ഇനി ഒരു തിരിച്ചുപോക്ക് ഉണ്ടെങ്കിൽ ഞാൻ ആദ്യം തിരുത്താൻ ആഗ്രഹിക്കുന്ന കാര്യം അതാണ് - മീര ജാസ്മിൻ

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിൻ. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളസിനിമയിൽ തന്റേതായൊരിടം കണ്ടെത്തിയ മീര മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവുമൊക്കെ നേടിയിട്ടുണ്ട്. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു നിന്ന താരം അടുത്തിടെ വീണ്ടും അഭിനയ ലോകത്തിലേയ്ക്ക് തിരിച്ചെത്തുകയായിരുന്നു. ജയറാം നായകനായ ചിത്രം വിജയമായില്ലെങ്കിലും മീരയുടെ തിരിച്ചുവരവ് പ്രേക്ഷകർ ഒന്നടങ്കം ആഘോഷമാക്കിയിരുന്നു.
മീര സിനിമകളിൽ നിന്ന് വിട്ടു നിൽക്കാൻ തുടങ്ങിയ സമയത്ത് കൈരളി ടിവിയിലെ ജെബി ജങ്ക്ഷൻ എന്ന പരിപാടിയിൽ എത്തിയിരുന്നു. തന്റെ കരിയറിലെ പല സംഭവങ്ങളെ കുറിച്ചും നടി അതിൽ തുറന്നു പറഞ്ഞിരുന്നു. ജീവിതത്തിൽ ഒരു തിരിച്ചു പോക്കുണ്ടെങ്കിൽ താൻ തിരുത്താൻ ആഗ്രഹിക്കുന്ന കാര്യത്തെ കുറിച്ച് നടി അന്ന് സംസാരിച്ചിരുന്നു. സിനിമകൾക്ക് പുറകെ പോയി മീര തന്റെ കഴിഞ്ഞ പത്ത് വർഷം കളഞ്ഞു കുളിച്ചോ എന്ന ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മീര.
'അങ്ങനെ ഞാൻ പറയില്ല. പക്ഷെ എനിക്ക് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള പല സിനിമകളും എനിക്ക് ചെയ്യാൻ പറ്റിയിട്ടില്ല. എനിക്ക് ഇഷ്ടപ്പെട്ട, എനിക്ക് നൂറ് ശതമാനം ഗംഭീരമായി ചെയ്യാൻ കഴിയുമെന്നുള്ള സിനിമകൾ ചെയ്യാൻ പറ്റിയിട്ടില്ല. ഞാൻ സന്തോഷവതിയല്ലേ എന്നൊരു ചോദ്യം ചോദിച്ചാൽ, എന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചിട്ടുണ്ടോ, അതിപ്പോൾ കരിയർ ആയാലും വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടത് ആണെങ്കിലും ഈ നിമിഷം വരെ സംഭവിച്ചേക്കുന്ന കാര്യങ്ങളിൽ എനിക്ക് ഒരു നഷ്ടബോധവും ഇല്ല. 'ആ കാലത്ത് വളരെയധികം സമ്മർദ്ദം അനുഭവിച്ചിട്ടുണ്ട്.
ഒരു സിനിമ ചെയ്ത് തീരുന്നതിന് മുന്നേ അടുത്ത സിനിമ ഏതാണെന്ന ചോദ്യം വരും. സിനിമ ഇല്ലെന്ന് നമ്മൾ പറഞ്ഞാൽ അത് ഒരു നാണക്കേട് പോലായി. അത് ഒരു തെറ്റാണ്. എന്റെ ജീവിതത്തിലേക്ക് ഇനി ഒരു തിരിച്ചുപോക്ക് ഉണ്ടെങ്കിൽ ഞാൻ ആദ്യം തിരുത്താൻ ആഗ്രഹിക്കുന്ന കാര്യം അതാണ്. ഒരു സിനിമ ചെയ്തു കൊണ്ട് ഇരിക്കുമ്പോൾ അടുത്ത സിനിമ ഇല്ലെന്ന് പറയാനുള്ള നാണക്കേട് മാറ്റണം. അങ്ങനെയാണെങ്കിൽ ആ താരത്തിന് നാലൊരു ആക്ടറായി വളരാൻ കഴിയും. നല്ല സിനിമകൾ ലഭിക്കും,
'ഒന്നിന് പുറകെ ഒന്ന് എന്ന സിനിമകൾ ചെയ്യുന്നത് ഒരു ഹരമായിട്ടാണ് അന്ന് തോന്നിയത്. എന്നാൽ അത് അങ്ങനെയല്ല. നമ്മൾ വലിയൊരു അപകടത്തിലേക്കാണ് പോകുന്നത്. ആദ്യമൊക്കെ രസമായിരിക്കും എന്നാൽ അവസാനം ആകുമ്പോൾ അത് മാറും,' 'ആ ഒരു സമയത്ത് നമ്മുക്ക് ഫെയിം, പണം, ആക്ടർ എന്ന നിലയിലുള്ള സംതൃപ്തി അങ്ങനെ എല്ലാം വേണം. അതാണ് സത്യം. ഇന്ന് മനസിന് സന്തോഷം സമാധാനം അതൊക്കെയാണ് പ്രയോറിറ്റി. എന്റേതായ സമയം ഞാൻ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. അതൊന്നും പണ്ട് കിട്ടിയിട്ടില്ല,' മീര ജാസ്മിൻ പറഞ്ഞു. സിനിമയിൽ സുഹൃത്തുക്കൾ ഉണ്ടോയെന്ന് ചോദിക്കുമ്പോൾ ദിലീപേട്ടൻ ആണ് സിനിമയിലെ എന്റെ നല്ല സുഹൃത്ത് എന്നും മീര പറയുന്നുണ്ട്.
സൂത്രധാരൻ, രസതന്ത്രം, സ്വപ്നക്കൂട്, കസ്തൂരിമാൻ, അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം, ഒരേ കടൽ തുടങ്ങി നിരവധി സിനിമകളിലാണ് മീര ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചത്. ദിലീപ് നായകനായ സൂത്രധാരൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു മീരയുടെ വെള്ളിത്തിരിയിലേക്കുള്ള പ്രവേശനം. ലോഹിതദാസ് മലയാളത്തിന് പരിചയപ്പെടുത്തിയ നായിക ആയിരുന്നു മീര. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം മീര ജാസ്മിൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. സണ്ടക്കോഴി, റൺ തുടങ്ങിയവ മീരയുടെ തമിഴ് സിനിമകളിളെല്ലാം ഹിറ്റുകളാണ്. എന്നാൽ ഒരിടയ്ക്ക് സിനിമയിൽ നിന്ന് മീര ഇടവേളയെടുത്തിരുന്നു. 2014 ഓടെയാണ് മീര സിനിമയിൽ നിന്ന് പതിയെ മാറി നിൽക്കാൻ തുടങ്ങിയത്. ഇടയ്ക്ക് ദുബായിലേക്ക് താമസം മാറുകയും ചെയ്തു.
https://www.facebook.com/Malayalivartha