ഈ പാവം പെണ്‍കുട്ടികളെ സഹായിക്കാനാരുമില്ലേ? പെണ്‍കുട്ടികളുടെ ഫേസ്ബുക്കില്‍ ചാറ്റ് ചെയ്ത 66 പേരെയും ചോദ്യം ചെയ്തു എങ്കിലും എല്ലാം ശൂന്യം; ഒന്നും പറയാതെ ഗുരുതരമായി ആര്യ

കോന്നിയിലെ പ്ലസ്ടു വിദ്യാര്‍ഥിനികളുടെ തിരോധാനവും മരണവും സംബന്ധിച്ച ദുരൂഹത ഇപ്പോഴും തുടരുന്നു. ആദ്യ അന്വേഷണ സംഘം പരാജയമായതോടെ എംഎസ്പി കമന്‍ഡാന്റ് ഉമ ബഹ്‌റയുടെ നേതൃത്വത്തില്‍ രൂപീകരിച്ച വനിത ഉദ്യോഗസ്ഥരുടെ സംഘം പുതിയ അന്വേഷണം ഉടന്‍ ഏറ്റെടുക്കും. എഡിജിപി ബി.സന്ധ്യയുടെ മേല്‍നോട്ടത്തിലുള്ള സംഘത്തിന്റെ പൂര്‍ണരൂപം ഇന്നു പുറത്തുവരും.
പോലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന പരാതി ബന്ധുക്കള്‍ തന്നെ ഉന്നയിച്ചു കഴിഞ്ഞു. ഇതിനിടെ ഐജി മനോജ് ഏബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ ഇതേവരെ നടത്തിവന്ന അന്വേഷണത്തിന്റെ ഭാഗമായി നൂറിലധികം പേരില്‍ നിന്നു വിവരശേഖരണം നടത്തിയെങ്കിലും പെണ്‍കുട്ടികളുടെ തിരോധാനവും മരണവുമായി ബന്ധപ്പെട്ട കാര്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കുട്ടികളുടെ സ്വഭാവം, ബന്ധങ്ങള്‍ എന്നിവയെക്കുറിച്ചു മാത്രമാണ് വിവരശേഖരണം ഉണ്ടായിട്ടുള്ളത്. പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന ആര്യ ഫേസ് ബുക്കില്‍ സജീവമായിരുന്നുവെന്ന് വ്യക്തമായി. ആര്യ അമ്മു എന്ന അക്കൗണ്ടില്‍ ആര്യക്കുണ്ടായിരുന്ന സുഹൃദ് വലയത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചിരുന്നു.
ഇത്തരത്തില്‍ 66 പേരില്‍ നിന്നു വിവരം തേടിയതായി പറയുന്നു. സ്വന്തമായി ഫോണ്‍ ഇല്ലാതിരുന്നതിനാല്‍ മറ്റു കുട്ടികളുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ സജീവവുമല്ലായിരുന്നു. ബന്ധുക്കളുടെ ഫോണില്‍കൂടി ഇവര്‍ പരസ്പരം സന്ദേശങ്ങള്‍ കൈമാറാന്‍ മാത്രമാണ് ആതിരയും രാജിയും ഫേസ്ബുക്ക് ഉപയോഗിച്ചിരുന്നത്. മറ്റു പലരുമായുള്ള സൗഹൃദം ഫേസ്ബുക്കിലൂടെ മാത്രമായിരുന്നു. പലരും നേരില്‍ കണ്ടിട്ടുപോലുമുള്ളവരല്ല. പെണ്‍കുട്ടികള്‍ സ്ഥിരമായി യാത്ര ചെയ്യുന്ന ബസിലെ ജീവനക്കാര്‍, സ്‌കൂളിലെ അടുത്ത കൂട്ടുകാര്‍, അയല്‍വാസികള്‍ എന്നിവരുള്‍പ്പെടെയാണ് നൂറിലധികം പേരില്‍ നിന്നു വിവരങ്ങള്‍ തേടിയിരിക്കുന്നത്.
കോന്നിയില്‍ നിന്നും മാവേലിക്കരയിലെത്തിയ കുട്ടികള്‍ ഉപയോഗിച്ച ഫോണിന്റെ ഉടമയായ വ്യാപാരിയില്‍ നിന്നും വീണ്ടും മൊഴിയെടുത്തു. കുട്ടികളെ ട്രെയിനില്‍ കണ്ടതായി പറയുന്ന അടൂര്‍, എറണാകുളം സ്വദേശികളില്‍ നിന്നും വിവരശേഖരണം നടത്തിയിരുന്നു.
രാത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കാന്‍ മന്ത്രിമാരും കളക്ടറും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും സമ്മര്‍ദം ചെലുത്തിയെന്ന ആരോപണവും പുറത്തു വന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സര്‍ജന്‍ പിറ്റേന്നു മുതല്‍ അവധിയിലായതിനാല്‍ തലേന്നു പോസ്റ്റ്‌മോര്‍ട്ടത്തിന് ആദ്യം വിസമ്മതം പ്രകടിപ്പിച്ചിരുന്നു. സര്‍ജന്‍ നല്‍കിയ വിവരം അനുസരിച്ച് വീഴ്ചയിലെ ക്ഷതമാണ് പെണ്‍കുട്ടികളുടെ മരണകാരണമെന്നു പറയുന്നു. ലൈംഗികമായ ചൂഷണം ഉണ്ടായിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്.
ബാംഗ്ലൂരിലെ ലാല്‍ബാഗിലെ വീഡിയോയില്‍ ഈ പെണ്‍കുട്ടിയോടൊപ്പം ആണ്‍കുട്ടികളെ ആരും കണ്ടതുമില്ല. പക്ഷെ കഴിഞ്ഞ ഒമ്പതിന് ഡല്‍ഹിയിലേക്കു പോകാനാഗ്രഹിച്ച കുട്ടികള്‍ ട്രെയിന്‍ മാറിക്കയറിയതോടെ മാവേലിക്കരയില്‍ ഇറങ്ങി പിന്നീട് ബസ് മാര്‍ഗം എറണാകുളത്തെത്തി ബാഗളൂരിലേക്കു യാത്ര മാറ്റിയതിലുള്ള കാരണമാണ് കണ്ടെത്താനുള്ളത്. ബാംഗളൂരില്‍ പോയി 11ന് എറണാകുളത്തു മടങ്ങിയെത്തിയ കുട്ടികള്‍ വീണ്ടും ഇവിടേക്കു തന്നെ തിരിക്കണമെങ്കില്‍ ആരെങ്കിലും പ്രചോദനം നല്‍കിയിട്ടുണ്ടോയെന്നു കണ്ടെത്തണം. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇതിലുള്ള ശ്രമം നടത്തിയെങ്കിലും യാത്രയില്‍ ഇവര്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലാത്തതിനാല്‍ സാധ്യമല്ലെന്നായി.
ഇനിയുള്ള ഏക ആശ്രയം ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴിയാണ്. എന്നാല്‍ ട്രെയിനില്‍ നിന്നു ചാടി ഗുരുതരമായി പരുക്ക് പറ്റിയ ആര്യയുടെ നില ഗുരുതരമായി തുടരുകയാണ്. ആര്യയുടെ നില വെള്ളിയാഴ്ച രാത്രിയോട ഗുരുതരമാവുകയായിരുന്നെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ആര്യയ്ക്ക് ന്യുമോണിയ ബാധ സ്ഥിരീകരിക്കുകയും ഇതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്ന് കുട്ടിയെ മാറ്റാനുള്ള നീക്കം ഉപേക്ഷിച്ചെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മരുന്നകളോട് ആര്യയുടെ ശരീരം പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മുമ്പ് പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടെന്നും കുട്ടിയെ പോലീസ് ചോദ്യം ചെയ്‌തേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























