സയ്യിദ് മുഷ്താഖ് അലി ട്രോഫി തമിഴ്നാടിന്; ഫൈനൽ മത്സരത്തില്‍ കര്‍ണാടകയെ കീഴടക്കിയത് 4 വിക്കറ്റിന്; തമിഴ്നാട് കിരീടം നേടുന്നത് തുടര്‍ച്ചയായ രണ്ടാം തവണ

സയ്യിദ് മുഷ്താഖ് അലി ട്രോഫി തമിഴ്നാടിന്. തുടര്‍ച്ചയായ രണ്ടാം തവണയാണ് തമിഴ്നാട് കിരീടം നേടുന്നത്. ആവേശോജ്ജ്വലമായ മത്സരത്തില്‍ കര്‍ണാടകയെ 4 വിക്കറ്റിന് തമിഴ്നാട് കീഴടക്കി. 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ തമിഴ്നാട് അവസാന പന്തില്‍ ജയം പിടിക്കുകയായിരുന്നു.
15 പന്തില്‍ 33 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഷാരൂഖ് ഖാനാണ് വിജയശില്പി. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 151 റണ്‍സ് നേടിയത്. ടോപ്പ് ഓര്‍ഡര്‍ പരാജയപ്പെട്ടപ്പോള്‍ അഭിനവ് മനോഹറിന്‍്റെയും വാലറ്റക്കാരുടെയും പോരാട്ടമാണ് കര്‍ണാടകയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
രോഹന്‍ കദം വേഗം മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ മനീഷ് പാണ്ഡെ , കരുണ്‍ നായര്‍ , ബിആര്‍ ശരത് എന്നിവരും നിരാശപ്പെടുത്തി. അഭിനവിനൊപ്പം പ്രവീണ്‍ ദുബെ , ജഗദീശ സുചിത് എന്നിവരും കര്‍ണാടകത്തിനായി തിളങ്ങി. തമിഴ്നാടിനായി സായ് കിഷോര്‍ 4 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി.മറുപടി ബാറ്റിംഗില്‍ ഹരി നിശാന്ത് തമിഴ്നാടിന് തകര്‍പ്പന്‍ തുടക്കം നല്‍കിയെങ്കിലും പിന്നീട് താളം നഷ്ടപ്പെട്ട അവര്‍ മധ്യ ഓവറുകളില്‍ പതറി.
41 റണ്‍സെടുത്ത നാരായണ്‍ ജഗദീശന്‍ തന്‍്റെ ഇന്നിംഗ്സിനായി 46 പന്തുകള്‍ ചെലവിട്ടു എന്നത് അവര്‍ക്ക് കടുത്ത തിരിച്ചടിയായി. സായ് സുദര്‍ശന്‍ , വിജയ് ശങ്കര്‍, സഞ്ജയ് യാദവ് , എം മുഹമ്മദ് എന്നിവരൊക്കെ വേഗം മടങ്ങിയപ്പോള്‍ കര്‍ണാടക കിരീടം ഉറപ്പിച്ചു. എന്നാല്‍, തുടര്‍ ബൗണ്ടറികളുമായി തമിഴ്നാടിനെ മത്സരത്തില്‍ നിലനിര്‍ത്തിയ ഷാരൂഖ് ഖാന്‍ ഒറ്റയ്ക്ക് മത്സരം വിജയിപ്പിക്കുകയായിരുന്നു.
അവസാന ഓവറില്‍ 16 റണ്‍സ് ആയിരുന്നു വിജയലക്ഷ്യം. പ്രതീക് ജെയിന്‍ എറിഞ്ഞ ഓവറിലെ അവസാന പന്തില്‍ വിജയിക്കാന്‍ 5 റണ്‍സ് വേണ്ടിയിരിക്കെ ഡീപ് സ്ക്വയര്‍ ലെഗിലൂടെ സിക്സര്‍ നേടിയ ഷാരൂഖ് തമിഴ്നാടിന് തുടര്‍ച്ചയായ രണ്ടാം കിരീടം സമ്മാനിച്ചു.
https://www.facebook.com/Malayalivartha























