ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം; തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സെമിയിലെത്തി;ഏകദിനത്തില്‍ 51-ാം സെഞ്ച്വറി നേടിയ കോലി 111 പന്തില്‍ നിന്ന് ഏഴ് ഫോറടക്കം 100 റണ്‍സെടുത്ത് പുറത്താകാതെ നിന്നു

ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ചാമ്പ്യന്‍സ് ട്രാഫിയില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സെമിയിലെത്തി. വിരാട് കോലിയുടെ സെഞ്ച്വറിയും ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ ഇന്നിങ്സുകളുമാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്. ഗില്ലിനൊപ്പവും ശ്രേയസിനൊപ്പവും സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്ത വിരാട് കോലി വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായി. ഏകദിനത്തില്‍ 51-ാം സെഞ്ച്വറി നേടിയ കോലി 111 പന്തില്‍ നിന്ന് ഏഴ് ഫോറടക്കം 100 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
അതിനിടെ വ്യക്തിഗത സ്‌കോര്‍ 15 റണ്‍സിലെത്തിയതോടെ വിരാട് കോലി ഏകദിനത്തില്‍ 14,000 റണ്‍സ് തികച്ചു. സച്ചിനെ മറികടന്ന് ഏറ്റവും വേഗത്തില്‍ 14,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോഡും കോലിക്ക് സ്വന്തമായി. സച്ചിനും ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയ്ക്കും ശേഷം ഏകദിനത്തില്‍ 14,000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ താരമാണ് കോലി. ഇന്ത്യയ്ക്കായി കുല്‍ദീപ് മൂന്നും ഹാര്‍ദിക് പാണ്ഡ്യ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. അക്ഷറും ജഡേജയും ഹര്‍ഷിത് റാണയും ഓരോ വിക്കറ്റെടുത്തു.
നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ഔട്ടായി. സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍, ഖുഷ്ദില്‍ ഷാ എന്നിവരുടെ ഇന്നിങ്സുകളാണ് പാകിസ്താന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
ശ്രദ്ധയോടെ ഇന്നിങ്സ് ആരംഭിച്ച പാകിസ്താന് പക്ഷേ ആദ്യ 10 ഓവറിനിടെ തന്നെ ഓപ്പണര്‍മാരായ ബാബര്‍ അസം (26 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറിയടക്കം 23 റണ്‍സ്), ഇമാം ഉള്‍ ഹഖ് (26 പന്തില്‍ 10) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ബാബറിനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ ഇമാമിനെ അക്ഷര്‍ പട്ടേല്‍ റണ്ണൗട്ടാക്കി.അവസാന ഓവറുകളില്‍ 39 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത ഖുല്‍ദില്‍ ഷായാണ് പാക് സ്‌കോര്‍ 241-ല്‍ എത്തിച്ചത്.
15 പന്തില്‍ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 20 റണ്‍സെടുത്ത് ടീമിന് മികച്ച തുടക്കം സമ്മാനിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍നിരയില്‍ ആദ്യം പുറത്തായത്. ഷഹീന്‍ അഫ്രീദിയാണ് താരത്തെ പുറത്താക്കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ഗില്‍ - വിരാട് കോലി സഖ്യം 69 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്നിങ്സ് ട്രാക്കിലാക്കി. പിന്നാലെ ഗില്ലിനെ പുറത്താക്കി അബ്രാര്‍ അഹമ്മദ് ഈ കൂട്ടുകെട്ട് പൊളിച്ചു. 52 പന്തില്‍ നിന്ന് ഏഴു ഫോറടക്കം 46 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്. ഗില്‍ പുറത്തായ ശേഷം മൂന്നാം വിക്കറ്റില്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം കോലി 114 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മധ്യ ഓവറുകളില്‍ ഇന്ത്യയ്ക്കായി നിര്‍ണായക റണ്‍സ് നേടിയത് ഈ സഖ്യമാണ്.
https://www.facebook.com/Malayalivartha