ഫെഡറര്‍ക്കും കോഹ്‌ലിക്കും ഒപ്പം നില്‍ക്കുന്ന അനുഷ്‌കയെ ഇതിഹാസതാരമാക്കിയ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധം

റോജര്‍ ഫെഡര്‍, വിരാട് കോഹ്‌ലി എന്നിവര്‍ക്കൊപ്പം അനുഷ്‌ക ശര്‍മ്മ നില്‍ക്കുന്ന ചിത്രത്തിന് മൂന്ന് ഇതിഹാസങ്ങള്‍ എന്ന ശീര്‍ഷകം നല്‍കി പോസ്റ്റ് ചെയ്ത ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അധികൃതര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധവും പരിഹാസവും. മെല്‍ബണില്‍ ഓസീസിനെതിരായ ഏകദിന പരമ്പര വിജയത്തിനു പിന്നാലെ ഇന്ത്യന്‍ നായകനും ഭാര്യ അനുഷ്‌ക ശര്‍മ്മയും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് കാണാന്‍ പോയിരുന്നു. ഇതിനു പിന്നാലെ ഇതിഹാസ താരം റോജര്‍ ഫെഡര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം കോഹ്‌ലി പങ്കുവെച്ചിരുന്നു.
മൂന്ന് ഇതിഹാസങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അധികൃതര്‍ തങ്ങളുടെ ഔദ്യോഗിക പേജുകളില്‍ ചിത്രം പങ്കുവെച്ചു. എന്നാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അധികൃതര്‍ നല്‍കിയ ശീര്‍ഷകം സമൂഹമാധ്യമങ്ങളിലെ ഒരു വിഭാഗത്തിന് രസിച്ചില്ല. കോഹ്‌ലിക്കും ഫെഡറര്‍ക്കൊപ്പം അനുഷ്‌ക ശര്‍മ്മയെ ഇതിഹാസം എന്നു വിളിച്ചതാണ് അവരെ ചൊടിപ്പിച്ചത്.
ചിത്രത്തില്‍ നിന്ന് അനുഷ്‌കയെ വെട്ടിമാറ്റിയിട്ട് ഇപ്പോള്‍ ശരിയായി, ഇതിഹാസങ്ങള്‍ ഇവരാണ് എന്ന കുറിപ്പോടെ ചിത്രം പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്കെതിരെ അനുഷ്‌കയുടെ ആരാധകര്‍ രംഗത്തെത്തി. അനുഷ്‌ക സ്ത്രീയായി എന്നതാണോ ഇവരുടെ പ്രശ്‌നമെന്നും ഇത്തരം നടപടികള്‍ അസഹിഷ്ണുതയാണ് കാണിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha