കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നാലാം ദിനം സ്വര്‍ണക്കൊയ്ത്തുമായി ഇന്ത്യ

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നാലാം ദിനം സ്വര്‍ണക്കൊയ്ത്തുമായി ഇന്ത്യ. ഭാരദ്വോഹനത്തില്‍ ഒരു സ്വര്‍ണവും ഷൂട്ടിങ്ങില്‍ ഒന്നു വീതം സ്വര്‍ണവും വെള്ളിയും ഇന്ത്യ നേടി. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം ആറായി ഉയര്‍ന്നു. ബോക്‌സിങ്ങില്‍ മേരി കോം സെമി ഫൈനലില്‍ കടന്നതോടെ ഇന്ത്യ ഒരു മെഡല്‍ കൂടി ഉറപ്പിച്ചിട്ടുണ്ട്.
ഭാരോദ്വഹനം 69 കിലോഗ്രാം വിഭാഗത്തില്‍ പൂനം യാദവ്, വനിതകളുടെ 10 മീറ്റര്‍ എയര്‍പിസ്റ്റളില്‍ മനു ഭാക്കര്‍ എന്നിവരാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഹീന സിദ്ധു വെള്ളിയും സ്വന്തമാക്കി. ആറു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമായി ഇന്ത്യ മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുകയാണ്.
222 കിലോഗ്രാം ഭാരമുയര്‍ത്തിയാണ് കഴിഞ്ഞ ഗെയിംസിലെ വെങ്കലം പൂനം സ്വര്‍ണത്തിലെത്തിച്ചത്. സ്‌നാച്ചില്‍ 100 കിലോഗ്രാമും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 122 കിലോഗ്രാമുമാണ് താരം ഉയര്‍ത്തിയത്. ഇംഗ്ലണ്ടിന്റെ സാറാ ഡേവിസ് വെള്ളിയും ഫിജിയുടെ അപോളോണിയ വെങ്കലവും നേടി.
ഗെയിംസ് റെക്കോഡോടെയായിരുന്നു പതിനാറുകാരിയായ മനു ഭാക്കറിന്റെ സുവര്‍ണനേട്ടം. മനു 240.9 പോയിന്റ് നേടിയപ്പോള്‍ വെള്ളി നേടിയ ഹീന 234 പോയിന്റ് നേടി. ഓസ്‌ട്രേലിയയുടെ എലേന ഗാലിയോബോവിച്ചിനാണ് വെങ്കലം.
https://www.facebook.com/Malayalivartha
























