന്തോഷമാവുകയാണ്. പൊതുവിൽ ജൂൺ പതിനാറുകളെ എനിക്ക് ഭയമായിരുന്നു; വയസ്സു കൂട്ടുന്ന ഒരു ദിനം എന്നതിലുപരി പ്രത്യേകതകളൊന്നും ഈ ദിവസത്തിനുളളതായി തോന്നിയിട്ടില്ല.
എന്റെ FB വാൾ ചികയുമ്പോൾ കഴിഞ്ഞു പോയ ഓരോ ജൂൺ 16 കളും ഓരോ സങ്കടങ്ങളാണെന്ന് തോന്നാറുണ്ട്... എന്നാൽ ഇക്കുറി ജിനുവിൽ നിന്ന് പ്രിയയിലേക്ക് പൂർണ്ണമായും മാറിയ ശേഷമുളള ഈ ജൻമദിനത്തിൽ ഏറിയ വയസ്സിനേക്കാൾ ആത്മവിശ്വാസത്തെയാണ് ഞാൻ കാണുന്നത്. എന്നെ ഞാനാക്കിയ എല്ലാവർക്കും, എന്നെ ഞാനായി കാണുന്ന എല്ലാവർക്കും, ഈ ഒന്നാം പിറന്നാളിന്റെ സ്നേഹമധുരം ഞാൻ സമർപ്പിക്കുന്നു.
സസ്നേഹം പ്രിയ
https://www.facebook.com/Malayalivartha