70 വര്‍ഷത്തെ കാത്തിരുപ്പിനു ശേഷം ഓസ്‌ട്രേലിയയില്‍ ഇന്ത്യയ്ക്ക് ആദ്യ പരമ്പരനേട്ടം

ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ നാലാമത്തെ ടെസ്റ്റ് മഴ മൂലം ഉപേക്ഷിച്ച സാഹചര്യത്തില്‍ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയന്‍ മണ്ണില്‍ പരമ്പര വിജയം. ആദ്യ മത്സരവും മൂന്നാമത്തെ മത്സരവും ഇന്ത്യ നേടിയപ്പോള്‍ രണ്ടാമത്തെ മത്സരത്തില്‍ ആതിഥേയര്‍ വിജയം നേടിയിരുന്നു. മൂന്ന് സെഞ്ച്വറികള്‍ നേടിയ ചേതേശ്വര്‍ പൂജാരയാണ് പരമ്പരയിലെ താരം. എഴുപത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യ ചരിത്രം കുറിച്ചത്.
മഴ കൊണ്ടുപോയ അവസാന ടെസ്റ്റിലും ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7-ന് 622 എന്ന നിലയില്‍ ഡികഌര്‍ ചെയ്തിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ഓസീസിനെ 300-ന് വീഴ്ത്തിയ ഇന്ത്യ അവരെ ഫോളോഓണ്‍ ചെയ്യിച്ച് ആറ് റണ്‍സില്‍ നില്‍ക്കുമ്പോഴായിരുന്നു മഴ മൂലം കളി ഉപേക്ഷിച്ചത്. അവസാന മത്സരത്തില്‍ കൂറ്റന്‍ സ്‌കോര്‍ നേടാന്‍ ഇന്ത്യയ്ക്ക് തുണയായത് പൂജാരയുടെ 193 റണ്‍സും ഋഷഭ് പന്തിന്റെ 159 റണ്‍സും ജഡേജയുടെ 81 റണ്‍സും ആയിരുന്നു.
പരമ്പരയിലെ രണ്ടാമത്തെ മികച്ച റണ്‍വേട്ടക്കാരനായി മാറിയ പന്ത് ഓസ്‌ട്രേലിയന്‍ മണ്ണില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തേതും ഓസീസിനെതിരേ ടെസ്റ്റില്‍ 150 റണ്‍സില്‍ കൂടുതല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായി. 1986-ല്‍ കപിലിന് ശേഷം ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിക്കുന്ന ആദ്യ നായകന്‍ എന്ന പദവി വിരാട് കോഹ്‌ലിയും സ്വന്തമാക്കി. ഇന്ത്യന്‍ പേസര്‍മാരും മികച്ച നിന്നു. ഇഷാന്ത് ശര്‍മ്മ അഡ്‌ലെയ്ഡില്‍ അഞ്ചുവിക്കറ്റ് നേട്ടം ഉണ്ടാക്കിയപ്പോള്‍ പെര്‍ത്തില്‍ ജസ്പ്രീത് ബുംറയും മെല്‍ബണില്‍ മുഹമ്മദ് ഷമിയും നേട്ടമുണ്ടാക്കി.
ബാറ്റ്‌സ്മാന്‍മാര്‍ക്കൊപ്പം ബൗളര്‍മാരും മികച്ച പ്രകടനം നടത്തിയതാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായകമായത്. 1947 മുതല്‍ ഓസ്‌ട്രേലിയന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീം ഇതുവരെ ഈ രാജ്യത്ത് ഒരു ടെസ്റ്റ് പരമ്പര നേടിയിരുന്നില്ല. എന്നാല്‍ ഇത്തവണ അഡ്‌ലെയ്ഡിലെ ആദ്യ മത്സരവും മെല്‍ബണിലെ മൂന്നാമത്തെ മത്സരവും ഇന്ത്യ നേടിയപ്പോള്‍ അവസാന മത്സരം മഴമൂലം ഉപേക്ഷിക്കപ്പെടുകയായിരുന്നു. പെര്‍ത്തില്‍ നടന്ന രണ്ടാം മത്സരം ഓസ്‌ട്രേലിയ വിജയിച്ചിരുന്നു.
ടെസ്റ്റിലെ ഒന്നാം നമ്പര്‍ പദവിയെ അടിവരയിടുന്നതായിരുന്നു ഇന്ത്യയുടെ പ്രകടനം. ചരിത്രത്തില്‍ ആദ്യമായി ബോക്‌സിംഗ്‌ഡേ ടെസ്റ്റില്‍ വിജയം നേടി 2-1 ന്റെ മികവുമായിട്ടായിരുന്നു കോഹ്‌ലിപ്പട നാലാം ടെസ്റ്റില്‍ എത്തിയത്. പന്ത്രണ്ടാം പര്യടനത്തിലാണ് പരമ്പര വിജയമെന്ന നേട്ടം ഇന്ത്യയ്ക്ക് കൊയ്യാനായത്. 2011 ലോകകപ്പ് ജയത്തേക്കാള്‍ വലിയ നേട്ടമെന്നായിരുന്നു ഇന്ത്യന്‍ നായകന്റെ പ്രതികരണം.
https://www.facebook.com/Malayalivartha