'സിനിമയിൽ അങ്ങനൊരു സംഭാഷണം നിലനിൽക്കുന്നിടത്തോളം അത് മനുഷ്യരെ മുറിവേൽപ്പിച്ചു കൊണ്ടിരിക്കും. ഇനിയും ജനിച്ചിട്ടില്ലാത്ത തലമുറയെയോ അവരുടെ മാതാപിതാക്കളെയോ പോലും അത് വേദനിപ്പിക്കാം....' മനോജ് വെള്ളനാട് കുറിക്കുന്നു

പൃഥിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം കടുവ കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിൽ എത്തിയത്. ഇതിൽ ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന സംഭാഷണം സമൂഹമാധ്യമങ്ങളിലടക്കം വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം സംഭാഷണം വിവാദമായതിന് പിന്നാലെ സംവിധായകന്‍ ഷാജി കൈലാസും പൃഥിരാജും ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ മനോജ് വെള്ളനാട്.
'വെറുതേ മാപ്പ് പറയുന്നതിനേക്കാൾ ആ സംഭാഷണം മ്യൂട്ട് ആക്കുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടത് പറഞ്ഞിരുന്നെങ്കിൽ അത് കുറച്ചു കൂടി ആത്മാർത്ഥമായി പ്രവൃത്തിയായേനെ...' എന്ന് അദ്ദേഹം കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഷാജി കൈലാസും പ്രിഥ്വിരാജും ഭിന്നശേഷി വിഷയത്തിൽ അവർക്കുണ്ടായ മിസ്റ്റേക്ക് മനസിലാക്കുകയും മാപ്പ് പറയുകയും ചെയ്തത് അഭിനന്ദനീയമാണ്. പക്ഷെ ആ സംഭാഷണം സിനിമയിൽ ഉള്ളിടത്തോളം ആ തെറ്റ് തിരുത്തപ്പെടുന്നില്ല.
നടന്റെയും സംവിധായകന്റെയും fb പോസ്റ്റിനും പത്ര പ്രസ്താവനയ്ക്കും ഒന്നോ രണ്ടോ ദിവസത്തെ ആയുസും വളരെ ചെറിയ ശതമാനം മനുഷ്യരിലേക്കെത്താനുള്ള റീച്ചുമേ ഉള്ളു. പക്ഷെ സിനിമയിൽ അങ്ങനൊരു സംഭാഷണം നിലനിൽക്കുന്നിടത്തോളം അത് മനുഷ്യരെ മുറിവേൽപ്പിച്ചു കൊണ്ടിരിക്കും. ഇനിയും ജനിച്ചിട്ടില്ലാത്ത തലമുറയെയോ അവരുടെ മാതാപിതാക്കളെയോ പോലും അത് വേദനിപ്പിക്കാം.
മാത്രമല്ല ഇന്ന് ആ ഡയലോഗിൽ ബുദ്ധിമുട്ടൊന്നും തോന്നാത്ത, അതിനെ സംബന്ധിച്ച എതിർപ്പുകൾ വെറും പൊളിറ്റിക്കൽ കറക്റ്റ്നെസ് ഷോ മാത്രമായി കാണുന്ന മനുഷ്യർക്കും ഭാവിയിൽ ആ സംഭാഷണം ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കാം. വെറുതേ മാപ്പ് പറയുന്നതിനേക്കാൾ ആ സംഭാഷണം മ്യൂട്ട് ആക്കുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടത് പറഞ്ഞിരുന്നെങ്കിൽ അത് കുറച്ചു കൂടി ആത്മാർത്ഥമായി പ്രവൃത്തിയായേനെ..
മനോജ് വെള്ളനാട്
https://www.facebook.com/Malayalivartha