ഭൂമിക്കായി കേസ് നടത്തുന്നത് കൂലിപ്പണി ചെയ്തു കിട്ടുന്ന പണം കൊണ്ട്; രേഖകൾ എല്ലാം കൈയ്യിൽ ഉണ്ടായിട്ടും കേസിൽ തീരുമാനമാകട്ടെ എന്ന് പറഞ്ഞ് പോലീസ് വിലക്കും: കൃഷി ഇല്ലാതായപ്പോൾ തൊഴിലുറപ്പിന് പോയാണ് കുടുംബം പുലർത്തുന്നത്- നഞ്ചിയമ്മ

കൂലിപ്പണി ചെയ്തു കിട്ടുന്ന പണംകൊണ്ടാണ് അട്ടപ്പാടിയിലെ തങ്ങളുടെ ഭൂമിക്കായി കേസ് നടത്തുന്നതെന്ന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മ. കയ്യേറ്റമാണ് അട്ടപ്പാടിയുടെ ശാപമെന്നും നഞ്ചിയമ്മ പറയുന്നു. കേസ് നടത്താൻ ജീവിതകാലം മുഴുവൻ മാറ്റി വച്ചവരാണ് ഞങ്ങളുടെ ആണുങ്ങളെല്ലാം. അവരൊന്നും ഇന്നില്ല. ഇപ്പോൾ ഞങ്ങൾ പെണ്ണുങ്ങളാണ് കേസ് നടത്തുന്നത്. കേസ് നടത്തി പണമെല്ലാം പാഴാകുകയാണെന്നും നഞ്ചിയമ്മ പറഞ്ഞു. അട്ടപ്പാടിയിൽ മുത്തച്ഛന്റെ സ്വത്തായ നാലേക്കറാണ് ഒരു വ്യക്തി കയ്യേറിയത്. ഞങ്ങളുടെ ഭൂമിയിൽ കയറാൻ ഞങ്ങളെ സമ്മതിക്കുന്നില്ല. ഭൂമി ഞങ്ങളുടേതെന്നതിന് എല്ലാ രേഖകളും കയ്യിലുണ്ട്. കേസിൽ തീരുമാനമാകട്ടെ എന്നു പറഞ്ഞാണു പോലീസ് വിലക്കുന്നത്.
സമരത്തിനോ പോരാട്ടത്തിനോ ഞങ്ങളില്ല. പുതുതലമുറ അത്തരം കാര്യങ്ങളിലൊന്നും ഇടപെടാറില്ലെന്നും നഞ്ചിയമ്മ പറഞ്ഞു. പണ്ടൊക്കെ കൃഷിയിറക്കിയാൽ തന്നെ വിളഞ്ഞോളും. ഇന്നങ്ങനെയല്ല. ആനയും പന്നിയുമാണ് പ്രധാന ശല്യം. സർക്കാർ സഹായിച്ചാൽ ഞങ്ങൾ കൃഷി ചെയ്തു കാട്ടാം. കൃഷി ഇല്ലാതായപ്പോൾ തൊഴിലുറപ്പിനു പോയാണ് കുടുംബം പുലർത്തുന്നതെന്നും നഞ്ചിയമ്മ പറയുന്നു. ഞങ്ങൾ പഴമക്കാർക്ക് എഴുത്തും വായനയും അറിയില്ല. ലിപിയുമില്ല. പാട്ടുകൾ മനസ്സിൽ സൂക്ഷിക്കും. മറക്കില്ല, പാടിക്കൊണ്ടേയിരിക്കും. പാടിയേ സൂക്ഷിക്കാനാകൂ, എഴുത്തില്ലല്ലോ...
ഞങ്ങളുടെ കാലശേഷം പാട്ടുകൾ മൺമറഞ്ഞുപോകും. എഴുത്തും വായനയും അറിയാവുന്ന കുട്ടികൾ ഊരിലുണ്ട്. പാട്ടുകൾ എഴുതി സൂക്ഷിക്കാൻ ഇനി അവർക്കാകട്ടെ എന്നും നഞ്ചിയമ്മ കൂട്ടിച്ചേർത്തു. തൃശൂർ പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച മീറ്റ് ദ് പ്രസ് പരിപാടിയിൽ സംസാരിക്കവെയായിരുന്നു നഞ്ചിയമ്മയുടെ തുറന്നുപറച്ചിൽ.
https://www.facebook.com/Malayalivartha