പൊതുജനങ്ങള്‍ക്കായി വാട്ടര്‍അതോറിറ്റിയുടെ കുപ്പിവെള്ളം അടുത്തമാസം വിപണിയില്‍

വാട്ടര്‍ അതോറിട്ടി പൊതുജനങ്ങള്‍ക്കായി കുറഞ്ഞ വിലയില്‍ പുറത്തിറക്കുന്ന കുപ്പിവെള്ളം ഫെബ്രുവരിയില്‍ വിപണിയിലെത്തും. കുപ്പിവെള്ളം ഉത്പാദിപ്പിക്കുന്നതിനായി അരുവിക്കരയില്‍ സ്ഥാപിക്കുന്ന പ്‌ളാന്റിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. യന്ത്രങ്ങളെല്ലാം സ്ഥാപിച്ചു. ഇവയ്ക്ക് ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബി.ഐ.എസ്), ഭക്ഷ്യസുരക്ഷ, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് എന്നിവയുടെ അംഗീകാരം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് വാട്ടര്‍ അതോറിട്ടി. ഈമാസം അവസാനം അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്. 16 കോടിയാണ് പദ്ധതി ചെലവ്. തൊടുപുഴയില്‍ ജലസേചന വകുപ്പിന് കുപ്പിവെള്ള പ്‌ളാന്റുണ്ട്. വാട്ടര്‍ അതോറിട്ടിയുടെ പ്‌ളാന്റും ഇതിന് സമാനമായിരിക്കും.
അര, ഒന്ന്, രണ്ട് ലിറ്റര്‍ ബോട്ടിലുകളാണ് പുറത്തിറക്കുക. 20 ലിറ്ററിന്റെ കാനും പുറത്തിറക്കാന്‍ ആലോചനയുണ്ട്. പ്രതിദിനം 7200 ലിറ്ററാണ് ഉത്പാദിപ്പിക്കുക. റിവേഴ്‌സ് ഓസ്‌മോസിസ്, ഡീക്‌ളോറിനേഷന്‍ എന്നിവയിലൂടെയാണ് കുടിവെള്ളം ശുദ്ധീകരിക്കുക. ഒരു ലിറ്ററിന്റെ ബോട്ടിലിന് 15 രൂപയും, രണ്ട് ലിറ്ററിന് 20 രൂപയുമാണ് തത്വത്തില്‍ തീരുമാനിച്ചിരിക്കുന്ന വില.
വാട്ടര്‍ അതോറിട്ടിയുടെ ഔട്ട്‌ലെറ്റുകളില്‍ 15 രൂപയുടെ കുപ്പിവെള്ളം 10 രൂപയ്ക്ക് ലഭിക്കും. വാട്ടര്‍ അതോറിട്ടിയുടെ ഔട്ട്‌ലെറ്റുകള്‍, റീട്ടെയില്‍ മാര്‍ക്കറ്റ് എന്നിവയിലൂടെയാകും വില്പന. ഇതിനായി എല്ലാ ജില്ലകളിലും ഔട്ട്‌ലെറ്റുകള്‍ തുടങ്ങും.
"
https://www.facebook.com/Malayalivartha