ചിത്രയ്ക്ക് പകരം പത്മ പാടി ഏതാണ്ട് ഒരു മണിക്ക് ട്രാക്ക് പൂർത്തിയായി; എന്റെ ശബ്ദം ഒന്നുകൂടി എടുത്താൽ കൊള്ളാമെന്ന് എനിക്ക് തോന്നി; മടിച്ച് മടിച്ച് ഞാൻ മൈക്കിലൂടെ അഭ്യർത്ഥന നടത്തി; പെരുമ്പാവൂർ രവിച്ചേട്ടൻ ഓക്കെ പറഞ്ഞു; പക്ഷേ 'അയാൾക്ക്' അത് ഇഷ്ടമായില്ല; ഒരു കൊടുങ്കാറ്റ് പോലെ 'അയാൾ' പാഞ്ഞെത്തി; മൈക്ക് ഹോൾഡറിൽ നിന്ന് മൈക്ക് ഊരിത്തുടങ്ങി; നിങ്ങള്‍ക്ക് തന്ന സമയമേതാണ്, ഇപ്പോഴെത്രയാണ് സമയം എന്ന് ചോദിച്ച് ഗെറ്റൗട്ടടിച്ചു; 'ഒന്നാം രാഗം പാടി' എന്ന ഗാനത്തിനിടയിലുണ്ടായ അപമാനം വെളിപ്പെടുത്തി ജി. വേണുഗോപാൽ

തൂവാനത്തുമ്പികൾ.മഴയേയും പ്രണയത്തേയും കൂട്ടിയിണക്കിയ മനോഹരമായ ചിത്രമാണ്. ഈ ചിത്രത്തിന്റെ 35 വര്‍ഷങ്ങൾ തികഞ്ഞിരിക്കുകയാണ്. മലയാള സിനിമയിലെ പ്രണയ സങ്കൽപ്പങ്ങൾ പൊളിച്ചെഴുതിയ ചിത്രമാണ് തൂവാനത്തുമ്പികൾ. ജയകൃഷ്ണനായി മോഹൻലാലും ക്ലാരയായി സുമലതയും രാധയായി പാർവതിയും ജീവിക്കുകയായിരുന്നു. വർഷങ്ങൾ 35 കഴിഞ്ഞിട്ടും കഥാപാത്രങ്ങളെ പോലെ തന്നെ സിനിമയുടെ ദൃശ്യങ്ങളും ഗാനങ്ങളുമൊക്കെ ഓരോ സിനിമാ പ്രേമിയുടെയും ഓർമ്മകളിൽ മായാതെ നിൽക്കുന്നു.
ഈ ചിത്രത്തിലെ ഒന്നാം രാഗം പാടി എന്ന ഗാനം ആലപിച്ചത് ജി വേണുഗോപാലും ചിത്രയുമായിരുന്നു. ഈ പാട്ട് റെക്കോര്‍ഡ് ചെയ്തിരുന്ന സമയത്തെ അനുഭവങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് വേണുഗോപാല്‍. അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പങ്കു വച്ചത് ഇങ്ങനെ; മലയാളത്തിലെ എക്കാലത്തേയും മികച്ച പ്രണയസിനിമകളിൽ ഒന്നായ തൂവാനത്തുമ്പികള്‍ റിലീസ് ചെയ്തിട്ട് 35 വര്‍ഷമായിരിക്കുകയാണ്. എൻ്റെ ആദ്യത്തെ മാസ് ഹിറ്റ് ഗാനമായ "ഒന്നാം രാഗം പാടി " യും മദ്ധ്യവയസ്സിലേക്ക്.
മദ്രാസ് എവിഎം ആർആർആർ സ്റ്റുഡിയോയും, സീനിയർ റിക്കാർഡിംഗ് എൻജിനീയർ സമ്പത്തും എല്ലാം ഓർമ്മയിൽ പച്ച പിടിച്ചു നിന്നു ചിരിക്കുന്നു. ആദ്യമായി ഒരു സ്റ്റുഡിയോയിൽ നിന്ന് ഗെറ്റൗട്ട് അടിക്കപ്പെട്ടതിൻ്റെ ചമ്മലാണ് പെട്ടെന്ന് മനസ്സിൽ. ഏതാണ്ട് പതിമൂന്ന് ദിവസം കൊണ്ടാണ് തൂവാനത്തുമ്പികളിലെ രണ്ട് പാട്ടുകൾ റിക്കാർഡ് ചെയ്യപ്പെട്ടത്. പെരുമ്പാവൂർ രവിച്ചേട്ടനും, ഓർക്കസ്ട്ര അറേഞ്ച് ചെയ്യുന്ന മോഹൻ സിത്താരയോടുമൊപ്പം പാംഗ്രൂവ് ഹോട്ടലിൽ പതിമൂന്ന് ദിവസം.
ശരവേഗത്തിൽ നിരവധി പാട്ടുകൾ റിക്കാർഡ് ചെയ്യപ്പെടുന്ന മദ്രാസ് സ്റ്റുഡിയോകളിൽ, ഈ മന്ദഗതി പലർക്കും അലോസരമുണ്ടാക്കിയിരുന്നിരിക്കണം. റിക്കാർഡിംഗ് എൻജിനീയർ സമ്പത്ത് ആളൊരു ഇഞ്ചിയും, കൃത്യമായ സമയനിഷ്ഠ പുലർത്തുന്നയാളുമായിരുന്നു. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒരു മണി സമയത്തിനുള്ളിൽ പാട്ട് ട്രാക്ക് എടുത്ത് വോയിസ് മിക്സ് ചെയ്യണം. രണ്ടാമത്തെ ടേക്കിൽ പാട്ട് ഓക്കെ ആയി .
അന്ന് ചിത്ര വേറൊരു റിക്കാർഡിംഗ് തിരക്കിലായതിനാൽ, പത്മ എന്നൊരു ഗായികയാണ് ട്രാക്ക് പാടിയത്, ചിത്രയ്ക്ക് പകരം . ഏതാണ്ട് ഒരു മണിക്ക് ട്രാക്ക് പൂർത്തിയായി. എൻ്റെ ശബ്ദം ഒന്നുകൂടി എടുത്താൽ കൊള്ളാമെന്ന് എനിക്ക് തോന്നി. മടിച്ച് മടിച്ച് ഞാൻ മൈക്കിലൂടെ അഭ്യർത്ഥന നടത്തി. പെരുമ്പാവൂർ രവിച്ചേട്ടൻ ഓക്കെ പറഞ്ഞു. ഈ ഒരു പുതു തീരുമാനം, സ്റ്റുഡിയോ ടൈം വിട്ടൊരു പാട്ട്, അതും തൻ്റെ അനുവാദം ചോദിക്കാതെ, അത് സമ്പത്തിന് തീരെ പിടിച്ചില്ല.
ഒരു കൊടുങ്കാറ്റ് പോലെ സമ്പത്ത് പാഞ്ഞ് വോയിസ് ബൂത്തിലെത്തി, മൈക്ക് ഹോൾഡറിൽ നിന്ന് മൈക്ക് ഊരിത്തുടങ്ങി. ഒപ്പം സംസാരവും. നിങ്ങള്‍ക്ക് തന്ന സമയമേതാണ്, ഇപ്പോഴെത്രയാണ് സമയം എന്ന് ചോദിച്ച് അദ്ദേഹം ഗെറ്റൗട്ട് അടിക്കുകയായിരുന്നു. ഇതിനിടയിൽ ഒരു സെക്കൻ്റ് പോലും പാഴാക്കാതെ സമ്പത്ത് മൈക്ക് ഊരി അതിൻ്റെ വെൽറ്റ് കവറിലിട്ട് വന്ന വേഗത്തിൽ വെളിയിൽ പോയി.
സ്റ്റുഡിയോ വാതിൽ തുറന്ന് മദ്രാസിലെ തിളയ്ക്കുന്ന വെയിലത്തിറങ്ങിയപ്പോൾ ഞാനും രവിച്ചേട്ടനും ഒരേ ശ്വാസത്തിൽ പറഞ്ഞു "ഇയാളെന്തൊരു ബോറനാണല്ലേ, അക്കാലത്തെ സംഗീതത്തിൻ്റെ മെക്കയായിരുന്ന മദ്രാസ് സ്റ്റുഡിയോസിനെക്കുറിച്ച് ഞങ്ങൾക്കൊരു എകദേശ ധാരണ കിട്ടി. എന്തായാലും, വേറൊരു സമയത്ത് സ്റ്റുഡിയോ റീ ബുക്ക് ചെയ്ത് ഭംഗിയായി ആ കർമ്മം നിർവഹിക്കാനായെന്നുമായിരുന്നു വേണുഗോപാൽ കുറിച്ചത്.
https://www.facebook.com/Malayalivartha