കനൽ താണ്ടി വന്നവൻ ഡാ..!റോബിൻ കാ ഹുകും...!വീണ്ടും ഇറങ്ങുന്നു..!
റോബിന്‍ ബസിനു പിന്നാലെ ഓടുകയാണ് കേരള തമിഴ്നാട് എംവിഡിയും ഉദ്യോഗസ്ഥരും. ഒപ്പം നാട്ടുകാരും സോഷ്യല്‍മീഡിയയും ഓരോ കൂട്ടമായി നിന്ന് തമ്മില്‍ത്തല്ലും തുടങ്ങി. എന്നും റോബിനൊപ്പമെന്ന് ഒരു കൂട്ടര്‍. അല്ല നിയമം പാലിക്കലാണ് പ്രധാനമെന്ന് മറ്റൊരു കൂട്ടര്‍ . ആകെ അവ്യക്തതകള്‍. എന്താണ് റോബിന്‍ ബസ് ചെയ്ത തെറ്റ്, എംവിഡി ഇങ്ങനെ വിടാതെ തുടരുന്നതെന്തിന്? ഇങ്ങനെ ഒരുപാട് സംശയങ്ങള്‍. ആദ്യം റോബിന്റെ പോരാട്ടയാത്ര നോക്കാം.
∙ ഓഗസ്റ്റ് 30– റോബിൻ ബസ് പത്തനംതിട്ട–കോയമ്പത്തൂർ സർവീസ് ആരംഭിച്ചു.രണ്ടു ദിവസം സർവീസ് നടത്തി
∙ സെപ്റ്റംബർ 01– റാന്നി ബസ് സ്റ്റാൻഡില്‍വെച്ച് എംവിഡി ഉദ്യോഗസ്ഥർ ബസ് പരിശോധിച്ചു, ഫിറ്റ്നസ് റദ്ദാക്കി
∙ വൈപ്പർ ബ്ലേഡിനു കനം കുറവ്, മഡ്ഫ്ലാപ് നട്ട് അയഞ്ഞുകിടക്കുന്നു, ബ്രേക്ക് ചവിട്ടിയാൽ എയർ ശബ്ദം , ഫുട് റെസ്റ്റിന്റെ റബറിനു തേയ്മാനം അങ്ങനെ പല പ്രശ്നങ്ങൾ മൂലം ഫിറ്റ്നസ് നഷ്ടപ്പെട്ടു.
∙ 45 ദിവസമെടുത്തു, ഫുൾ ഫിറ്റായി റോബിൻ ഫിറ്റ്നെസ് ടെസ്റ്റ് പാസായി.
∙ ഒക്ടോബർ 16– വീണ്ടും സർവീസ് തുടങ്ങി, മോട്ടോർ വെഹിക്കിൾ ആക്ട് ‘സെക്‌ഷൻ റൂൾ 207’ പ്രകാരം, ‘വയലേഷൻ ഓഫ് പെർമിറ്റ്’ എന്നുപറഞ്ഞ് ബസ് പിടിച്ചെടുത്തു. ബസ് ഉടമയ്ക്കു തിരികെ നൽകണമെന്നു റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ്, ബസ് പിന്നെ ഉടമ ഗിരീഷിലേക്ക്. ഇതിനു ശേഷമാണ് ഈ മാസം റോബിൻ വീണ്ടും എല്ലാ നിയമവശങ്ങളും സംരക്ഷിച്ചെന്ന അവകാശവാദത്തോടെ വീണ്ടും നിരത്തിലിറങ്ങിയത്. എന്നാൽ ഒട്ടും വിട്ടുകൊടുക്കാതെ എംവിഡിയും റോബിനു പിന്നാലെ പായുന്നു.
റോബിന്റെ നിയമവശം
ഇന്ത്യ– ടൂറിസ്റ്റ് വെഹിക്കിള്‍ നിയമത്തില്‍ വന്ന ചില ഇളവാണ് ഈ പ്രശ്നത്തിനെല്ലാം ഇപ്പോള്‍ കാരണമായിരിക്കുന്നത്. 1989ല്‍ വന്ന നിയമത്തില്‍ രണ്ടു കാര്യങ്ങളാണ് പ്രധാനമായും പറയുന്നത്.
1 കോണ്‍ട്രാക്ട് കാര്യേജ്
2 സ്റ്റേജ് കാര്യേജ്
ഓരോ സ്റ്റോപ്പുകളിൽ നിന്നും ആളെയെടുത്ത് സർവീസ് നടത്തുന്ന ബസുകൾ സ്റ്റേജ് കാര്യേജിലും ഒരു കൃത്യമായ പോയിന്റിൽ നിന്നും നിശ്ചിത സ്ഥലത്തേക്ക് മാത്രം സർവീസ് നടത്തുന്ന ബസുകൾ കോൺട്രാക്ട് കാര്യേജിലും പെടുന്നു. കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകൾ സ്റ്റേജ് കാര്യേജിലാണ് ഉൾപ്പെടുന്നത്. സ്വകാര്യബസുകളും സര്‍വീസ് നടത്തുന്നത് ഇത്തരത്തില്‍ പ്രത്യേക റൂട്ട് കിട്ടി അനുമതി വാങ്ങിയാണ്. കോൺട്രാക്ട് കാര്യേജിൽ ഒരു വ്യക്തിയോ അല്ലെങ്കില്‍ ഒരു കൂട്ടം ആളുകളോ ഒരു പ്രത്യേക ബസ് വാടകക്കെടുത്ത് യാത്ര ചെയ്യുന്നു. റോബിൻ ബസ് കോൺട്രാക്ട് കാര്യേജ് പെർമിറ്റുള്ള ബസാണ് . നിലവിലെ പ്രശ്നത്തിനടിസ്ഥാനം നിയമത്തിൽ വന്ന മാറ്റമാണ്.
ഈ വര്‍ഷം മെയില്‍ വന്ന നിയമമനുസരിച്ച് , കോണ്‍ട്രാക്ട് കാര്യേജ് നടത്തുന്ന ബസുകള്‍ക്ക് സ്റ്റേജ് കാര്യേജ് നടത്താന്‍ പാടില്ല എന്ന നിബന്ധന എടുത്തുകളഞ്ഞു. ഒപ്പം ഒറ്റത്തവണ മൂന്നു ലക്ഷം രൂപ അതായത് കേന്ദ്രനിയമമനുസരിച്ചും അതാത് സംസ്ഥാനത്തിന്റെ നിയമമനുസരിച്ചും നികുതി അടച്ച് കഴിഞ്ഞാല്‍ ഇന്ത്യയിലെവിടെയും സര്‍വീസ് നടത്താമെന്നാണ് പുതിയ നിയമം പറയുന്നത്. ഇങ്ങനെ 30ഓളം ബസുകള്‍ കേന്ദ്രസംസ്ഥാന നികുതി അടച്ച് സര്‍വീസ് നടത്തുന്നുവെന്നാണ് റോബിന്റെ വാദം. കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്ക് സ്റ്റേജ് കാര്യേജ് നടത്താനാകുമോ ഇല്ലയോ എന്നതാണ് ഉയരുന്ന പ്രശ്നം.
ടൂറിസ്റ്റ് ബസുകൾ ലോക്കൽ സർവീസിനായി നിരത്തിലിറങ്ങിയാൽ അതുണ്ടാക്കുന്ന പ്രത്യാഘാതം പലതാകും. സ്വകാര്യ ബസ് സർവീസിനെയും പൊതുഗതാഗതത്തെയാകമാനം ഇരുട്ടിലാക്കുമെന്നതാണ് ആശങ്ക. റജിസ്ട്രേഷൻ, ഫിറ്റ്നസ്, ഇൻഷൂറൻസ്, പെർമിറ്റ് സർവീസ് സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിൽ ഏത് ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർക്കും തോന്നുംപടി സർവീസ് നടത്താമെന്നത് നിലവിലെ വ്യവസ്ഥിതിയെ താളംതെറ്റിക്കുമെന്നതിലും സംശയമില്ല.
ഉടമ ഗിരീഷിന്റെ വാദം
നിയമം കൃത്യമായി പാലിച്ചാണ് ഇപ്പോൾ തന്റെ റോബിൻ പുറത്തിറങ്ങുന്നതെന്ന് കടുപ്പിച്ചു പറയുന്നു ഉടമ ഗിരീഷ്. സർക്കാറിൽ അടക്കാനുള്ള തുക അടച്ചു കഴിഞ്ഞു. ഉദ്യോഗസ്ഥർ പക പോക്കുകയാണെന്നാണ് ഗിരീഷ് ആവർത്തിക്കുന്നത്. 1999ലാണ് ഗിരീഷ് സ്വകാര്യബസ് ഉടമയാകുന്നത്. എരുമേലി–എറണാകുളം എക്സ്പ്രസ് സർവീസ് വിലകൊടത്തു വാങ്ങി. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി 11 സർവീസുകൾ. 2007ൽ ബൈക്ക് അപകടം, ഒരു കാലിന്റെയും കൈയുടേയും ചലനശേഷി നഷ്ടപ്പെട്ടു. 2014ൽ ദീർഘദൂര സർവീസുകൾ സർക്കാർ ഏറ്റെടുത്തതോടെ 5 ബസുകൾ വിറ്റു. കോവിഡ് വന്നതോടെ എരുമേലി – എറണാകുളം സർവീസ് മാത്രമായി. നിലവിൽ പുതിയ ബസ് വാങ്ങിയാണു പത്തനംതിട്ട – കോയമ്പത്തൂർ സർവീസ് തുടങ്ങിയത്.
https://www.facebook.com/Malayalivartha