ഇതിലും വലുത് സ്വപ്നങ്ങളില്‍ മാത്രം... ഇന്ത്യയ്ക്ക് ജയവും സെഞ്ച്വറിയും ഒറ്റ ബോളില്‍ സ്വന്തമാക്കി വിരാട് കോലി; പാക്കിസ്ഥാനെ കണ്ടതും കോലി യഥാര്‍ഥ കോലിയായി; അതോടെ പാകിസ്ഥാന്‍ പപ്പടം

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് പോലൊരു സുപ്രധാന ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് അനായസ വിജയം സമ്മാനിച്ച് വിരാട് കോലി. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് മിന്നും വിജയം. ആധികാരികമായി പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സെമിഫൈനലിന് തൊട്ടരികെയായി.
ടോസ് ഒഴികെ എല്ലാംകൊണ്ടും ഏകപക്ഷീയമായി മാറിയ മത്സരത്തില്‍ ആറു വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന് പുറത്തായപ്പോള്‍, മറുപടി ബാറ്റിങ്ങില്‍ 45 പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി. തകര്‍പ്പന്‍ സെഞ്ചറിയുമായി മുന്നില്‍നിന്ന് നയിച്ച വിരാട് കോലിയാണ് ഇന്ത്യയുടെ വിജയശില്‍പി.
ഇന്ത്യയ്ക്ക് വിജയത്തിലേക്ക് രണ്ടു റണ്‍സ് മാത്രം വേണ്ട ഘട്ടത്തില്‍ ഖുഷ്ദില്‍ ഷായ്ക്കെതിരെ ബൗണ്ടറി നേടിയാണ് കോലി സെഞ്ചറി പൂര്‍ത്തിയാക്കിയത്. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയ ഇന്ത്യ, സെമിഫൈനലില്‍ ഏറെക്കുറെ സ്ഥാനം ഉറപ്പിച്ചു. നിലവില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ സെമിയില്‍ കടക്കാതെ പുറത്താകണമെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കണം. ഇനി മാര്‍ച്ച് 2ന് ന്യൂസീലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. മറുവശത്ത്, ഏതാണ്ട് മൂന്നു പതിറ്റാണ്ടിനുശേഷം ആദ്യമായി ഒരു ഐസിസി ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കാന്‍ അവസരം ലഭിച്ച പാക്കിസ്ഥാന്‍, തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ടൂര്‍ണമെന്റില്‍നിന്ന് ഏറെക്കുറെ പുറത്തായി.
ഇനി ഫെബ്രുവരി 27ന് ബംഗ്ലദേശിനെതിരെയാണ് പാക്കിസ്ഥാന്റെ അവസാന ഗ്രൂപ്പ് മത്സരം. ഫോമിലേക്ക് തിരിച്ചെത്തിയ വിരാട് കോലിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ബാറ്റിങ്ങിലെ ഹൈലൈറ്റ്. അര്‍ഹിച്ച സെഞ്ചറി സ്വന്തമാക്കി വീണ്ടും 'കിങ് കോലി'യെന്ന വിളിപ്പേരിനോടു നീതി പുലര്‍ത്തിയ കോലി, 100 റണ്‍സുമായി പുറത്താകാതെ നിന്നു. ഏകദിനത്തില്‍ മികച്ച ഫോമിലുള്ള ശ്രേയസ് അയ്യരും അര്‍ധസെഞ്ചറി നേടി. കോലി 111 പന്തില്‍ ഏഴു ഫോറുകളോടെയാണ് 100 റണ്‍സെടുത്തത്. അയ്യര്‍ 67 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 56 റണ്‍സെടുത്ത് പുറത്തായി. ആദ്യ മത്സരത്തില്‍ സെഞ്ചറി നേടിയ ശുഭ്മന്‍ ഗില്‍ ഇത്തവണ 46 റണ്‍സെടുത്തും, ക്യാപ്റ്റന്‍ രോഹിത് ശര്‍മ 20 റണ്‍സെടുത്തും പുറത്തായി.
വിജയം ഉറപ്പിച്ച നിമിഷത്തില്‍ ശ്രേയസ് അയ്യരെ (67 പന്തില്‍ 56) ഖുഷ്ദില്‍ ഷായും ഹാര്‍ദിക് പാണ്ഡ്യയെ (ആറു പന്തില്‍ എട്ട്) ഷഹീന്‍ അഫ്രീദിയും പുറത്താക്കി. അക്ഷര്‍ പട്ടേല്‍ നാലു പന്തില്‍ മൂന്നു റണ്‍സുമായി പുറത്താകാതെ നിന്നു. 52 പന്തുകള്‍ നേരിട്ട ഗില്‍, ഏഴു ഫോറുകളോടെയാണ് 46 റണ്‍സെടുത്തത്. പവര്‍പ്ലേയില്‍ മികച്ച തുടക്കം സമ്മാനിച്ച രോഹിത്, 15 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 20 റണ്‍സെടുത്തും പുറത്തായി. ഷഹീന്‍ അഫ്രീദിയുടെ തകര്‍പ്പന്‍ യോര്‍ക്കറിലാണ് രോഹിത് വീണതെങ്കില്‍, അബ്രാര്‍ അഹമ്മദിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് ഗില്‍ പുറത്തായത്.
ഓപ്പണിങ് വിക്കറ്റില്‍ ഗില്‍ രോഹിത് സഖ്യം 30 പന്തില്‍ 31 റണ്‍സെടുത്ത് ഭേദപ്പെട്ട തുടക്കം സമ്മാനിച്ചു. രണ്ടാം വിക്കറ്റില്‍ ഗില്‍ കോലി സഖ്യം 75 പന്തില്‍ 69 റണ്‍സെടുത്ത് വിജയത്തിന് അടിത്തറയിട്ടു. മൂന്നാം വിക്കറ്റില്‍ കോലി ശ്രേയസ് സഖ്യം സെഞ്ചറി കൂട്ടുകെട്ട് തീര്‍ത്ത് വിജയം അനായാസമാക്കി. 128 പന്തില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 114 റണ്‍സ്.
പാക്കിസ്ഥാന് ലഭിച്ച രണ്ടു വിക്കറ്റുകള്‍ ഷഹീന്‍ അഫ്രീദി, അബ്രാര്‍ അഹമ്മദ് എന്നിവര്‍ പങ്കിട്ടു. ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ് മികവിനൊപ്പം, പാക്കിസ്ഥാന്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ട ക്യാച്ചുകളും പാഴാക്കിയ റണ്ണൗട്ട് അവസരങ്ങളും ഇന്ത്യന്‍ വിജയം കൂടുതല്‍ അനായാസമാക്കി. ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ നല്‍കിയ ക്യാച്ച് അവസരങ്ങള്‍ കൈവിട്ട് പാക്ക് ഫീല്‍ഡര്‍മാര്‍, കോലിയെ റണ്ണൗട്ടാക്കാനുള്ള അവസരവും കളഞ്ഞുകുളിച്ചു.
ഇന്നലത്തെ മത്സരത്തില്‍ 15 റണ്‍സ് നേടിയതോടെ, ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 14,000 റണ്‍സ് പിന്നിടുന്ന താരമെന്ന റെക്കോര്‍ഡ് കോലി സ്വന്തമാക്കി. 287ാം ഇന്നിങ്‌സില്‍ 14,000 പിന്നിട്ട കോലി, 350 ഇന്നിങ്‌സില്‍ നാഴികക്കല്ലു പിന്നിട്ട സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ പിന്നിലാക്കി. 378 ഇന്നിങ്‌സില്‍ 14,000 കടന്ന കുമാര്‍ സംഗക്കാരയാണ് പട്ടികയില്‍ മൂന്നാമന്‍. 2017 ജൂണില്‍ 175ാം ഇന്നിങ്‌സില്‍ 8000 റണ്‍സ് പിന്നിട്ടതു മുതല്‍, ഓരോ 1000 റണ്‍സ് ചേര്‍ക്കുമ്പോഴും വേഗത്തില്‍ അതിലേക്കെത്തിയ റെക്കോര്‍ഡ് കോലിക്കു തന്നെ.
ഇതേ മത്സരത്തില്‍ ഇന്ത്യയ്ക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന ഫീല്‍ഡറായും കോലി മാറിയിരുന്നു. 158 ക്യാച്ചുകളാണ് കോലിയുടെ പേരിലുള്ളത്. പിന്നിലാക്കിയത് 156 ക്യാച്ചുകളുള്ള മുഹമ്മദ് അസ്ഹറുദ്ദീനെ. ഏകദിന സെഞ്ചറികളുടെ എണ്ണത്തില്‍ മുന്‍പേ തന്നെ സച്ചിനെ പിന്തള്ളിയ കോലി, റെക്കോര്‍ഡ് സെഞ്ചറികളുടെ എണ്ണം 51 ആക്കി ഉയര്‍ത്തുകയും ചെയ്തു. കോലിക്കു പുറമേ, ഇന്ത്യന്‍ താരം കുല്‍ദീപ് യാദവ് രാജ്യാന്തര ക്രിക്കറ്റില്‍ 300 വിക്കറ്റ് തികയ്ക്കുന്നതിനും മത്സരം വേദിയായി.
"
https://www.facebook.com/Malayalivartha