ആഷസ്: വന്മതിൽ തീർത്ത് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ; ബോക്സിങ് ഡേ ടെസ്റ്റിലും ഇംഗ്ലണ്ടിന് രക്ഷയില്ല

ആഷസ് പരമ്പര നഷ്ടമായെങ്കിലും ഒരു ടെസ്റ്റെങ്കിലും ജയിച്ചു കരുത്തുകാട്ടാമെന്ന ഇംഗ്ലണ്ടിന്റെ മോഹം തല്ലിക്കെടുത്തി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. കരിയറിലെ 23ാം ടെസ്റ്റ് സെഞ്ച്വറി കുറിച്ചാണ് സ്മിത്ത് ഇത്തവണ ഓസ്‌ട്രേലിയയെ രക്ഷിച്ചത്. 102 റണ്‍സുമായി സ്മിത്ത് പുറത്താകാതെ നിന്നു. ഡേവിഡ് വാര്‍ണര്‍ 82 റണ്‍സെടുത്ത് പുറത്തായി.
ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് ഓപ്പണർ അലിസ്റ്റർ കുക്കിന്റെ ഇരട്ടസെഞ്ചുറിയുടെ പിൻബലത്തിൽ 164 റണ്‍സിന്റെ ലീഡ് നേടിയ ഇംഗ്ലണ്ടിന് വിജയ പ്രതീക്ഷ ഉണ്ടായിരുന്നു. ഓസ്‌ട്രേലിയുടെ രണ്ടാം ഇന്നിങ്സിന്റെ തുടക്കത്തിലേ രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ട് ജയം മണത്തു. പക്ഷെ തുടർന്നെത്തിയ ക്യാപ്റ്റൻ സ്മിത്ത് വാർണറെ കൂട്ട് പിടിച്ച് ഓസ്‌ട്രേലിയയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. നാലാം ദിനം മഴ കൂടി എത്തിയതോടെ ഓസ്‌ട്രേലിയയ്ക്ക് ആശ്വാസമായി.
എന്നാൽ അവസാന ദിനത്തിന്റെ തുടക്കത്തിലേ വാർണറെയും മാർഷിനെയും പുറത്താക്കി ഇംഗ്ലണ്ട് തിരിച്ചടിച്ചു. പക്ഷെ ഒരറ്റത്ത് നങ്കൂരമിട്ട സ്മിത്തിനെ തളക്കാൻ ഇംഗ്ലണ്ട് ബൗളർമാർക്ക് കഴിയാതെ വന്നതോടെ ഓസ്ട്രേലിയ സമനില പിടിച്ചു വാങ്ങി. സ്കോര്‍ ഓസ്ട്രേലിയ 327, 263/4, ഇംഗ്ലണ്ട് 491.
https://www.facebook.com/Malayalivartha

























