വിജയ് ഹസാരെ ട്രോഫി; രണ്ടാം മത്സരത്തില്‍ മധ്യപ്രദേശിനോട് കേരളത്തിന് തോല്‍വി; വെങ്കിടേഷ് അയ്യർക്ക് സെഞ്ചുറി

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തോല്‍വി.ഗ്രൂപ്പ് ഡി യില്‍ നടന്ന മത്സരത്തില്‍ മധ്യപ്രദേശ് കേരളത്തെ 40 റണ്‍സിന് തോല്‍പ്പിച്ചു. സ്കോര്‍- മധ്യപ്രദേശ്: 50 ഓവറില്‍ 329-9; കേരളം 49.4 ഓവറില്‍ 289നു പുറത്ത്. ടോസ് നേടിയ കേരളം ബോളിങ് തിരഞ്ഞടുക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ചണ്ഡിഗഡിനെ കേരളം 6 വിക്കറ്റിനു തോല്‍പ്പിച്ചിരുന്നു.
സെഞ്ചുറി നേടിയ വെങ്കിടേഷ് അയ്യരുടെ ബാറ്റിങ്ങാണു (84 പന്തില്‍ 7 ഫോറും 4 സിക്സും അടക്കം 112) മധ്യപ്രദേശിനെ കൂറ്റന്‍ സ്കോറിലെത്തിച്ചത്. 67 പന്തില്‍ 9 ഫോറും ഒരു സിക്സും അടക്കം 82 റണ്‍സെടുത്ത ശുഭം ശര്‍മയും തിളങ്ങി. ഓപ്പണര്‍ അഭിഷേക് ഭണ്ഡാരി (49), രജത് പാട്ടിദാര്‍ (49) എന്നിവരാണു മറ്റു പ്രധാന സ്കോറര്‍മാര്‍.
കേരളത്തിനുവേണ്ടി വിഷ്ണു വിനോദ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ബേസില്‍ തമ്ബി രണ്ട് വിക്കറ്റ് വീഴ്ത്തി. മനുകൃഷ്ണന്‍, നിധീഷ്, രോഹന്‍ കുന്നുമ്മല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
330 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് വേണ്ടി ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലും മുഹമ്മദ് അസ്ഹറുദ്ദീനും മികച്ച തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റില്‍ ഇരുവരും 68 റണ്‍സ് ചേര്‍ത്തു. മറുപടി ബാറ്റിങ്ങില്‍ സച്ചിന്‍ ബേബി (66 പന്തില്‍ 2 ഫോറും 3 സിക്സും അടക്കം 66), ഓപ്പണര്‍ രോഹന്‍ എസ്. കുന്നുമ്മല്‍ (76 പന്തില്‍ 7 ഫോറും ഒരു സിക്സും അടക്കം 66) എന്നിവര്‍ മാത്രമാണു കേരളത്തിനായി തിളങ്ങിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസന്‍ 18 റണ്‍സെടുത്തു പുറത്തായി. മുഹമ്മദ് അസ്ഹറുദ്ദീന്‍ (34), ജലജ് സക്സേന (34) എന്നിവരാണു മറ്റു പ്രധാന സ്കോറര്‍മാര്‍.കേരളം 49.4 ഓവറില്‍ 289 റണ്‍സിന് ഓള്‍ ഔട്ടായി. മധ്യപ്രദേശിനുവേണ്ടി പുനീത് നാല് വിക്കറ്റെടുത്തപ്പോള്‍ വെങ്കടേഷ് അയ്യര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
https://www.facebook.com/Malayalivartha























