ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍, കാവല്‍ മാലാഖയായി... ഗൗതം- മഞ്ജിമ മോഹന്‍ വിവാഹം ഉടൻ

നടി മഞ്ജിമ മോഹന്‍ വിവാഹിതയാകുന്നു. യുവനടന്‍ ഗൗതം കാർത്തിക് ആണ് മഞ്ജിമയുടെ കഴുത്തില്‍ മിന്നുകെട്ടുന്നത്. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍ കാവല്‍ മാലാഖയായി നിന്ന ആളാണ് ഗൗതമെന്നും ആ ബന്ധം തന്‍റെ കാഴ്ചപ്പാടുകളെല്ലാം മാറ്റിമറിച്ചെന്നും മഞ്ജിമ പറയുന്നു. ഇന്‍സ്റ്റാഗ്രാം കുറിപ്പിലൂടെയാണ് താരം വിവാഹ സന്തോഷം പങ്കുവെച്ചത്. ഗൗതവും തന്‍റെ പ്രണയാനുഭവം ഇന്‍സ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉറപ്പിച്ചതാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ മഞ്ജിമ ഇത്തരം വാര്‍ത്തകളെല്ലാം നിഷേധിച്ചിരുന്നു. ഇതിനെല്ലാമൊടുവിലാണ് ഇരുവരും ഒരുമിച്ച് ഇന്‍സ്റ്റാഗ്രാമിലൂടെ വിവാഹ വാര്‍ത്ത പങ്കുവെയ്ക്കുന്നത്. ദേവരാട്ടം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മഞ്ജിമയും ഗൗതമും അടുപ്പത്തിലാകുന്നത്.
എല്ലാം നഷ്ടപ്പെട്ടിരുന്ന തന്നിലേക്ക് വന്ന കാവൽ മാലാഖയാണ് ഗൗതം കാർത്തിക്ക് എന്നാണ് മഞ്ജിമ മോഹൻ പറയുന്നത്. 'മൂന്ന് വർഷം മുമ്പ് ഞാൻ പൂർണ്ണമായും എന്നെ നഷ്ടപ്പെട്ടിരിക്കുമ്പോൾ ഒരു കാവൽ മാലാഖയെ പോലെ നീ എന്റെ ജീവിതത്തിലേക്ക് വന്നു.' ജീവിതത്തെക്കുറിച്ചുള്ള എന്റെ വീക്ഷണം നീ മാറ്റിമറിക്കുകയും ഞാൻ എത്ര ഭാഗ്യവതിയാണെന്ന് മനസിലാക്കാൻ എന്നെ സഹായിക്കുകയും ചെയ്തു. എനിക്ക് എന്നിൽ കുഴപ്പം തോന്നുമ്പോഴെല്ലാം നീ എന്നെ അവിടെ നിന്നും ഉയർത്തുന്നു.
' 'എന്റെ കുറവുകൾ അംഗീകരിക്കാനും പലപ്പോഴും ഞാനായിരിക്കാനും നീ എന്നെ പഠിപ്പിച്ചു. ഞാൻ നിന്നെ സ്നേഹിക്കുന്നതിന് പിന്നിലെ പ്രധാന കാരണം ഞാൻ ആരാണെന്ന രീതിയിൽ തന്നെ നീ എന്നെ അത്രമാത്രം സ്നേഹിക്കുന്നു എന്നതാണ്. നീ എപ്പോഴും എന്റെ പ്രിയപ്പെട്ട എല്ലാമായിരിക്കും.' എന്നാണ് മഞ്ജിമ കുറിച്ചത്. സോഷ്യൽമീഡിയയിലും വളരെ വിരളമായി മാത്രമാണ് മഞ്ജിമ ഫോട്ടോകളും കുറിപ്പുകളും പങ്കുവെക്കാറുള്ളത്. ഗൗതം കാർത്തിക്കുമായുള്ള പ്രണയം മഞ്ജിമ പരസ്യപ്പെടുത്തിയതോടെ നിരവധി പേരാണ് താരങ്ങൾക്ക് ആശംസകളുമായി എത്തിയത്.
നടന്‍ കാര്‍ത്തികിന്‍റെ മകനാണ് ഗൗതം കാര്‍ത്തിക്. പഴയകാല നടന്‍ മുത്തുരാമന്‍റെ ചെറുമകന്‍ കൂടിയാണ് കാര്‍ത്തിക്. മണിരത്നം സംവിധാനം ചെയ്ത കടല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കാര്‍ത്തികിന്‍റെ സിനിമാ അരങ്ങേറ്റം. എ.ആര്‍ മുരുഗദോസ് നിര്‍മിക്കുന്ന 'ഓഗസ്റ്റ് 16, 1947' ആണ് പുതിയ പ്രൊജക്ട്. സിമ്പു നായകനായ പത്തുതലയിലും ഗൗതം നിര്‍ണായക വേഷത്തിലെത്തുന്നുണ്ട്.
പ്രശസ്ത ഛായാഗ്രഹകനായ വിപിന്‍ മോഹന്‍റെ മകളായ മഞ്ജിമ ബാലതാരമായാണ് മലയാള സിനിമാ രംഗത്തെത്തുന്നത്. 'കളിയൂഞ്ഞാൽ' എന്ന മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് തുടക്കം. 'മയിൽപ്പീലിക്കാവ്', 'സാഫല്യം', 'പ്രിയം' തുടങ്ങിയ സിനിമകളിലെ മഞ്ജിമയുടെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. അതിനു ശേഷം പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു മഞ്ജിമ. പിന്നീട് 2015ല്‍ നിവിന്‍ പോളി നായകനായ 'ഒരു വടക്കന്‍ സെല്‍ഫി' എന്ന ചിത്രത്തിലെ നായികാ വേഷത്തിലൂടെയായിരുന്നു താരത്തിന്‍റെ തിരിച്ചുവരവ്. നിലവില്‍ തമിഴിലും തെലുഗിലും സജീവമാണ് മഞ്ജിമ.
https://www.facebook.com/Malayalivartha