മെല്‍ബണ്‍ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് 369 റണ്‍സ്...

സെഞ്ചുറിയുമായി നിതീഷ് കുമാര്‍ റെഡ്ഡി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ മെല്‍ബണ്‍ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 369 റണ്‍സെടുത്തു. 105 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ഇന്ത്യ വഴങ്ങിയത്. നാലാം ദിനം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് 11 റണ്‍സ് കൂടിയേ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളൂ.
189 പന്തില്‍ നിന്ന് ഒരു സിക്സും 11 ഫോറുമടക്കം 114 റണ്‍സെടുത്ത നിതീഷിനെ പുറത്താക്കി നേഥന്‍ ലയണാണ് ഇന്ത്യന്‍ ഇന്നിങ്സ് അവസാനിപ്പിച്ചത്. ലയണ്‍, പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ഓപ്പണര്‍ സാം കോണ്‍സ്റ്റാസിനെ (8) നഷ്ടമായി. ജസ്പ്രീത് ബുംറ താരത്തെ ബൗള്‍ഡാക്കുകയായിരുന്നു.
ഉസ്മാന്‍ ഖവാജയും മാര്‍നസ് ലബുഷെയ്നുമാണ് ക്രീസില്‍. ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. അവര്‍ക്കിപ്പോള്‍ 141 റണ്‍സ് ലീഡായി.നേരത്തേ കൂട്ടത്തകര്‍ച്ചയെ നേരിട്ട ഇന്ത്യന്‍ ബാറ്റിങ്ങിനെ ബാഹുബലിയെപ്പോലെ ചുമലില്‍ താങ്ങിയത് 21-കാരനായ നിതീഷായിരുന്നു. ഏഴിന് 221 റണ്‍സെന്നനിലയില്‍ പതറുമ്പോള്‍ ഇന്ത്യക്കുമുന്നില്‍ ഫോളോ ഓണ്‍ ഭീഷണിയുണ്ടായിരുന്നു.
അഞ്ചിന് 164 റണ്‍സെന്നനിലയില്‍ കളിതുടര്‍ന്ന ഇന്ത്യക്കായി ഋഷഭ് പന്ത് (28), രവീന്ദ്ര ജഡേജ (17) എന്നിവര്‍ക്ക് കൂടുതല്‍ സംഭാവന നല്‍കാനായില്ല. അനാവശ്യഷോട്ടിലാണ് പന്ത് പുറത്തായത്. നിതീഷും വാഷിങ്ടണ്‍ സുന്ദറും ക്രീസില്‍ ഒരുമിച്ചതോടെയാണ് ഓസീസ് ബൗളര്‍മാര്‍ക്കെതിരേയുള്ള ഇന്ത്യയുടെ ചെറുത്തുനില്‍പ്പ് കണ്ടത്. എട്ടാം വിക്കറ്റില്‍ 285 പന്ത് നേരിട്ട സഖ്യം 127 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഇന്ത്യയെ കരകയറ്റിയത്.
https://www.facebook.com/Malayalivartha