രഞ്ജിയിൽ കാഷ്മീരിനെതിരെ കേരളം ശക്തമായനിലയിൽ ;കേരളത്തിന് 46 റണ്‍സിന്‍റെ നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡ്

രഞ്ജിയിൽ സീസണിലെ മികച്ച പ്രകടനം കേരളം തുടരുകയാണ്. ആദ്യ ഇന്നിംഗ്സിൽ ജമ്മു കാഷ്മീരിനെ 173 റണ്‍സിൽ വീഴ്ത്തിയ കേരളം 46 റണ്‍സിന്‍റെ നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. കളിയുടെ രണ്ടാം ദിനം ചായയ്ക്ക് പിരിയുന്പോൾ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ കേരളം 42/1 എന്ന നിലയിലാണ്. 16 റണ്‍സോടെ ജലജ് സക്സേന ക്രീസിലുണ്ട്. 20 റണ്‍സ് നേടിയ വിഷ്ണു വിനോദാണ് പുറത്തായത്. ഒൻപത് വിക്കറ്റ് ശേഷിക്കേ 88 റണ്‍സ് ലീഡ് കേരളത്തിനുണ്ട്. ഒന്നാം ഇന്നിംഗ്സിൽ കേരളം 219 റണ്‍സിന് പുറത്തായിരുന്നു.
വിക്കറ്റ് പോകാതെ 16 എന്ന നിലയിൽ രണ്ടാം ദിനം തുടങ്ങിയ ജമ്മു കാഷ്മീർ മികച്ച നിലയിൽ നിന്നാണ് തകർന്നടിഞ്ഞത്. ബാണ്ഡി-കജൂരിയ ഓപ്പണിംഗ് സഖ്യം 82 റണ്‍സ് സ്കോർ ചെയ്തു. കജൂരിയ 41 റണ്‍സും ബാണ്ഡി 35 റണ്‍സും നേടി. എന്നാൽ 82-ൽ ആദ്യ വിക്കറ്റ് വീണതിന് പിന്നാലെ തുടരെ വിക്കറ്റുകൾ വീണത് സന്ദർശകർക്ക് തിരിച്ചടിയായി. പിന്നീട് സ്കോർ 86/4 എന്ന നിലയിലായി. അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റൻ പർവേസ് റസൂലും (28), ബന്ദീപ് സിംഗും (39) ചെറുത്തുനിന്നെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല. ഇരുവരും 53 റണ്‍സ് കൂട്ടിച്ചേർത്തു. വാലറ്റം കാര്യമായ ചെറുത്തുനിൽപ്പിലാതെ വീണതോടെ കാഷ്മീരിന്‍റെ ഇന്നിംഗ്സ് 173-ൽ അവസാനിച്ചു.
കേരളത്തിന് വേണ്ടി അക്ഷയ് നാലും സക്സേന, സിജോമോൻ എന്നിവർ മൂന്നും വീതം വിക്കറ്റുകൾ നേടി. ആദ്യ ഇന്നിംഗ്സിൽ സഞ്ജു സാംസണ്‍ നേടിയ സെഞ്ചുറിയുടെ ബലത്തിലാണ് കേരളം ഭേദപ്പെട്ട നിലയിൽ എത്തിയത്. സഞ്ജു 112 റണ്‍സ് നേടി.
https://www.facebook.com/Malayalivartha

























