മമ്മൂട്ടിയുടെ ആരാധികയായി നാൻസി റാണിയിൽ അഹാന കൃഷ്ണ, സിനിമ സെറ്റിൽ ആകെ സർപ്രൈസ്

മമ്മൂട്ടിയുടെ ആരാധികയായി അഹാന കൃഷ്ണ അഭിനയിക്കുന്ന നാൻസി റാണി എന്ന ചിത്രത്തിലെ ഫാൻസ് സോംഗിന്റെ ചിത്രീകരണം ഇന്ന് തിരുവനന്തപുരം കാട്ടാക്കട കാളിദാസ് തിയേറ്ററിൽ നടക്കും. മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകരും ഈ ഗാന ചിത്രീകരണത്തിൽ പങ്കെടുക്കും.
നവാഗതനായ ജോസഫ് മനു ജെയിം സ് സംവിധാനം ചെയ്യുന്ന നാൻസി റാണിയിൽ അഹാന കൃഷ്ണയ്ക്കൊപ്പം ലാൽ, അജുവർഗീസ്, അർജുൻ അശോകൻ, ധ്രുവൻ, ബേസിൽ ജോസഫ്, വിശാഖ് നായർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. റോയ് സെബാസ്റ്റ്യൻ കൈലാത്ത്, ജോൺ ഡബ്ളിയു. വർഗീസ്, രജനീഷ് ബാബു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് രാഗേഷ് നാരായണനാണ്.
'ഞാൻ സ്റ്റീവ് ലോപസ്' എന്ന സിനിമയിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച അഹാന, ഇതുവരെയായി അഞ്ച് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' ആയിരുന്നു അഹാനയുടെ രണ്ടാമത്തെ ചിത്രം. ഇതുകഴിഞ്ഞ് ലൂക്ക എന്ന സിനിമയിൽ ടൊവിനോ തോമസിന്റെ നായികയായി. 'പതിനെട്ടാം പടി'യിൽ പൃഥ്വിരാജിന്റെ അധ്യാപികയായി അഹാന തന്റെ പ്രായത്തിൽക്കവിഞ്ഞ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ഒ.ടി.ടി. റിലീസ് ചെയ്ത ചിത്രം 'പിടികിട്ടാപ്പുള്ളി'യിൽ സണ്ണി വെയ്‌നിന്റെ നായികാവേഷമാണ് അഹാന കൈകാര്യം ചെയ്തത്. ഇനി ദുൽഖർ സൽമാൻ നിർമ്മിക്കുന്ന 'അടി' എന്ന സിനിമ പുറത്തിറങ്ങാനുണ്ട്. ഷൈൻ ടോം ചാക്കോ ആണ് ഈ ചിത്രത്തിലെ നായകൻ.
അതേസമയം, അഹാന കൃഷ്ണയുടെ ആദ്യ സംവിധാന സംരംഭമായ ‘തോന്നൽ’ എന്ന സംഗീത ആൽബം ചുരുങ്ങിയ സമയത്തിനകമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായത്. വീഡിയോയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും അഹാന തന്നെയായിരുന്നു.
ഒരു ഷെഫിന്‍റെ കഥാപാത്രമായാണ് അഹാന സ്ക്രീനിലെത്തിയത്. കേക്ക് മേക്കിങ് ചെയ്യുന്ന താരത്തെയാണ് വീഡിയോയില്‍ കാണുന്നത്. സംഗീത ആൽബം ശ്രദ്ധ നേടിയതുപോലെ അതിലെ ആ മനോഹരമായ കേക്കും പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു.
https://www.facebook.com/Malayalivartha


























