ലോക റെക്കോർഡുമായി കോളിന്‍ മണ്‍റോ; നിലം തൊടാതെ വെസ്റ്റിൻഡീസ്; ടെസ്റ്റ്, ഏകദിന പരമ്പരയ്ക്ക് പിന്നാലെ ട്വന്റി-20യും സ്വന്തമാക്കി ന്യൂസീലൻഡ്

ന്യൂസീലൻഡിനെതിരായ ട്വന്റി-20 പരമ്പരയിലെ അവസാന മത്സരത്തിൽ വെസ്റ്റിൻഡീസിന് ദയനീയ പരാജയം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിവീസ് കോളിൻ മൺറോയുടെ തകർപ്പൻ സെഞ്ച്വറിയുടെ പിൻബലത്തിൽ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 243 റണ്‍സ് നേടി. പത്ത് സിക്സുകളും മൂന്ന് ഫോറുകളുമടക്കം 47 പന്തിൽ നിന്ന് 104 റണ്‍സെടുത്താണ് താരം പുറത്തായത്.
ട്വന്റി-20 ക്രിക്കറ്റില്‍ മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമെന്ന ലോകറെക്കോർഡ് സ്വന്തമാക്കിയാണ് മൺറോ മടങ്ങിയത്. രോഹിത് ശര്‍മ, ബ്രന്‍ഡന്‍ മക്കല്ലം, എവിന്‍ ലെവിസ്, ക്രിസ് ഗെയ്ല്‍ എന്നിവര്‍ ട്വന്റി-20യിൽ രണ്ടു സെഞ്ചുറികള്‍ വീതം നേടിയിട്ടുണ്ട്.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് ആദ്യ ഓവറിൽ തന്നെ രണ്ടു വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ ക്രിസ് ഗെയ്ൽ, ചാഡ്‌വിക് വാൾട്ടണ്‍ എന്നിവരെ ടിം സൗത്തി സ്കോർ ബോർഡ് തുറക്കും മുൻപേ മടക്കി. ഇതോടെ ന്യൂസീലൻഡ് മത്സരത്തിൽ ആധിപത്യം നേടി.
വിന്‍ഡീസിന്റെ ഇന്നിംഗ്സ് 124 റൺസിന് അവസാനിച്ചു. 46 റണ്‍സ് നേടിയ ആന്ദ്രേ ഫ്ലെച്ചറാണ് വിൻഡീസിന്‍റെ ടോപ്പ് സ്കോറർ. കിവീസിന് വേണ്ടി സൗത്തി മൂന്ന് വിക്കറ്റ് നേടി. നേരത്തെ ടെസ്റ്റ്, ഏകദിന പരമ്പരകളും ന്യൂസീലൻഡ് സ്വന്തമാക്കിയിരുന്നു. ഒരു മത്സരം പോലും ജയിക്കാനാവാതെയാണ് വെസ്റ്റിൻഡീസിനെ മടക്കം.
https://www.facebook.com/Malayalivartha

























