ദിലീപിനെ പിന്തുണക്കുന്നവരും എതിര്‍ക്കുന്നവരും ഒരുപോലെ മോഹന്‍ലാലിന് എതിരായപ്പോള്‍ സമവായം; ദിലീപിനെ അമ്മയില്‍ നിന്നും വീണ്ടും പുറത്താക്കി പ്രശ്‌നം പരിഹരിക്കണമെന്ന് മന്ത്രി എ കെ ബാലന്‍ മോഹന്‍ലാലിനോട് ആവശ്യപ്പെട്ടതായി സൂചന

ദിലീപിനെ അമ്മയില്‍ നിന്നും വീണ്ടും പുറത്താക്കി പ്രശ്‌നം പരിഹരിക്കണമെന്ന് മന്ത്രി എ കെ ബാലന്‍ മോഹന്‍ലാലിനോട് ആവശ്യപ്പെട്ടതായി സൂചന. എന്നാല്‍ ഒരിക്കലും അമ്മയിലേക്ക് തിരിച്ചെടുക്കാത്ത ദിലീപിനെ എങ്ങനെ പുറത്താക്കും എന്നാണ് മോഹന്‍ലാല്‍ ചോദിക്കുന്നത്.
ദിലീപിനെ അനുകൂലിക്കുന്ന പക്ഷവും എതിര്‍ക്കുന്ന പക്ഷവും ചുരുക്കത്തില്‍ മോഹന്‍ലാലിന് എതിരായിരിക്കുകയാണ്.
ദിലീപിനെതിരെ നീങ്ങുന്ന സി പി എം സംഘമാണ് ഇതിനു പിന്നിലെന്ന് ദിലീപുമായി ബന്ധപ്പെട്ടവര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തെത്തിയാണ് മോഹന്‍ലാല്‍ മന്ത്രിയെ കണ്ടത്. സി പി എമ്മിലെ ഒരു ഉന്നതനാണ് ദിലീപിനെ കേസില്‍ കുരുക്കിയത് എന്ന ആരോപണം അന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ അമ്മയിലെ ആഭ്യന്തര കാര്യങ്ങള്‍ മന്ത്രിയുമായി മോഹന്‍ലാല്‍ ചര്‍ച്ച നടത്താന്‍ പാടില്ലായിരുന്നു എന്നാണ് ദിലീപിനെ അനുകൂലിക്കുന്ന വിഭാഗം ആരോപിക്കുന്നത്.
മോഹന്‍ലാല്‍ വല്ലാത്ത ധര്‍മ്മസങ്കടത്തിലാണ്. അദ്ദേഹത്തിന് ആരെയും പിണക്കാന്‍ വയ്യ. സര്‍ക്കാരിനെയും അക്രമത്തിന് ഇരയായ നടിയെയും ദിലീപിനെയും പിണക്കാന്‍ മോഹന്‍ലാലിന് താത്പര്യമില്ല. അമ്മയുടെ പ്രസിഡന്റായതില്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.
അതിനിടെ സി പി എമ്മിന്റെ ഉയര്‍ന്ന നേതാക്കളാണ് മോഹന്‍ലാലിനെ സംസ്‌കാരിക വകുപ്പ് മന്ത്രിയുടെ വീട്ടിലെത്തിച്ചതെന്ന് വിവരമുണ്ട്. അവര്‍ക്ക് ദിലീപിനെതിരെ ശക്തമായ നീക്കം നടത്താന്‍ താല്പര്യമുണ്ട്. ദിലീപിനെ അമ്മയില്‍ നിന്നും എക്കാലവും അകറ്റി നിര്‍ത്തുക എന്ന അജണ്ടയാണ് ഇതിനു പിന്നിലെന്നാണ് ദിലീപ് പക്ഷം ആരോപിക്കുന്നത്. ആരോപണ വിധേയനായ നിമിഷം തന്നെ ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കാന്‍ മമ്മൂട്ടിയെ കൊണ്ട് തീരുമാനം എടുപ്പിച്ചത് സി പി എം ആണെന്നും ദിലീപിനെ സ്‌നേഹിക്കുന്നവര്‍ ആരോപിക്കുന്നു. മമ്മൂട്ടിയുമായി ദിലീപ് അങ്ങനെയാണ് തെറ്റിയത്. ഇപ്പോഴത്തെ സ്ഥിതിയാണ് തുടരുന്നതെങ്കില്‍ ഒരു കാരണവശാലും ദിലീപിന് അമ്മയില്‍ മടങ്ങിയെത്താനാവില്ല. ദിലീപിന്റെ സിനിമാഭാവി ഇതോടെ അവസാനിച്ചു എന്നും പറയാം.
എന്നാല്‍ സിനിമയില്‍ ഒരു വലിയ വിഭാഗം ദിലീപിനൊപ്പമാണുള്ളത്. ദിലീപ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നു തന്നെയാണ് അവരുടെ വിശ്വാസം. എന്നാല്‍ ദിലീപിന്റെ കുറ്റകൃത്യത്തിന് തെളിവുണ്ടെന്ന് പറയുന്നവരോട് അത്തരം തെളിവുകള്‍ പോലീസുണ്ടാക്കിയതാണെന്നാണ് ദിലീപ് പക്ഷത്തിന്റെ വാദം. പാര്‍ട്ടിക്കെതിരെ ദിലീപ് നിലപാടെടുത്തിട്ടുണ്ടെന്നും അതാണ് അദ്ദേഹത്തെ കുരുക്കാനുള്ള കാരണമെന്നും ആക്ഷേപം ഉയരുന്നുണ്ട്.
മോഹന്‍ലാലിന് ദിലീപിനോട് ശത്രുതയില്ല എന്നതാണ് ശരി. ഒരു ചലച്ചിത്ര നടന്‍ എന്ന നിലയില്‍ എല്ലാവരെയും സ്‌നേഹിച്ച് ഒപ്പം നിര്‍ത്താനാണ് മോഹന്‍ലാല്‍ ശ്രമിക്കുന്നത്. തനിക്കെതിരെ വനിതാ നടിമാരും ജോയ് മാത്യുവിനെ പോലുള്ള നടന്‍മാരും രംഗത്തെത്തിയതില്‍ അദ്ദേഹത്തിന് അതിയായ ഖേദമുണ്ട്. മാധ്യമങ്ങള്‍ തനിക്കെതിരെ നടത്തുന്ന പ്രചരണങ്ങളിലും അദ്ദേഹം ദു:ഖിതനാണ്. എറണാകുളം പ്രസ് ക്ലബിലെത്തി അദ്ദേഹം പത്രസമ്മേളനം നടത്തിയത് തനിക്കെതിരെ ആരും നീങ്ങാതിരിക്കാന്‍ വേണ്ടിയാണ്. എന്നിട്ടും ഫലമുണ്ടായില്ല. അക്രമത്തിനിരയായ നടിക്കും ആരോപണ വിധേയനായ നടനും വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുമെന്ന് പത്രസമ്മേളനത്തില്‍ മോഹന്‍ലാല്‍ പറഞ്ഞത് വിവാദമാവുകയും ചെയ്തു.
https://www.facebook.com/Malayalivartha


























