ബംഗ്ലേശ് ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ തമിം ഇക്ബാലിന് മത്സരത്തിനിടെ ഹൃദയാഘാതം

ധാക്ക പ്രിമിയര്‍ ലീഗിനിടെ ബംഗ്ലേശ് ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ തമിം ഇക്ബാലിന് ഹൃദയാഘാതം. ടൂര്‍ണമെന്റില്‍ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബിന്റെ നായകനായ തമിമിന്, ഷിനെപുകുര്‍ ക്രിക്കറ്റ് ക്ലബ്ബിനെതിരായ മത്സരത്തില്‍ ആദ്യ ഓവറില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് വേദന അനുഭവപ്പെട്ടത്. ഗ്രൗണ്ടില്‍വച്ചുതന്നെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം താരത്തെ ഉടനെ ആശുപത്രിയിലെത്തിച്ച് ആന്‍ജിയോഗ്രാമിനും ആന്‍ജിയോപ്ലാസ്റ്റിക്കും വിധേയനാക്കി.
''മത്സരത്തിനിടെയാണ് നെഞ്ചുവേദനയുണ്ടെന്ന കാര്യം തമിം ഇക്ബാല്‍ അറിയിച്ചത്. ഉടന്‍തന്നെ അദ്ദേഹത്തെ പരിശോധിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്കു മാറ്റി. അവിടെ ഇസിജി ഉള്‍പ്പെടെ പരിശോധിച്ചു' - ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ചീഫ് ഫിസിഷ്യന്‍ ദേബാശിഷ് ചൗധരി വ്യക്തമാക്കി.
''ആദ്യത്തെ രക്തപരിശോധനയില്‍ പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്ഷീണം തോന്നുന്നുണ്ടെന്നും ധാക്കിയിലേക്കു മടങ്ങണമെന്നും കളിക്കിടെ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഉടന്‍തന്നെ ആംബുലന്‍സ് വിളിച്ച് താരത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയി. പരിശോധനകള്‍ക്കു ശേഷം മടങ്ങാനായി ആംബുലന്‍സില്‍ കയറിയ സമയത്തും വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് രണ്ടാം തവണയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധിച്ചപ്പോള്‍ ഹൃദയാഘാതമാണെന്ന് കണ്ടെത്തി. നിലവില്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് തമിം' - ചൗധരി വ്യക്തമാക്കി.
സംഭവത്തിന്റെ വെളിച്ചത്തില്‍, ഇന്നു നടത്താനിരുന്ന ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിബി) യോഗം മാറ്റിവച്ചു. ബിസിബി പ്രസിഡന്റ് ഫാറൂഖ് അഹമ്മദ് ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
മത്സരത്തില്‍ ടോസിനായി എത്തിയത് ക്യാപ്റ്റന്‍ കൂടിയായ തമിം ഇക്ബാലായിരുന്നു. മത്സരം ആരംഭിച്ച ശേഷം തമിം ഒരു ഓവര്‍ ഫീല്‍ഡ് ചെയ്യാനും ഇറങ്ങി. ഇതിനു പിന്നാലെയാണ് നെഞ്ചുവേദനയുണ്ടെന്ന് വ്യക്തമാക്കി തിരികെ കയറിയത്. ഉടന്‍തന്നെ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയില്‍നിന്ന് വിദഗ്ധ പരിശോധനകള്‍ക്കു ശേഷം മടങ്ങിയെങ്കിലും, വീണ്ടും വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അതേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരാവസ്ഥയിലാണ് രണ്ടാം തവണ തമിം ഇക്ബാലിനെ ആശുപത്രിയിലെത്തിച്ചതെന്ന് അധികൃതരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha