മകന്റെ മരണ ശേഷം അമ്മയുടെ അവസ്ഥ വളരെ മോശമാണെന്ന് ഷാരോണിന്റെ പിതാവ്: മകൻ മരിച്ചപ്പോൾ ഒപ്പം ഞങ്ങളും മരിച്ചു.... ഷാരോണിന്റെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ...

കേരള മനസാക്ഷിയെ തന്നെ പിടിച്ചുലച്ച സംഭവമായിരുന്നു പാറശാല ഷാരോൺ വധക്കേസ്. ഒന്നരവർഷത്തെ പ്രണയം സൈനികനുമായുള്ള വിവാഹ ബന്ധത്തിന് വേണ്ടി അവസാനിപ്പിക്കാൻ കാമുകി തിരഞ്ഞെടുത്തത് കഷായത്തിൽ കീടനാശിനി ചേർത്ത് നൽകി കൊലപ്പെടുത്തുക എന്നുള്ളതായിരുന്നു. വിചാരണത്തടവുകാരായി ജയിലിൽക്കഴിയുന്ന ഗ്രീഷ്മയുൾപ്പടെയുള്ള പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ മൂന്നു ദിവസം ബാക്കിനിൽക്കേയാണ് നെയ്യാറ്റിൻകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഡിവൈ.എസ്.പി. വി.ടി.രാശിത്തും സംഘവും ബുധനാഴ്ച കുറ്റപത്രം സമർപ്പിച്ചത്.
കുറ്റപത്രം സ്വീകരിച്ച മജിസ്‌ട്രേറ്റ് എം.യു.വിനോദ് ബാബു കൂടുതൽ വാദം കേൾക്കാനായി കേസ് ഇന്നത്തേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. പ്രതികളായ ദേവിയോട് രാമവർമൻചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവൻ നിർമ്മല കുമാരൻ എന്നിവർ ജയിലിലാണ്. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ സ്വാഭാവിക ജാമ്യത്തിന് പ്രതികൾ അർഹരാവും. ഇതു മുൻനിർത്തിയാണ് നിശ്ചിത കാലാവധിക്കു മുമ്പ്, 87-ാം ദിവസം പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
അതേ സമയം മകനെ നഷ്ടപ്പെട്ടെന്ന് ഉൾക്കൊള്ളാനാവാതെ വിങ്ങുകയാണ് ഷാരോണിന്റെ മാതാപിതാക്കൾ. മകന്റെ മരണശേഷം അമ്മയുടെ അവസ്ഥ വളരെ മോശമാണെന്ന് ഷാരോണിന്റെ പിതാവ് പറയുന്നു. മാനസികമായി തകർന്ന അമ്മയെ പലതവണ ആശുപത്രിയിൽ കൊണ്ടുപോകേണ്ടി വന്നു. എന്തിനുവേണ്ടി ഞങ്ങളുടെ മകനെ ഇപ്പോഴും കൊന്നുവെന്ന് മനസിലാകുന്നില്ലെന്ന് കണ്ണുനീരോടെ ഈ പിതാവ് ചോദിക്കുന്നു. ആത്മാർത്ഥമായി സ്നേഹിച്ചതിന് കൊന്നുകളഞ്ഞുവെന്ന്, കണ്ഠമിടറി ആ പിതാവ് പറയുന്നു. മകൻ മരിച്ചപ്പോൾ ഒപ്പം ഞങ്ങളും മരിച്ചു. ജീവനുള്ള ശരീരങ്ങൾ മാത്രമാണ് ബാക്കിയെന്നും കണ്ണീരോടെ അദ്ദേഹം പറയുന്നു. ഷാരോണിന്റെ സുഹൃത്തുക്കളും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ളവരും വിളിക്കാറുണ്ട്. ഈ കേസിൽ സത്യം തെളിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നതായും പറഞ്ഞു.
ഷാരോണിനെ പ്രതികൾ കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്ന് 62 പേജുള്ള കുറ്റപത്രത്തിൽ പറയുന്നുണ്ട്. കൊലപാതകം(302), കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടുപോകൽ(364), വിഷം നൽകി കൊലപ്പെടുത്തൽ(328), തെളിവുനശിപ്പിക്കൽ(201), കുറ്റം ചെയ്തതു മറച്ചുവയ്ക്കൽ(203) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇതിനൊപ്പം ആയിരത്തഞ്ഞൂറോളം പേജുകളുള്ള രേഖകളും അനുബന്ധ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്. ഷാരോൺ ആശുപത്രിയിൽ ചികിത്സ തേടിയതുമുതൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഗ്രീഷ്മയെ സംശയമുണ്ടായിരുന്നു. ഗ്രീഷ്മയുടെ വീട്ടിൽനിന്ന് ഷാരോൺ പുറത്തേക്ക് അവശനായാണ് എത്തിയതെന്ന സുഹൃത്തിന്റെ മൊഴിയാണ് കേസിൽ നിർണായകമായത്.
ഷാരോൺ ആശുപത്രിയിൽവെച്ച് ഗ്രീഷ്മയ്ക്ക് അനുകൂലമായാണ് മൊഴിനൽകിയതെങ്കിലും ഇരുവരും തമ്മിലെ തുടർന്നുള്ള സംസാരം സുഹൃത്തുക്കളും ബന്ധുക്കളും പരമാവധി മൊബൈൽഫോണിൽ റെക്കോഡ് ചെയ്തു. ഇതു തെളിവുകളാക്കി അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലെത്തിച്ചു. ഷാരോണിന്റെ മൊബൈൽഫോണിൽനിന്ന് ഇവർ തമ്മിലുള്ള ചാറ്റുകൾ കണ്ടെത്തി പോലീസിനും മാധ്യമങ്ങൾക്കും നൽകിയത് ബന്ധുക്കളാണ്. ഈ ചാറ്റുകളിൽ ഷാരോണിനു കഷായം നൽകിയതായി ഗ്രീഷ്മ ഷാരോണിനോടു സമ്മതിക്കുന്നതടക്കമുള്ളവ ഉണ്ടായിരുന്നതാണ് കേസിൽ വലിയ വഴിത്തിരിവായത്.
ഗ്രീഷ്മയുമായിട്ടുള്ള കൂടിക്കാഴ്ചകളും യാത്രകളും ഷാരോണും ഫോണിൽ ചിത്രീകരിച്ചിരുന്നു. ഇതു പരിശോധിച്ചപ്പോഴാണ് ജ്യൂസ് ചലഞ്ച് നടത്തിയതടക്കം തെളിവുകളായി മാറിയത്. പ്രതികളെ പിടികൂടി നിശ്ചിതസമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച പോലീസ് ഉദ്യോഗസ്ഥരോടും ഇതിനുവേണ്ടി പിന്തുണ നൽകിയ എല്ലാവരോടും ഷാരോണിന്റെ ബന്ധുക്കൾ നന്ദി അറിയിച്ചു. കേസിലെ പ്രതികൾക്ക് കോടതിയിൽനിന്നു പരമാവധി ശിക്ഷ വാങ്ങിനൽകാനുള്ള ശ്രമമായിരിക്കും ഇനി നടത്തുകയെന്ന് ഷാരോണിന്റെ സഹോദരൻ ഷിമോൻ പറഞ്ഞു. കേസിന്റെ ആരംഭഘട്ടത്തിൽ പോലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെങ്കിലും തുടർന്ന് പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണവും നടപടികളും പ്രശംസ അർഹിക്കുന്നതായി ബന്ധുക്കൾ പ്രതികരിച്ചു.
https://www.facebook.com/Malayalivartha