ഏഷ്യന്‍ ഫുട്ബാള്‍ പോരാട്ടത്തിന് ഇന്ന് കിക്കോഫ്.. ഇന്ത്യന്‍ സമയം രാത്രി 9.30ന് ആതിഥേയരായ യു.എ.ഇയും അറബ് സൗഹൃദരാജ്യമായ ബഹ്റൈനും തമ്മില്‍ ഏറ്റുമുട്ടും
ഏഷ്യന്‍ ഫുട്ബാള്‍ പോരാട്ടത്തിന് ഇന്ന് കിക്കോഫ്. ഇന്ത്യന്‍ സമയം രാത്രി 9.30ന് വിസില്‍ മുഴങ്ങുന്ന ഉദ്ഘാടന മത്സരത്തില്‍ ഗ്രൂപ് 'എ'യില്‍ ആതിഥേയരായ യു.എ.ഇയും അറബ് സൗഹൃദരാജ്യമായ ബഹ്റൈനും തമ്മില്‍ ഏറ്റുമുട്ടും. അബൂദബിയിലെ സെയ്ദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലാണ് പോരാട്ടം. വലിയ സ്വപ്നങ്ങളുമായെത്തിയ ഇന്ത്യയുടെ ആദ്യ അങ്കം നാളെ തായ്ലന്ഡിനെതിരെയാണ്. ഷാര്‍ജയിലും അല്‍ഐനിലും നാളെ കളിമുറുകുന്നതോടെ അറേബ്യന്‍ മണ്ണില്‍ ഒരുമാസക്കാലം ഫുട്ബാളിന്റെ ഉത്സവരാവുകള്‍.
വന്‍കരയിലെ വിവിധ മേഖലകളില്‍നിന്ന് യോഗ്യത നേടിയ 24 ടീമുകള്‍ ആറ് ഗ്രൂപ്പുകളിലായാണ് ആദ്യ റൗണ്ടില്‍ മത്സരിക്കുന്നത്. ആദ്യ രണ്ടു സ്ഥാനക്കാര്‍ നേരിട്ട് പ്രീക്വാര്‍ട്ടറിലെത്തും. മികച്ച മൂന്നാം സ്ഥാനക്കാരില്‍നിന്ന് നാലു പേര്‍ക്കും മുന്നേറാം. ലോകകപ്പില്‍ ഹിറ്റായ 'വിഡിയോ അസിസ്റ്റന്‍സ് റഫറി' (വാര്) ഏഷ്യന്‍ കപ്പിലും. ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലാവും വാര് ഏര്‍പ്പെടുത്തുക. ജനുവരി 24 ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ തുടങ്ങി ഏഴ് മത്സരങ്ങളില്‍ വാറിനു കീഴിലാവും കളി.
സബ്സ്റ്റിറ്റിയൂഷന്: നോക്കൗട്ട് റൗണ്ടില്‍ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയാല്‍ ടീമുകള്‍ക്ക് അധിക സബ്സ്റ്റിറ്റിയൂഷന് അനുവദിക്കും. അങ്ങനെയെങ്കില്‍ നിശ്ചിത സമയത്തെ മൂന്ന് കഴിഞ്ഞാല്‍ ഒരാളെക്കൂടി പകരക്കാരനായിറക്കാം.
"
പുതിയ ട്രോഫി: 63 വര്‍ഷം പഴക്കമുള്ള ചാമ്പ്യന്‍ഷിപ്പില്‍ ഇക്കുറി പുതിയ ട്രോഫി. കഴിഞ്ഞ മേയിലാണ് പുതിയ ട്രോഫി പുറത്തിറക്കിയത്. ഇംഗ്ലണ്ടിലെ പ്രമുഖ ഡിസൈനറായ തോമസ് ലൈറ്റാണ് വന്‍കരയുടെ ജേതാക്കള്‍ക്കുള്ള ട്രോഫി രൂപകല്പന ചെയ്തത്.
https://www.facebook.com/Malayalivartha