കുറഞ്ഞ വിലക്ക് ശുദ്ധമായ കുപ്പിവെള്ളവുമായി ജലഅതോറിറ്റി വിപണിയിലേക്ക്
പൊതു ജനങ്ങള്‍ക്ക് കുറഞ്ഞ വിലക്ക് പരിശുദ്ധമായ കുപ്പിവെള്ളം ലഭ്യമാക്കാന്‍ വേണ്ടി ജലഅതോറിറ്റി സ്ഥാപിക്കുന്ന കുപ്പിവെള്ള പ്ലാന്റിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്. 16 കോടി രൂപ മുതല്‍ മുടക്കി തിരുവന്തപുരം ജില്ലയിലെ അരുവിക്കരയിലാണ് പ്ലാന്റ് നിര്‍മ്മിക്കുന്നത്. വേനല്‍ കടുത്തു തുടങ്ങുന്ന ഫെബ്രുവരി മുതല്‍ കുപ്പിവെള്ളം വിപണിയിലെത്തിക്കാനാണ് ജല അതോറിറ്റിയുടെ ശ്രമം. പ്രതിദിനം 7,200 ലിറ്റര്‍ കുപ്പിവെള്ളം ഉദ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കുപ്പിവെള്ളത്തിന് നല്കുന്ന പേര് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് അറിയുന്നത്.
യന്ത്രങ്ങളെല്ലാം പൂര്‍ണ്ണ സജ്ജമായിക്കഴിഞ്ഞു. ഇവയ്ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ്, ഭക്ഷ്യസുരക്ഷ, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് എന്നിവയുടെ അംഗീകാരം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ ജലസേചന വകുപ്പിന് തൊടുപുഴയില്‍ ഹില്ലി അക്വ എന്ന പേരില്‍ കുപ്പിവെള്ള പ്ലാന്റ് ഉണ്ട്. വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ഹില്ലി അക്വയുടെ നിര്‍മ്മാണ രീതിയില്‍ തന്നെയാണ് ജലഅതോറിറ്റിയുടെ പ്ലാന്റും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അരലിറ്റര്‍, ഒരു ലിറ്റര്‍, രണ്ടു ലിറ്റര്‍ ബോട്ടിലുകളാണ് അതോറിറ്റി പുറത്തിറക്കുന്നത്. 20 ലിറ്ററിന്റെ കാനും പുറത്തിറക്കാന്‍ ആലോചനയുണ്ട്.
ഒരു ലിറ്ററിന്റെ ബോട്ടിലിന് 15 രൂപയും രണ്ട് ലിറ്ററിന് 20 രൂപയുമാണ് തത്വത്തില്‍ തീരുമാനിച്ചിരിക്കുന്ന വില. ജല അതോറിറ്റിയുടെയും ജയില്‍ വകുപ്പിന്റെയും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെയും അടക്കം ഔട്ട് ലെറ്റുകളില്‍ 15 രൂപയുടെ കുപ്പിവെള്ളം 10 രൂപയ്ക്ക് നല്‍കാനാണ് ആലോചന.
https://www.facebook.com/Malayalivartha