രഞ്ജിയിൽ മിന്നുന്ന പ്രകടനവുമായി കേരളം; രണ്ടാം ദിനത്തിൽ രാജസ്ഥാന് അടി പതറുന്നു

രഞ്ജി ട്രോഫിയിൽ രാജസ്ഥാനെതിരേ പിടിമുറുക്കി കേരളം. രണ്ടാം ദിവസം കളിനിർത്തുന്പോൾ രാജസ്ഥാൻ ഒന്നാം ഇന്നിംഗ്സിൽ 134/6 എന്ന നിലയിൽ പതറുകയാണ്. നാല് വിക്കറ്റ് ശേഷിക്കേ കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോർ മറികടക്കാൻ രാജസ്ഥാന് ഇനി 201 റണ്‍സ് കൂടി വേണം. കേരളം ഒന്നാം ഇന്നിംഗ്സിൽ 335 റണ്‍സ് നേടിയിരുന്നു.
232/3 എന്ന നിലയിൽ രണ്ടാം ദിനം തുടങ്ങിയ കേരളത്തിന്‍റെ മധ്യനിര തകർന്നടിഞ്ഞതാണ് 335 റണ്‍സിൽ ഇന്നിംഗ്സ് അവസാനിക്കാൻ കാരണം. ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 103 റണ്‍സ് മാത്രമാണ് കേരളം രണ്ടാംദിനം നേടിയത്. ക്യാപ്റ്റൻ സച്ചിൻ ബേബി 78 റണ്‍സ് നേടി. 25 റണ്‍സോടെ രണ്ടാംദിനം ബാറ്റിംഗിനെത്തിയ സഞ്ജു സാംസണ്‍ 42 റണ്‍സിന് പുറത്തായി.
മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ സ്പിന്നർ ജലജ് സക്സേനയ്ക്ക് മുന്നിൽ തകരുകയായിരുന്നു. രാജസ്ഥാന്‍റെ ആറ് വിക്കറ്റുകളും നേടിയത് സക്സേനയാണ്. 62 റണ്‍സ് നേടിയ യാഗ്നിക് മാത്രമാണ് സന്ദർശകർക്ക് വേണ്ടി പൊരുതിയത്.
https://www.facebook.com/Malayalivartha


























