എത്യോപ്യയിലെ ഋതുഭേദങ്ങളൊരുക്കുന്ന വര്‍ണ്ണജാലങ്ങള്‍

ഒരോ യാത്രയും ജീവിതത്തോട് പറയുന്നത് പകരം വയ്ക്കാനാവാത്ത ചില അപൂര്‍വ്വ നിമിഷങ്ങളെക്കുറിച്ചാണ്. എല്ലാ യാത്രകളും നമ്മുടെ കാഴ്ചയും കാഴ്ചപ്പാടുകളും നവീകരിക്കും. അഭൂതപൂര്‍വ്വമായ ചിത്രങ്ങള്‍ ചില യാത്രകള്‍ പകര്‍ന്നു നല്‍കും. യാത്രകള്‍ തുറന്നു തരുന്ന സാധ്യതകള്‍ അനന്തമാണ്. അവശേഷിപ്പിക്കുന്ന ഓര്‍മ്മകള്‍ അവര്‍ണ്ണനീയവും.
കിഴക്കന്‍ ആഫ്രിക്കയിലെ ജനസംഖ്യയില്‍ രണ്ടാം സ്ഥാനവും വലിപ്പത്തില്‍ പത്താം സ്ഥാനവും ഉള്ള എത്യോപ്യയിലേക്ക് ഒരു യാത്ര നടത്തിയാല്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത മനോഹരമായ ഒരു സ്വപ്ന സഞ്ചാരമാകും അത്. തലസ്ഥാന നഗരമായ അദ്ദിസ് അബാബയില്‍ നിന്നും തൊള്ളായിരം കിലോമീറ്റര്‍ അകലെ ഒമോവാല്ലി എന്ന അതി മനോഹരമായ ഒരു താഴ്വാരമുണ്ട്. അദ്ദിസ് അബാബയിലെ അന്താരാഷ്ട്ര വിമാനത്താവളമാണ് ബോള്‍.
അവിടെ നിന്നും ഒമോവാല്ലിയിലേക്ക് പന്ത്രണ്ട് മണിക്കൂര്‍ നീണ്ട യാത്രയുണ്ട്. പെട്ടെന്ന് തന്നെ നഗരത്തിന്റെ തിരക്കുകള്‍ മാറി പുല്ലും മുളയും കൊണ്ട് മേഞ്ഞ ചെറിയ കുടിലുകളും പച്ച പുതച്ച മനോഹരമായ കുന്നിന്‍ ചെരിവുകളും കണ്ടു തുടങ്ങും.
റോഡിനിരുവശവും കാപ്പി തോട്ടങ്ങളും ചണവും ചോളവും ഇടതൂര്‍ന്നു നില്‍ക്കുന്നതു കാണാം. വളരെ ചെറിയ പെണ്‍കുട്ടികളും ആണ്‍കുട്ടികളും വരെ ആടുകളുടെയും പശുക്കളുടെയും കൂട്ടവുമായി പോകുന്നതും കണ്ണില്‍പ്പെടും. ഭൂമിശാസ്ത്ര പരമായി ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞതാണ് എത്യോപ്യ. സമുദ്ര നിരപ്പില്‍ നിന്നും നൂറു മീറ്ററില്‍ അധികം താഴെയുള്ള പ്രദേശങ്ങള്‍ മുതല്‍ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതങ്ങള്‍ വരെ ഇവിടെ കാണാം. എത്യോപ്യന്‍ ബിര്‍ നമ്മുടെ രൂപയേക്കാള്‍ ഇരട്ടി മൂല്യമുള്ളപ്പോള്‍ എങ്ങനെ ഇത്ര പട്ടിണിയും നിരക്ഷരതയും എന്ന് നാം ആലോചിച്ചുപോകും. കഴുതപ്പുറത്ത് ആണ് കൂടുതല്‍ ആളുകളും സഞ്ചരിച്ചിക്കുന്നത്.
കാപ്പിയുടെ ജന്മ സ്ഥലമാണ് എത്യോപ്യ. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ കാപ്പി ഉല്‍പ്പാദിപ്പിക്കുന്നതും ഇവിടെ തന്നെ. നൈല്‍നദിയിലെ എണ്‍പത്തഞ്ച് ശതമാനം ജലവും നാല് വശവും കരയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടെ നിന്നാണ് പോകുന്നത് .
അഡിസ് അബാബയില്‍ നിന്ന് ഇരുനൂറു കിലോമീറ്റര്‍ അകലെയുള്ള ഒരു ഇടത്താവളമാണ് ബുട്ടാജിറ.അവിടെ എത്യോപ്യയിലെ പ്രശസ്തമായ 'ബുന്ന' എന്ന കാപ്പി ലഭിക്കും. കനലില്‍ മണി ക്കൂറുകളോളം തിളപ്പിച്ചാണ് ബുന്ന ഉണ്ടാക്കുന്നത് .
ഓരോ നൂറു കിലോമീറ്റര്‍ പിന്നിടുമ്പോഴും മഴ മാറി വെയിലും വെയില്‍ മാറി തണുപ്പും പിന്നെ ഇളം ചൂടും വന്നു കൊണ്ടിരിക്കും. പോകുന്ന വഴിയിലൊക്കെ കുടിവെള്ളം ശേഖരിച്ചു പോകുന്ന കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും നീണ്ട നിരതന്നെ കാണാം. കന്നാസുകളില്‍ വെള്ളം നിറച്ചു കഴുതകളുടെ പുറത്തു കെട്ടിവെച്ചാണ് പോയിരുന്നത്. ഒരു കുട്ടി പോലും സ്‌കൂളിലേക്ക് പോകുന്ന കാഴ്ച എവിടെയും കാണാന്‍ കിട്ടില്ല. വഴിയുടെ ഇരു വശത്തുമുള്ള പാടങ്ങള്‍ക്ക് നടുവിലായി കുറെയേറെ ഏറു മാടങ്ങളും അവയിലൊക്കെ ആളുകളും ഉണ്ടാകും.പാടങ്ങളില്‍ ശല്യക്കാരായി വരുന്ന ആള്‍ക്കുരങ്ങുകളെയും പന്നികളെയും പക്ഷികളെയുമൊക്കെ ഓടിക്കലാണ്് ഇവരുടെ പണി. പ്രായമാവര്‍ മുതല്‍ ചെറിയ കുട്ടികള്‍ വരെ യുണ്ടാകും ഈ കൂട്ടത്തില്‍.
ഒരു ദിവസം രാവും പകലും മുഴുവന്‍ കാവല്‍ നിന്നാല്‍ ഒരു അമേരിക്കാന്‍ ഡോളര്‍ ആണ് അവരുടെ ശമ്പളം.
പക്ഷേ നിറം കെട്ട ഇവരുടെ ജീവിതത്തില്‍ നിറങ്ങളുടെ ഉത്സവം പോലെയാണ് ആളുകളുടെ വസ്ത്രധാരണം. കണ്ണഞ്ചിപ്പിക്കുന്ന നിറത്തിലുള്ള പരമ്പരാഗത വസ്ത്രങ്ങളാണ് അവര്‍ ധരിക്കുന്നത്. എല്ലാവര്‍ക്കും ഒരേപോലെയുള്ള ഉടുപ്പുകളായിരുന്നു എന്നു മാത്രം. നിറവും ഡിസൈനും എല്ലാം ഒന്ന് തന്നെ. യൂണിഫോം അണിഞ്ഞു പോകുന്ന കുട്ടികളുടെ,ചെറുപ്പക്കാരുടെ, മുതിര്‍ന്നവരുടെ ഒരു കൂട്ടം പോലെ തോന്നിച്ചു .
ശരിക്കും മോഹിപ്പിക്കുന്ന ഭൂപ്രകൃതി ആണ്. പച്ച വിരിച്ച കുന്നുകളും വാഴത്തോട്ടങ്ങളും ചോള വയലുകളും അതിനിടയില്‍ കൂണുകള്‍ പോലെ കുഞ്ഞു കുടിലുകളും നിറഞ്ഞ അതിസുന്ദരമായ എത്യോാപ്യന്‍ കാഴ്ചവിരുന്ന്.
വളരെ വ്യത്യസ്തമായ ജീവിതരീതികള്‍ ഉള്ള ഗോത്ര, ഗിരിവര്‍ഗ വിഭാഗങ്ങളാണ് ദക്ഷിണ എത്യോാപ്യയിലെ തുര്‍മിയില്‍ ഉള്ളത്. 'ഹരോ' , 'മുര്‍സി ', 'ഹാമര്‍' എന്നിവരാണ് പ്രധാനമായും. അവരുടെ ചന്തയില്‍ എത്തിയാല്‍ കാണുന്ന കാഴ്ച ആരേയും അമ്പരപ്പിക്കും. മാറു മറയ്ക്കാത്ത ഗോത്രവര്‍ഗ്ഗ സ്ത്രീകള്‍. ഏതു വീട്ടില്‍ പോയാലും അവരുടെ പരമ്പാഗത മദ്യമായ 'തേജ് ' നമുക്ക് തരും. ഇരുണ്ട മഞ്ഞ നിറമുള്ള മദ്യം ഏതോ മരുന്ന് പോലെ തോന്നുമെന്നു മാത്രം!
പുല്ലും മുളയും മണ്ണും ചേര്‍ത്ത മിശ്രിതം കൊണ്ടാണ് വൃത്താകൃതിയില്‍ കൂടാരം പോലെ വീട് ഉണ്ടാക്കുന്നത്. നമ്മുടെ ജീവിത പരിസരത്തില്‍ നിന്നും തികച്ചും വ്യത്യസ്തരായ ഒരു ജനതയെ കാണുന്നത്, അവരുടെ ജീവിതം അറിയുന്നത് ഒരു സ്വപ്നം പോലെ അനുഭവപ്പെടും. ഭൂമിയുടെ ഏതൊക്കെ വിദൂരതകളില്‍ ജീവിതങ്ങളിങ്ങനെ എത്രയോ വ്യത്യസ്തമായി അജ്ഞാതമായി നമ്മെ കാത്തിരിക്കുന്നുണ്ടാവും. ഒരു ജീവിതം മതിയാവില്ലല്ലൊ ഭൂമി നമുക്കായ് ഒരുക്കിയ ഈ അനന്ത വൈവിധ്യങ്ങളെ അറിയാന്‍ .
ഇത്രമേല്‍ വികസിച്ച ഒരു ലോകത്ത് ഇന്റര്‍നെറ്റ് , കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ , സ്‌കൂള്‍, ഇതൊക്കെ എന്തെന്നറിയാതെ ഇപ്പോഴും ഒരുപാട് മനുഷ്യര്‍. പട്ടിണി കൊണ്ട് കരുവാളിച്ച മുഖങ്ങളിലും മനുഷ്യ സ്‌നേഹത്തിന്റെ വെണ്മ നമുക്ക് കാണാനാവും! ഓരോ യാത്രയും നമുക്ക് തരുന്നത് ആകസ്മികവും അപൂര്‍വ്വങ്ങളുമായ അനുഭവങ്ങളാണ്.
https://www.facebook.com/Malayalivartha