'എന്തൊരു മനുഷ്യനാണ് ഇങ്ങേര്? ഈ ഒരു വീഡിയോ കണ്ട് എത്ര നേരം, എത്ര പ്രാവശ്യം കരഞ്ഞുവെന്നറിയില്ല! അല്ലെങ്കിലും മനസ്സിലെ സംശുദ്ധിയും നന്മയും കൊണ്ട് എത്രയോ പ്രാവശൃം ഈ മനുഷ്യൻ നമ്മളെ കരയിപ്പിച്ചിട്ടുണ്ടല്ലോ. ആദ്യമായി ഈ മനുഷ്യനൊപ്പം കേരളക്കരയൊന്നാകെ കരഞ്ഞത് അദ്ദേഹത്തിൻ്റെ ഒന്നര വയസ്സുള്ള മകൾ ലക്ഷ്മി കാർ ആക്സിഡൻ്റിൽപ്പെട്ട് മരണപ്പെട്ടപ്പോഴാണ്...' അഞ്ചു പാർവതി പ്രഭീഷ് കുറിക്കുന്നു

ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. ഇപ്പോഴിതാ പാപ്പന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ വികാരാധീനായിരിക്കുകയാണ് സുരേഷ് ഗോപി. മകള്‍ ലക്ഷ്മിയുടെ ഓര്‍മകളില്‍ കണ്ണ് നിറയുകയായിരുന്നു നടൻ സുരേഷ് ഗോപി. അഭിമുഖം ചെയ്യാൻ എത്തിയ പെണ്‍കുട്ടിയുടെ പേര് ലക്ഷ്മി എന്നാണെന്ന് അറിഞ്ഞപ്പോൾ തന്റെ മകൾ ലക്ഷ്മിയെക്കുറിച്ചുള്ള ഓര്‍മ്മകളും ദുഖവും സുരേഷ് ഗോപി തുറന്ന് പറഞ്ഞത്.
അതോടൊപ്പം തന്നെ ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് തന്നെ പട്ടടയില്‍ കൊണ്ടു ചെന്ന് കത്തിച്ചു കഴിഞ്ഞാല്‍ ആ ചാരത്തിലും ആ വേദനയുണ്ടാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അവള്‍ ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ 32 വയസ്സാണ്. മുപ്പത് വയസ്സ് കഴിഞ്ഞ ഏത് പെണ്‍കുട്ടിയെ കണ്ടാലും കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കാന്‍ കൊതിയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഇപ്പോഴിതാ സുരേഷ് ഗോപിയെക്കുറിച്ച് വാക്കുകൾ പങ്കുവയ്ക്കുകയാണ് അഞ്ചു പാർവതി പ്രഭീഷ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഈ കലിയുഗത്തിൽ,ദൈവാംശം ഒരു മനുഷ്യനിൽ സന്നിവേശിച്ചിട്ടുണ്ടെങ്കിൽ ആ മനുഷ്യന് ശ്രീ. സുരേഷ് ഗോപിയുടെ മനസ്സും രൂപവുമായിരിക്കുമെന്ന് കരുതാനാണ് എനിക്കിഷ്ടം. എന്തൊരു മനുഷ്യനാണ് ഇങ്ങേര്? ഈ ഒരു വീഡിയോ കണ്ട് എത്ര നേരം, എത്ര പ്രാവശ്യം കരഞ്ഞുവെന്നറിയില്ല! അല്ലെങ്കിലും മനസ്സിലെ സംശുദ്ധിയും നന്മയും കൊണ്ട് എത്രയോ പ്രാവശൃം ഈ മനുഷ്യൻ നമ്മളെ കരയിപ്പിച്ചിട്ടുണ്ടല്ലോ.
ആദ്യമായി ഈ മനുഷ്യനൊപ്പം കേരളക്കരയൊന്നാകെ കരഞ്ഞത് അദ്ദേഹത്തിൻ്റെ ഒന്നര വയസ്സുള്ള മകൾ ലക്ഷ്മി കാർ ആക്സിഡൻ്റിൽപ്പെട്ട് മരണപ്പെട്ടപ്പോഴാണ്. അന്നദ്ദേഹം സൂപ്പർ സ്റ്റാർ ഒന്നുമല്ലെങ്കിലും താരങ്ങൾക്കിടയിൽ അത്രമേൽ പരിചിതമല്ലാത്ത എളിമയും വിനയവും ഹൃദയത്തിൽ നിന്നും വരുന്ന ചിരിയും കാരണം പ്രേക്ഷകമനസ്സിൽ സ്ഥാനം നേടിയിരുന്നു. അതുകൊണ്ടാകാം ലക്ഷ്മിയുടെ വിയോഗം മലയാളക്കരയെ ആകെ കരയിപ്പിച്ചത്. അന്നത്തെ ദൂരദർശൻ വാർത്തയ്ക്കിടെ കാണിച്ച കരഞ്ഞു നില്ക്കുന്ന സുരേഷേട്ടൻ്റെ മുഖം ഒരിക്കലും ഓർമ്മയിൽ നിന്നും മാറില്ല.
പിന്നീട് പലപ്പോഴും കണ്ടിട്ടുണ്ട് എതൊരു സിനിമയിലാവട്ടെ, ചാനൽ പരിപാടിക്കിടയിലാവട്ടെ അപ്പോഴെല്ലാം കൊച്ചു കുഞ്ഞുങ്ങളോട് അദ്ദേഹം കാണിക്കുന്ന സ്നേഹ വാൽസല്യങ്ങൾ. പിന്നീട് ഞാൻ ഗോകുലിൻ്റെ ടീച്ചറായപ്പോൾ (ഗുരുകുൽ സ്കൂൾ) മനസ്സിലാക്കിയിരുന്നു ഓരോ കൊച്ചു പെൺകുഞ്ഞുങ്ങളിലും അദ്ദേഹം കാണുന്നത് ലക്ഷ്മിയെ തന്നെയാണെന്ന്. ഈശ്വരൻ ലക്ഷ്മിക്ക് പകരമായി നാല് മക്കളെ നല്കിയെങ്കിലും ലക്ഷ്മിയുടെ ഓർമ്മകളെ കൂടെയിട്ടു വളർത്തുകയായിരുന്നു ആ അച്ഛൻ.
ഇദ്ദേഹം അവതാരകനായതുകൊണ്ടു മാത്രം ഹിറ്റായ കോടീശ്വരനിലെ ഒരു episode നെ കുറിച്ച് എപ്പോൾ ഓർത്താലും കണ്ണുനിറയും. കുന്നിമണി ചെപ്പ് തുറന്നെണ്ണിനോക്കും നേരം എന്ന പാട്ടു പാടിയ ഒരു കൊച്ചു പെൺകുട്ടിയെ നിറകണ്ണുകളോടെ വാരിയണച്ച് ഉമ്മ വയ്ക്കുന്ന ശ്രീ സുരേഷ് ഗോപിയ്ക്കൊപ്പം ഞാനും കൂടെ കരഞ്ഞു. സ്റ്റാർ സിങ്ങറിൽ പാടാൻ വന്ന അമൃതയെ വാത്സല്യത്തോടെ ചേർത്തുപ്പിടിച്ച് സ്വർണ്ണമാല ഇട്ടു കൊടുത്തതൊക്കെ എങ്ങനെ മറക്കാനാണ്? അങ്ങനെ എത്രയെത്ര സംഭവങ്ങൾ. ! ഒരിക്കൽ തൃശൂരിൽ നിറവയറോടെ തന്നെ കാണാൻ നിന്ന പെൺകുട്ടിയുടെ വയറിൽ പുത്രീവാത്സല്യത്തോടെ തലോടിയ മനുഷ്യനിൽ നിറഞ്ഞുനിന്നിരുന്ന അച്ഛൻഭാവം ഇന്നും മനസ്സിനൊരു തണുപ്പാണ്.
അച്ഛൻ - അക്ഷരശുദ്ധിയോടെ, അർത്ഥപൂർണ്ണതയോടെ ഈ ഒരു വാക്കിന് അർഹനായിട്ടൊരാൾ ഉണ്ടെങ്കിൽ അത് ശ്രീ. സുരേഷ് ഗോപിയാണെന്ന് ഞാൻ പറയും. ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യവതിയായ കുഞ്ഞായിരുന്നു ലക്ഷ്മി. കാരണം ഒന്നരവയസ്സുവരെ ആ അച്ഛൻ്റെ മകളായി ജീവിച്ച ആ കുഞ്ഞ് ജനിമൃതികൾക്കപ്പുറത്തെ ലോകത്തിരുന്ന് കാണുന്നുണ്ടാവും ഹൃദയത്തിനുള്ളിൽ ഒരു ശ്രീകോവിൽ കെട്ടി തന്നെ മുപ്പത്തിരണ്ടുകാരിയാക്കി വളർത്തിയ ഒരച്ഛനെ ! ഇതിൽ കൂടുതൽ എങ്ങനെയാണ് ഒരച്ഛന് മകളെ സ്നേഹിക്കാൻ കഴിയുക?
https://www.facebook.com/Malayalivartha