ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ട്വന്റിട്വന്റി ഇന്ന്

ആദ്യ ട്വന്റി ട്വന്റിയില്‍ ഓസ്‌ട്രേലിയയേക്കാള്‍ അധികം റണ്‍സടിച്ചിട്ടും മഴക്കണക്കില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന ഇന്ത്യ ആ പിഴവ് തിരുത്താന്‍ വെള്ളിയാഴ്ച ഇറങ്ങുന്നു. ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി ട്വന്റി വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും.
വെള്ളിയാഴ്ച തോറ്റാല്‍ പരമ്പര നഷ്ടമാകും. ടി ട്വന്റി യില്‍ തുടര്‍ച്ചയായി ഏഴു പരമ്പരകള്‍ ജയിച്ച് ഓസ്‌ട്രേലിയയിലെത്തിയ കോലിയുടെ സംഘത്തിന് അത് നിസ്സാരമായി കാണാനാകില്ല.
ആദ്യമത്സരത്തില്‍ എല്ലാം ഇന്ത്യയ്ക്ക് അനുകൂലമായിരുന്നിട്ടും ഡകവര്‍ത്ത് ലൂയിസ് നിയമപ്രകാരം നാലുറണ്‍സിന് തോറ്റു. ഓസ്‌ട്രേലിയയാകട്ടെ, ഇന്ത്യയ്‌ക്കെതിരായ ജയം നല്‍കുന്ന ഊര്‍ജം നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നുറപ്പ്.
ആദ്യമത്സരത്തിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ടീമില്‍ മാറ്റങ്ങളുണ്ടാകും. പേസ് ബൗളര്‍ ഖലീല്‍ അഹമ്മദിനുപകരം യുസ്വേന്ദ്ര ചഹലിനെ കളിപ്പിച്ചേക്കും. മെല്‍ബണിലെ പിച്ച് പേസിന് അനുകൂലമാണെങ്കിലും ചാഹലും കുല്‍ദീപും അടങ്ങിയ സ്പിന്‍ സഖ്യം അപകടകാരികളാണ്.
ആദ്യമത്സരത്തില്‍ ക്രുണാല്‍ പാണ്ഡ്യ തീര്‍ത്തും നിറംമങ്ങിയെങ്കിലും ടീമില്‍ നിലനിര്‍ത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്. വണ്‍ഡൗണായി ഇറങ്ങുന്ന ലോകേഷ് രാഹുലും ഫോമിലല്ല. മനീഷ് പാണ്ഡെ അടക്കം ബാറ്റ്‌സ്മാന്‍മാര്‍ അവസരം കാത്ത് പുറത്തിരിക്കുമ്പോള്‍ ലോകേഷിന് ഫോം തെളിയിച്ചേ മതിയാകൂ. ആദ്യമത്സരത്തില്‍ ജയം നേടിയ ഓസീസ് ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.
https://www.facebook.com/Malayalivartha