റോബോട്ടുകള്‍ നമ്മുടെ തൊഴിലുകള്‍ തട്ടിയെടുക്കുമോ?

നമ്മുടെ തൊഴില്‍രംഗം റോബോട്ടുകള്‍ കൈയടക്കുമോയെന്ന ഭീതി ഇപ്പോൾ പരക്കെയുണ്ട്. . അതേസമയം പണ്ട് കമ്പ്യൂട്ടറുകൾ വരാൻ തുടങ്ങുമ്പോഴും ഇത് പോലുള്ള അങ്കലാപ്പുകൾ ഉണ്ടായിരുന്നു എന്നും മനുഷ്യനു ദുഷ്‌കരമായ ജോലികള്‍ ചെയ്യാന്‍ റോബോട്ടുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നതു തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട് .
റോബോട്ടുകള്‍ നമ്മുടെ തൊഴിലുകള്‍ തട്ടിയെടുക്കുമോ? വര്‍ഷങ്ങളായി ബിസിനസ്, സാങ്കേതികവിദ്യാ ലോകം ഈ വിഷയത്തില്‍ ചര്‍ച്ചയിലാണ്. റോബോട്ടുകളെ തള്ളിപ്പറയുന്നവര്‍, നമ്മുടെ തൊഴിലുകള്‍ നഷ്ടമാകുന്നതും റോബോട്ടുകള്‍ ഭാവിയില്‍ നമ്മളെ അടിമകളാക്കുന്നതും ഒടുവില്‍ മനുഷ്യരെക്കൊല്ലുന്നതും പ്രവചിക്കുന്നു. റോബോട്ട് സ്‌നേഹികളാകട്ടെ ദുഷ്‌കരവും മുഷിപ്പിക്കുന്നതുമായ ജോലികളില്‍ നിന്ന് മനുഷ്യനു മോചനം നല്‍കുന്നവരായാണ് റോബോട്ടുകളെ വീക്ഷിക്കുന്നത്.
വിവിധ മേഖലകളില്‍ ഇപ്പോള്‍ തന്നെ റോബോട്ടുകലെ വിവിധ ജോലികൾക്ക് ഉപയോഗിക്കുന്നുണ്ട്. അടുത്തിടെയാണ് ദുബായ് പൊലീസ് ഡ്യൂട്ടിക്കായി റോബോകോപ്പിനെ ഇറക്കിയത്. ഇതുപോലെ കണ്‍സ്ട്രക്ഷന്‍ മേഖലയിലും ഉല്‍പ്പന്നങ്ങള്‍ ഡെലിവറി ചെയ്യാനുമെല്ലാം റോബോട്ടുകളെ നിയോഗിക്കുന്ന പ്രവണത കൂടാനാണ് സാധ്യത
നിര്‍മാണ മേഖലയിലാണ് റോബോട്ടുകള്‍ പ്രധാനമായും ഉപയോഗപ്പെടുന്നത്. കംപ്യൂട്ടര്‍ നിയന്ത്രിതമായ യന്ത്രങ്ങളുടെ പ്രവര്‍ത്തനം, ഇന്‍ജെക്ഷന്‍ മോള്‍ഡിംഗ്, അസംബ്ലിലെയ്ന്‍ പ്രവൃത്തികള്‍-ഉല്‍പ്പന്നങ്ങള്‍ പാക്ക് ചെയ്യല്‍ പോലുള്ളവ-എന്നിവയാണ് പ്രധാനമായും റോബോട്ടുകള്‍ നിര്‍വഹിക്കുന്നത്. എന്നാല്‍ ബിസിനസിന് പുറത്തുള്ള റോബോട്ടിക്‌സിന് പരിധികളില്ല. ന്യൂറോസര്‍ജറിക്ക് ഡോക്ടര്‍മാരെ സഹായിക്കുകയും യൂറോപ്പിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യുന്നത് റോബോട്ടുകളാണ്. മനുഷ്യന് കഴിയാത്ത, ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ റോബോട്ടുകള്‍ക്ക് കഴിയുമെന്നാണ് യൂണിവേഴ്‌സല്‍ റോബോട്ട്‌സ് ജനറല്‍ മാനേജര്‍ സ്‌കോട്ട് മെയ്ബി അഭിപ്രായപ്പെടുന്നത്.
വ്യാവസായിക, ബിസിനസ് മേഖലകളില്‍ റോബോട്ടിക്‌സിന് പൊതുവേ ഒരേയൊരുലക്ഷ്യം മാത്രമാണുള്ളത്- എളുപ്പത്തിലും കുറഞ്ഞ ചെലവിലും കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുക. കമ്പനികള്‍ക്ക് താല്‍പര്യം ലാഭത്തിലാണ്.
മനുഷ്യാധ്വാനം എത്രകണ്ട് ഒഴിവാക്കുന്നുവോ അത്രയും ലാഭകരമാകും പ്രവര്‍ത്തനങ്ങള്‍. പൂര്‍ണമായും മനുഷ്യനെ ഒഴിവാക്കുന്ന തരത്തിലേക്ക് എല്ലാ മേഖലകളും ഇനിയും എത്തിയിട്ടില്ലെങ്കിലും ചില വ്യവസായങ്ങള്‍ വേഗത്തില്‍ റോബോട്ട്‌വല്‍ക്കരണത്തിലേക്കടുക്കുകയാണ്. ബിഎംഡബ്ല്യു പോലുള്ള കമ്പനികൾ റോബോട്ടുകളുടെ പ്രധാന ഉപയോക്താക്കളാണ്.
അതുകൊണ്ടുതന്നെ കൃത്രിമബുദ്ധിയുടെ വരവില്‍ ജോലി പോകുമോയെന്ന ഭയത്തിലാണ് വിവിധ മേഖലകളിലുള്ളവര്‍. കേവലം 10 വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനില്‍ മാത്രം നാല് ദശലക്ഷം പേരുടെ ജോലി റോബോട്ടുകള്‍ കൊണ്ടുപോകുമെന്നാണ് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ പറയുന്നത്.
ബ്രിട്ടനിലെ സ്വകാര്യ മേഖലയിലെ തൊഴില്‍ശക്തിയുടെ 15 ശതമാനം വരുമിത്. ഫിനാന്‍സ്, എക്കൗണ്ടിംഗ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഡിസ്ട്രിബ്യൂഷന്‍ തുടങ്ങി വിവധ മേഖലകളിലുളളവരുടെ തൊഴിലുകള്‍ ഓട്ടോമേഷനിലൂടെ പോകും.അതുകൊണ്ടു തന്നെ ജോലി പോകുന്നവരുടെ എണ്ണം സ്വാഭാവികമായും കൂടും.ഇവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ നമുക്ക് സാധിക്കുമോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.
ഒരു കാര്യം എങ്ങനെ ചെയ്യണം എന്നതില്‍ റോബോട്ടുകള്‍ക്ക് ചെറിയ പരീശീലനം മാത്രം മതി. ഇത് മനുഷ്യരില്‍ നിന്ന് വ്യത്യസ്തമാണ്. സ്വന്തം ജോലി നഷ്ടപ്പെടാതിരിക്കാന്‍ പെട്ടെന്നുതന്നെ റോബോട്ടുകളെ നിയന്ത്രിക്കാന്‍ പഠിക്കുകയാണ് വേണ്ടത്. മനുഷ്യന്‍ എല്ലായ്‌പ്പോഴും സാങ്കേതികവിദ്യയോട് ഇണങ്ങിയിട്ടുണ്ട്. ഇപ്പോഴുള്ള ജോലികള്‍ നഷ്ടമാകുന്നവരെ എന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രശ്‌നം. റോബോട്ടുകള്‍ ജോലികള്‍ മനുഷ്യനില്‍ നിന്ന് ഏറ്റെടുക്കുമെന്നുറപ്പാണ്.
പുതിയ സാങ്കേതികവിദ്യയോട് അടുക്കാനും പുതിയ നയത്തിലൂടെ ആളുകള്‍ക്ക് ജോലി ചെയ്യാനുള്ള കഴിവ് ആര്‍ജിക്കാനും സഹായിക്കുന്ന നയങ്ങള്‍ ഇപ്പോഴെ തുടങ്ങിവയ്ക്കണമെന്നതാണ് ഇതിനുള്ള പ്രതിവിധി. ഓരോ റോബോട്ടും ജോലിസ്ഥലത്ത് എത്തുമ്പോള്‍ അതിനെ നിയന്ത്രിക്കാന്‍, സര്‍വീസ് ചെയ്യാന്‍, പരിപാലിക്കാനെല്ലാം ആളുകളെ വേണം.ഇത്തരം ജോലികളിൽ പ്രാവീണ്യമുള്ളവരെയായിരിക്കും നാളത്തെ വ്യാവസായിക കേന്ദ്രങ്ങൾക്കാവശ്യം
അമേരിക്കന്‍ നിക്ഷേപസ്ഥാപനം ബെര്‍ക്‌ഷെര്‍ ഹാത്‌വേയ്ക്ക് കീഴിലുള്ള സ്‌കോട്ട് ഫെറ്റ്‌സര്‍ ഇലക്ട്രിക്കല്‍ ഗ്രൂപ്പ് യൂണിവേഴ്‌സല്‍ റോബോട്‌സ് കമ്പനിയില്‍ നിന്ന് റോബോട്ടുകളെ വാങ്ങിയപ്പോള്‍ അവിടുത്തെ തൊഴിലാളികളെ ഏറ്റവുമധികം അലട്ടിയത് തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയായിരുന്നു.
എന്നാല്‍ തൊഴില്‍ നഷ്ടമായില്ലെന്നു മാത്രമല്ല 20 ശതമാനം ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുകയാണ് ഇത് ചെയ്തതെന്ന് കമ്പനി മാനേജര്‍ സ്‌കോട്ട് ഫെറ്റ്‌സര്‍ സാക്ഷ്യപ്പെടുത്തുന്നു. റോബോട്ടുകള്‍ സ്ഥാപിച്ചത് കൂടുതല്‍ തൊഴില്‍ അവസരങ്ങളുമുണ്ടാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
https://www.facebook.com/Malayalivartha