പോർകളത്തിൽ പിണറായി ഒറ്റയ്ക്ക്: സഖാക്കളുടെ നെഞ്ചിൽ ഉലയുന്ന കനൽ...

സി പി എം സമ്മേളനം അവസാന ലാപ്പിലേക്ക് നീങ്ങുമ്പോൾ സമ്മേളന പന്തലിൽ നടക്കുന്ന പിണറായി സ്തുതികൾക്ക് ശേഷം പുറത്തു വരുന്ന സഖാക്കളുടെ നെഞ്ചിൽ ഉലയുന്ന ഒരു കനലുണ്ട്. അത് അവരുടെ ജീവനും ശ്വാസവുമായ പാർട്ടിയ്ക്ക് ചരമഗീതമെഴുതിയ ആധുനിക നേതാക്കളോടുള്ള അമർഷമാണ്. എന്നാൽ അത് പ്രകടിപ്പിച്ചാൽ തങ്ങൾക്ക് ടി - പി. ചന്ദശേഖരന്റെ ഗതിവരുമെന്ന് അവർക്കറിയാം. അതുകൊണ്ടാണ് അവർ മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച 'നവകേരളത്തിന്റെ പുതുവഴികള്‍' എന്ന നയരേഖയില്‍ ആശങ്ക പ്രകടിപ്പിച്ചത്.
പാര്‍ട്ടിയുടെ ആശയങ്ങളോടും നയങ്ങളോടും ചേര്‍ന്ന് നില്‍ക്കുന്നതാണോ രേഖയെന്ന് പരിശോധിക്കണമെന്നാണ് ചില പ്രതിനിധികൾ ആവശ്യപ്പെട്ടത്. ഫീസ് ഈടാക്കി സേവനം നല്‍കുന്നത് പാര്‍ട്ടി ലൈന്‍ ആണോയെന്ന് കോഴിക്കോട്ടുനിന്നുള്ള സമ്മേളന പ്രതിനിധി കെ.ടി. കുഞ്ഞിക്കണ്ണന്‍ ചോദിച്ചു. നയവ്യതിയാനം പശ്ചിമബംഗാളിലെ പാര്‍ട്ടിക്കുണ്ടാക്കിയ തകര്‍ച്ച ചൂണ്ടിക്കാട്ടിയാണ് പ്രതിനിധികള്‍ രേഖയില്‍ സംശയം പ്രകടിപ്പിച്ചത്. ആളുകളില്‍നിന്ന് ഫീസീടാക്കി സേവനം നല്‍കുന്നത് ശരിയാണോ? പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം നടപ്പിലാക്കിയാല്‍ തിരിച്ചടിയുണ്ടാവും. പാര്‍ട്ടി ശത്രുക്കള്‍ അത് ഉപയോഗിക്കുമെന്ന ആശങ്കയും പ്രതിനിധികള്‍ മുന്നോട്ടുവെച്ചു.
അതേസമയം, വികസന നയരേഖയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിശദീകരണം. ഇന്ന് പിണറായി വിജയന്റെ മറുപടിക്കുശേഷം രേഖ പ്രമേയമായി പാസാക്കും. തുടര്‍ന്ന് എല്‍.ഡി.എഫ്. ചര്‍ച്ച ചെയ്താവും നയങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുക.
പാർട്ടി ആധുനികമായെന്നും കേരളം ആധുനികമായെന്നും പറഞ്ഞ് ആശങ്ക പ്രകടിപ്പിച്ചവരെ ആശ്വസിപ്പിക്കുകയാണ് സി - പി എമ്മിന്റെ പഴയ നേതാക്കൾ. എന്നാൽ വളരെ പഴയ നേതാക്കൾക്കും ചില പുതിയ തലമുറ പ്രവർത്തകർക്കും ഇതൊന്നും ദഹിക്കുന്നില്ല. സിപിഎമ്മിൽ തിരുത്തൽ ശക്തികൾ ദുർബലമാകുന്നതിന്റെ നേർകാഴ്ച തുടങ്ങിയത് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുടെ പേരിലുണ്ടായ വിവാദത്തോടെയാണ്. ഇത് ഇടതുപക്ഷകേന്ദ്രങ്ങളില്‍ നടക്കുന്ന ചൂടുപിടിച്ച ചര്‍ച്ചയായി മാറി.
ഒടുവിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വിവാദമാണെന്ന പ്രതിരോധം തീർത്ത് സിപിഎം സംസ്ഥാന നേതൃത്വം രംഗത്തെത്തിയതോടെ ഇഴകീറിയുള്ള സ്വയം വിമർശനാത്മകമായ ചർച്ചകൾ ഒഴിവായി. പാർട്ടി പിന്തുടർന്ന നയങ്ങളിൽ വലിയൊരു മാറ്റത്തിനു കൂടിയാണ് അതോടെ കളമൊരുങ്ങിയത് . ആരോപണങ്ങൾ നേരിടുന്നവർ അന്വേഷണത്തെ നേരിടട്ടെ എന്ന മുൻ നിലപാട് വീണയ്ക്കുവേണ്ടി വഴിമാറിയെന്നായിരുന്നു ആക്ഷേപം. സംസ്ഥാന സെക്രട്ടേറിയറ്റിൽപോലും സ്വയം വിമർശനപരമായ ചർച്ചകള്‍ നടക്കാതെ വന്നതോടെ, എക്സാലോജിക് വിഷയത്തിൽ എതിരഭിപ്രായമുള്ളവർ നിശബ്ദരായി.
വിമര്‍ശന സ്വഭാവമുള്ള ചർച്ചകളിലൂടെ ഗുണകരമായ തീരുമാനമെടുത്തിരുന്ന പാർട്ടി നയമാണ് ദുർബലമാകുന്നതെന്ന അഭിപ്രായം രഹസ്യമായി പങ്കുവയ്ക്കുന്ന നേതാക്കളുണ്ട്. കമ്മിറ്റികളിൽ ഈ അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കുന്നവരില്ല. നിർണായക തീരുമാനമെടുക്കേണ്ട കേന്ദ്ര നേതൃത്വം ദുർബലരായി. രാജ്യത്ത് ഭരണത്തിലുള്ള ഏക സംസ്ഥാനത്തെ നേതൃത്വത്തെ അനുസരിപ്പിക്കാനുള്ള ശക്തി കേന്ദ്രനേതൃത്വത്തിനില്ല. മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ കേന്ദ്ര ഏജന്‍സി കേസെടുത്തപ്പോൾ, ബിനീഷ് അന്വേഷണം നേരിടട്ടെ എന്നായിരുന്നു പാർട്ടി നിലപാട്. ‘അന്വേഷണം നടക്കട്ടെ, തെറ്റു ചെയ്തെങ്കിൽ ശിക്ഷിക്കട്ടെ, പാർട്ടി ഇടപെടില്ല’ എന്നായിരുന്നു കോടിയേരിയുടെയും നിലപാട്. നേതൃത്വത്തിൽനിന്നും കാര്യമായ പിന്തുണ കോടിയേരിക്ക് ലഭിച്ചതുമില്ല.
വീണാ വിജയന്റെ പേരിൽ ആരോപണം ഉയർന്നപ്പോൾ പഴയ നിലപാടിനു പകരം ശക്തമായ പ്രതിരോധമാണ് പാർട്ടിയിൽനിന്നുണ്ടായത്. പാർട്ടി സെക്രട്ടേറിയറ്റ് തന്നെ പ്രസ്താവനയിലൂടെ ആദ്യ പിന്തുണ നൽകി. നേതാവിന്റെ മകൾക്കായി സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കുന്നത് അപൂർവമാണ്. വീണയുടെ കമ്പനിക്ക് സേവനത്തിന് നിയമപരമായി ലഭിച്ച പണമാണെന്നായിരുന്നു പ്രസ്താവന. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതിരോധത്തിനായി മുന്നിൽനിന്നു.
സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തെറ്റുതിരുത്തൽ രേഖയിൽ (2009) പറയുന്നത് ഇങ്ങനെമാണ്: ‘ചില പാർട്ടി അംഗങ്ങൾക്കെതിരെ വരവിൽ കവിഞ്ഞ് സ്വത്തു സമ്പാദനത്തിന്റെ പരാതികൾ ഉയർന്നുവരാറുണ്ട്. പാർട്ടി നേതാക്കളുടെയും ജനപ്രതിനിധികളുടെയും കുടുംബാംഗങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. പദവികൾ ഉപയോഗിച്ച് അന്യായമായതു നേടിയെടുക്കാനും സ്വത്ത് സമ്പാദിക്കാനുള്ള നടപടികൾ അരുത്. ഭരണം ഇത്തരം ഇടപാടുകൾക്കും കോഴകൾക്കും മറ്റും ഉപയോഗിക്കുന്ന രീതി ആശാസ്യമല്ല.’
കരിമണൽ കമ്പനിയായ സിഎംആർഎലും വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായുള്ള പുതിയ അന്വേഷണ റിപ്പോർട്ടുകൾ പുറത്തു വന്നപ്പോൾ പഴയ നിലപാടിൽനിന്ന് മാറി ചിന്തിക്കുന്നവർ പാർട്ടിയിലുണ്ടായിരുന്നു.. പരസ്യമായി പിന്തുണയ്ക്കുന്നവരുടെ എണ്ണവും കുറഞ്ഞു. കേന്ദ്ര സർക്കാർ രാഷ്ട്രീയമായി എതിരാളികളെ വേട്ടയാടുന്നതിന്റെ ഭാഗമാണ് കേസെന്നാണ് പാർട്ടി നേതൃത്വത്തിന്റെ നിലപാട്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാട് പാർട്ടി മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ എം.വി.ഗോവിന്ദൻ ആവർത്തിച്ചു. രാഷ്ട്രീയ പ്രേരിതമായ അന്വേഷണങ്ങളെ കോൺഗ്രസ് പ്രോത്സാഹിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി. പാർട്ടിയെ അന്വേഷണം ബാധിക്കില്ലെന്ന് ആവർത്തിക്കുമ്പോഴും പ്രതിരോധം ശക്തിപ്പെടുത്തുന്ന സാഹചര്യമാണ് ഉണ്ടായത്.
ഇതിൽ നിന്നും സ്വകാര്യ സർവകലാശാലയിലും പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്നതിലുമെത്തുമ്പോൾ പാർട്ടി വല്ലാതെ മാറി പോയി. പിണറായിക്ക് നേരെ കൈയടിക്കുക എന്ന ഒറ്റ അജണ്ടയിൽ സംസ്ഥാന സമ്മേളനം ചെന്നു നിന്നു.എം.വി. ഗോവിന്ദൻ വരെ വിമർശനം നേരിട്ടപ്പോഴാണ് പിണറായിക്ക് പ്രവർത്തകർ കൈയടിച്ചത്. ഇതിന്റെ സൂക്ഷ്മാംശം എം.വി.ഗോവിന്ദന് പോലും മനസിലായില്ല.
പൊളിറ്റ് ബ്യൂറോ കോ- ഓർഡിനേറ്ററും സംസ്ഥാന സമ്മേളനത്തിന്റെ മുഴുവൻ സമയ നിരീക്ഷകനുമായ പ്രകാശ് കാരാട്ട് പരസ്യമാക്കിയ പല കാര്യങ്ങളും പിണറായിക്ക് മുന്നിൽ മുട്ടുകുത്തിയതിന്റെ തെളിവുകളായിരുന്നു.
സി.പി.എമ്മിൽ ആരു നയിക്കുമെന്ന് തിരഞ്ഞെടുപ്പിനുശേഷമേ തീരുമാനിക്കൂ എന്ന് പറയുമ്പോഴും കാരാട്ട് പിണറായിയാണ് നയിക്കുന്നതെന്ന് സൂചന നൽകുന്നു. നിങ്ങൾ മാദ്ധ്യമങ്ങളാണ് ക്യാപ്ടനെ നിശ്ചയിക്കുന്നത്. പാർട്ടിയല്ല. രണ്ടു സർക്കാരിനെയും നയിച്ചത് പിണറായിയാണ്. രാജ്യത്തെ ഏറ്റവും മികച്ച മോഡൽ കേരളമാണ്. പിണറായി ശരിയായി മുന്നോട്ടുപോയപ്പോഴാണ് ചരിത്രത്തിൽ ആദ്യമായി ഇവിടെ തുടർഭരണമുണ്ടായത്. അതിന്റെ തുടർച്ചയുണ്ടാവും. പിണറായിക്ക് പ്രായപരിധിയിൽ ഇളവ് നൽകുമോയെന്ന് തീരുമാനിക്കുന്നത് സംസ്ഥാന സമ്മേളനമല്ല. പാർട്ടി കോൺഗ്രസാണ്. ഇതുസംബന്ധിച്ച് പാർട്ടി ചർച്ച ചെയ്തിട്ടില്ല.
യുവാക്കളാണ് ഇപ്പോൾ പാർട്ടിയിൽ കൂടുതൽ. യുവതികളുൾപ്പെടെ കഴിവുറ്റ നേതൃത്വത്തെ കൊണ്ടുവരികയാണ് പ്രധാനം എന്നും കാരാട്ട് പറഞ്ഞു. എന്നാൽ ബി.ജെ.പി സർക്കാർ ഫാസിസ്റ്റാണോ എന്ന് പരസ്യമാക്കാൻ കാരാട്ട് തയ്യാറായില്ല. ഫാസിസത്തെക്കുറിച്ച് പാർട്ടിക്ക് കൃത്യമായ നിലപാടുണ്ട്. അതറിയാത്തവരാണ് അനാവശ്യ ചർച്ചകളും വിവാദങ്ങളും ഉണ്ടാക്കുന്നത്. പാർട്ടി സാർവദേശീയ തലത്തിൽ വിലയിരുത്തിയ ഫാസിസം ഹിറ്റ്ലറുടെയും മുസോളിനിയുടേതുമാണ്. ഇന്ത്യയിൽ അത്തരം ഫാസിസം നിലനിൽക്കുന്നതായി അഭിപ്രായമില്ല. എന്നാൽ ആർ.എസ്.എസ് നേതൃത്വം നൽകുന്ന ബി.ജെ.പി സർക്കാരിന്റെ പോക്ക് ഫാസിസത്തിലേക്കാണ്. അത് തടയുകയാണ് പ്രധാനം.
കേരളത്തിൽ മാത്രമായി ഒതുങ്ങുകയാണോ കമ്മ്യൂണിസ്റ്റ് സർക്കാർ എന്ന ചോദ്യത്തിന് കാരാട്ടിന്റെ മറുപടി ഇങ്ങനെ. പ്രബുദ്ധ കേരളമെന്നാണ് സംസ്ഥാനത്തെക്കുറിച്ചുള്ള പൊതുവിലെ വിശേഷണം. ഇവിടത്തെ വിദ്യാഭ്യാസ നിലവാരവും ആരോഗ്യസ്ഥിതിയും വ്യവസായ വികസനവുമെല്ലാം മാതൃകയാണ്. ബംഗാളിലും ത്രിപുരയിലും ഭരണം പോയെന്ന് കരുതി അവിടെയൊന്നും കമ്മ്യൂണിസ്റ്റുകളില്ലെന്നും തിരിച്ചുവരവില്ലെന്നും അർത്ഥമില്ല. എല്ലായിടത്തും മാറ്റം വരും. ലോകം മുഴുവൻ അത്തരമൊരു മാറ്റത്തിലേക്കാണ് സഞ്ചരിക്കുന്നത്. കേരളത്തിൽ മൂന്നാം ഇടത് സർക്കാർ ഉറപ്പാണെന്നും കാരാട്ട് പറഞ്ഞു.
ചർച്ചകളിൽ കാരാട്ട് തലകുനിച്ചാണ് ഇരുന്നത്. തന്റെ താൽപ്പര്യങ്ങൾ ബലി കഴിക്കുന്നു എന്ന് കണ്ടപ്പോഴും കാരാട്ട് മിണ്ടിയില്ല. കാരണം കാരാട്ടിന് പിണറായിയെ ഭയമാണ്. പിണറായി പറയുന്നിടത്താണ് സി പി എം നിൽക്കുന്നത്. കാരാട്ടിന്റെ വാക്കുകൾക്കല്ല പിണറായിയുടെ വാക്കുകൾക്ക് മാത്രമാണ് ഇപ്പോൾ പ്രാധാന്യം. പിണറായിയുടെ തീരുമാനങ്ങൾ മാത്രമാണ് നടപ്പാകുന്നത്. വി.എസിന്റെ ശബ്ദം പോലും കേൾക്കാനില്ലാത്തതിനാൽ പഴയ വി എസ് ഗ്രൂപ്പുകാർ പോലും പിണറായിക്കൊപ്പം നിലകൊള്ളുന്നു.
പാർട്ടിയുടെ ദേശീയ പദവി നിലനിർത്തി എന്നത് മാത്രമാണ് കഴിഞ്ഞ ലോക സഭാ ഇലക്ഷനിലുണ്ടായ ഏക നേട്ടം. രാജസ്ഥാനിൽ ജയിച്ചതോടെയാണ് സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവിക്ക് 2033 വരെ ആയുസ്സ് നീട്ടി കിട്ടിയത് . കേരളം, ബംഗാൾ, തമിഴ്നാട്, ത്രിപുര എന്നീ നാല് സംസ്ഥാനങ്ങളിലാണ് സിപിഎമ്മിന് സംസ്ഥാന പാർട്ടി പദവി ഉള്ളത് കൊണ്ടാണ് നിലവിൽ ദേശീയ പാർട്ടിയായി തുടരുന്നത്.
ബംഗാളിൽ 2026 ൽ സംസ്ഥാന പാർട്ടി പദവി നഷ്ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. സീക്കറിലെ ജയത്തോടെ സിപിഎമ്മിന് രാജസ്ഥാനിൽ കൂടി സംസ്ഥാനപാദവി ലഭിക്കും.. ബംഗാളിൽ പദവി നഷ്ടമായാലും രാജസ്ഥാനിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പാർട്ടിയായി തുടരാം. തമിഴ്നാട്ടിൽ നിന്ന് രണ്ട് സീറ്റിൽ ജയിച്ചതിനാൽ അവിടെ സംസ്ഥാന പാർട്ടിയായി തുടരാം . 2023ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഭേദപ്പെട്ട പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ത്രിപുരയിൽ സംസ്ഥാന പാർട്ടി പദവി നിലവിലുണ്ട്.
ദേശീയതലത്തിൽ സിപിഎമ്മിന് നാല് സീറ്റും സിപിഐക്ക് രണ്ട് സീറ്റും സിപിഐ എം എലും രണ്ട് സീറ്റ് നേടി. കേരളത്തിലെ ഒന്നിന് പുറകെ തമിഴ്നാട്ടിൽ രണ്ടിടത്തും രാജസ്ഥാനിൽ ഒരിടത്തും ആണ് സിപിഎം ജയിച്ചത് . തമിഴ്നാട്ടിൽ മധുര ദിണ്ടിഗൽ മണ്ഡലങ്ങളിലാണ് ജയിച്ചത്. മധുരയിൽ എസ് വെങ്കിടേശൻ 2 ലക്ഷത്തിലേറെ വോട്ടിന് വിജയിച്ചു തമിഴ്നാട്ടിലെ തിരുപ്പൂർ, നാഗപട്ടണം എന്നിവിടങ്ങളിലാണ് സിപിഐക്ക് ജയം നേടാനായത്. സെൽവരാജ് 2 ലക്ഷത്തിലേറെ വോട്ടിനും തിരുപ്പൂരിൽ കെ സുബ്ബരായൻ ഒന്നേകാൽ ലക്ഷത്തോളം ജയിച്ചു. ബീഹാറിലെ ആരാ മണ്ഡലത്തിൽ സുധാമാ പ്രസാദ്, കാരാക്കാട് മണ്ഡലത്തിൽ രാജാറാം സിംഗ് എന്നിവരും ജയിച്ചു.
ഇത്തരത്തിൽ പേരിനു മാത്രം ദേശീയ പദവി നിലനിർത്തുന്ന പാർട്ടിയെ കേരളത്തിൽ നിന്നും ഇല്ലാക്കരുതെന്നാണ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത പ്രവർത്തകരുടെ ആവശ്യം. എന്നാൽ അവരുടെ വാക്കുകൾ ചെവി കൊള്ളാൻ പിണറായി തയാറല്ല. ദേശീയ തലത്തിൽ സി പി എം എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് പിണറായി വിജയനാണ്. സ്വകാര്യ സർവകലാശാല, സിൽവർ ലൈൻ തുടങ്ങിയ നയവ്യതിയാനങ്ങൾ നടപ്പിൽ വരുത്തുമ്പോൾ പ്രവർത്തകർക്കും നേതാക്കൾക്കും ഭയമാണ്. സി പി എമ്മിന്റെ സാധാരണ പ്രവർത്തകരാണ് ജനങ്ങൾക്കിടയിൽ ഇറങ്ങേണ്ടത്. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശമാരെ കണ്ടില്ലെന്ന് നടിക്കുന്നത് എന്തുകൊണ്ടാണെന്ന് ജനങ്ങൾ ചോദിച്ചാൽ അവർ എന്നു മറുപടി നൽകും.അതാണ് സമ്മേളനപന്തലിൽ നിന്ന് പുറത്തിറങ്ങുന്നവർ കേരളം ബംഗാളാകുമെന്ന് രഹസ്യമായെങ്കിലും പ്രതികരിക്കുന്നത്.
പോർകളത്തിൽ പിണറായി ഒറ്റയ്ക്കാണ്. തൽകാലം അദ്ദേഹത്തെ നേരിടാൻ ഒരു വി എസ് രംഗത്തില്ല. ഇന്നത്തെ പാർട്ടി സെറ്റപ്പിൽ ഇതു തന്നെ തുടരാനാണ് സാധ്യത. അടർകളത്തിൽ പിണറായിയോട് യുദ്ധം ചെയ്യാൻ ആർക്കും ധൈര്യമില്ല. അതുകൊണ്ടാണ് പ്രവർത്തകർ പറയുന്നത് നമ്മുടെ പാർട്ടി നിശബ്ദമായി മരിക്കുകയാണ്...
https://www.facebook.com/Malayalivartha