ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ പാക്കിസ്ഥാന് ജയം

ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനു അത്ഭുത വിജയം. ഒരു പന്ത്ബാക്കി നിൽക്കെ രണ്ടു വിക്കറ്റിനായിരുന്നു പാക്കിസ്ഥാന്റെ ജയം. ഷദാബ് ഖാന്റെ ഓൾറൗണ്ട് പ്രകടനമാണു പാക്കിസ്ഥാനെ വിജയത്തിലേക്കെത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 124 റണ്‍സ് മാത്രമാണ് നേടാൻ കഴിഞ്ഞത്.
മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് ശ്രീലങ്ക തകരുകയായിരുന്നു. ഒരു ഘട്ടത്തിൽ 106/1 എന്ന നിലയിൽനിന്ന് 124/9 എന്ന നിലയിൽ ശ്രീലങ്ക തകർന്നു. ഫഹീം അഷ്റഫ് മൂന്നും ഹസൻ അലി രണ്ടും ഷദാബ് ഖാൻ ഒന്നും വിക്കറ്റ് നേടി. ഗുണതിലകെ(51), സമരവിക്രമ(32) എന്നിവർക്കൊഴികെ മറ്റാർക്കും ലങ്കൻ നിലയിൽ തിളങ്ങാൻ കഴിഞ്ഞില്ല. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനു തുടക്കം മുതൽ തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി.
ഒരു ഘട്ടത്തിൽ 55/4 എന്ന നിലയിൽ തകർന്ന പാക്കിസ്ഥാനെ സർഫ്രാസ് അഹമ്മദും(28) മുഹമ്മദ് ഹഫീസും(14) ചേർന്നു വിജയത്തിലെത്തിക്കുമെന്നു തോന്നിപ്പിച്ചെങ്കിലും ഇരുവരും പുറത്തായതോടെ പാക്കിസ്ഥാൻ വീണ്ടും തകർന്നു. എന്നാൽ അവസാന ഓവറുകളിൽ ഷദാബ് ഖാൻ നടത്തിയ ബാറ്റിംഗ് പ്രകടനം പാക്കിസ്ഥാനു നേരിയ ജയം സമ്മാനിക്കുകയായിരുന്നു. ഷദാബ് 16 റണ്‍സുമായി പുറത്താകാതെനിന്നു.
https://www.facebook.com/Malayalivartha


























