സൂപ്പര്‍ ലീഗ് കേരള -കാലിക്കറ്റ് എഫ്സി ടീമിനെ ഇന്ന് അവതരിപ്പിക്കും...

സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ രണ്ടാം പതിപ്പിനായുള്ള കാലിക്കറ്റ് എഫ്സിയുടെ പുതിയ ടീമിനെ ആരാധകര്‍ക്ക് മുന്നില്‍ ഇന്ന് (20.09.25 ശനി)അവതരിപ്പിക്കും. വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന ചടങ്ങിലാണ് ടീമിനെ പരിചയപ്പെടുത്തുന്നത്. എസ്എല്‍കെ പ്രഥമ സീസണിലെ ജേതാക്കളാണ് കാലിക്കറ്റ് എഫ്സി.
ആറ് വിദേശ കളിക്കാരും അഞ്ച് ദേശീയ താരങ്ങളും ഉള്‍പ്പെടെ 31 കളിക്കാരാണ് ടീമിലുള്ളത്. അന്താരാഷ്ട്ര പ്രശസ്തനായ അര്‍ജന്‍റീനിയന്‍ കോച്ച് എവര്‍ ഡിമാല്‍ഡെയാണ് ടീമിന്‍റെ മുഖ്യ പരിശീലകന്‍. സന്തോഷ് ട്രോഫിയില്‍ കേരള ടീമിന്‍റെ മുന്‍ പരിശീലകനായിരുന്ന ബിബി തോമസ് മുട്ടത്ത് സഹപരിശീലകനായും ടീമിനൊപ്പമുണ്ട്.
നാല് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ടീം അവതരണ ചടങ്ങില്‍ ആരാധകര്‍ക്കായി പെനാല്‍റ്റി ഷൂട്ടൗട്ട്, ഫുട്ബോള്‍ പ്രമേയത്തിലുള്ള മത്സരങ്ങള്‍ തുടങ്ങിയവ നടക്കും. വൈകുന്നേരം ആറരയ്ക്കുള്ള പ്രധാന ചടങ്ങ് കായികമന്ത്രി വി. അബ്ദുറഹ്മാനാണ് ഉദ്ഘാടനം ചെയ്യുന്നത്. എം.കെ. രാഘവന്‍ എംപി, പി വി അബ്ദുള്‍ വഹാബ് എംപി, അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.
കാലിക്കറ്റ് എഫ്സിയുടെ ഈ സീസണിലെ പ്രമേയമായ 'കിക്ക് ദി ഹാബിറ്റ് സേ നോ ടു ഡ്രഗ്സ്' (ലഹരിയെ ഉപേക്ഷിക്കുക) എന്ന ലഹരി വിരുദ്ധ പ്രചാരണത്തിന് ടീമിന്‍റെ ബ്രാന്‍ഡ് അംബാസഡറും സിനിമാ താരവുമായ ബേസില്‍ ജോസഫ് തുടക്കമിടും. കായിക മാധ്യമപ്രവര്‍ത്തകനും പ്രശസ്ത കമന്‍റേറ്ററുമായ ഷൈജു ദാമോദരനാണ് ടീമിനെ പരിചയപ്പെടുത്തുന്നത്. റാപ്പറും ഗാനരചയിതാവുമായ ഫെജോയും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടിയോടെയാണ് ചടങ്ങ് സമാപിക്കുക.
സൂപ്പര്‍ ലീഗ് കേരള രണ്ടാം ലക്കത്തിനായി മികച്ച ടീമിനെയും സപ്പോര്‍ട്ട് സ്റ്റാഫിനെയുമാണ് ഒരുക്കിയിട്ടുള്ളതെന്ന് ടീം ഉടമയും ഐബിഎസ് സോഫ്റ്റ് വെയര്‍ സ്ഥാപകനുമായ വി.കെ. മാത്യൂസ് പറഞ്ഞു. കോഴിക്കോട്ടെ ഫുട്ബോള്‍ ആരാധകര്‍ക്ക് ഓരോ കളിക്കാരെയും അടുത്തറിയാന്‍ ഈ പരിചയപ്പെടുത്താന്‍ മികച്ച അവസരമാണ്. ടൂര്‍ണമെന്‍റിന്‍റെ ആദ്യ പതിപ്പില്‍ വിജയികളാകാന്‍ കോഴിക്കോട്ടെ ജനങ്ങള്‍ നല്‍കിയ പിന്തുണ വിലമതിക്കാനാവാത്തതാണ്. ഈ വര്‍ഷവും നിരുപാധികമായ സമാന പ്രോത്സാഹനം പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജെഡിടി ഇസ്ലാം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ഗ്രൗണ്ടില്‍ കാലിക്കറ്റ് എഫ്സി ടീം ഓഗസ്റ്റ് പകുതിയോടെ പരിശീലനം ആരംഭിച്ചിരുന്നു. പരിശീലനത്തിന്‍റെ ഭാഗമായി ഈ ആഴ്ച അവസാനത്തോടെ എഫ്സി ഗോവ, ഡെംപോ എസ്സി എന്നിവരുമായി സൗഹൃദ മത്സരങ്ങള്‍ കളിക്കാന്‍ ടീം ഗോവയിലേക്ക് പോകും.
സൂപ്പര്‍ ലീഗ് കേരള 2025 ഒക്ടോബര്‍ 2-ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ് ആരംഭിക്കുന്നത്. ടൂര്‍ണമെന്‍റിലെ രണ്ട് സെമിഫൈനലുകളും ഫൈനലും നഗരത്തില്‍ നടക്കുന്നത് കോഴിക്കോട്ടെ ഫുട്ബോള്‍ പ്രേമികള്‍ക്കുള്ള അംഗീകാരമാണ്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് ടീമുകളാണ് രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്‍റില്‍ മാറ്റുരയ്ക്കുന്നത്.
https://www.facebook.com/Malayalivartha