ആക്രമിക്കപ്പെട്ട ഉടന്‍തന്നെ അവള്‍ പ്രതികരിച്ചു... നിങ്ങള്‍ ആ നടിക്ക് വേണ്ടി എന്ത് ചെയ്തു? പരസ്പരം പിന്തുണ നല്‍കുന്ന മലയാളത്തില്‍ എവിടെയാണ് അതിക്രമത്തെ അതിജീവിച്ചവരെ പിന്തുണയ്ക്കുന്ന നടപടികൾ; മലയാള സിനിമാ ലോകത്തോട് തുറന്നടിച്ച് അഞ്ജലി മേനോന്‍

നടിയെ ആക്രമിച്ച കേസില്‍ മലയാള സിനിമാ സംഘടനകള്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യവുമായി സംവിധായിക അഞ്ജലി മേനോന്‍. ആക്രമിക്കപ്പെട്ട ഉടന്‍തന്നെ അവള്‍ പ്രതികരിച്ചു. പോലീസില്‍ പരാതി നല്‍കി. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് ഉറപ്പുവരുത്തി. ഒരുപാട് കഴിവുള്ള അഭിനേതാക്കളുടെ നാടാണ് കേരളം. പരസ്പരം പിന്തുണ നല്‍കുന്ന മലയാളത്തില്‍ എവിടെയാണ് അതിക്രമത്തെ അതിജീവിച്ചവരെ പിന്തുണയ്ക്കുന്ന നടപടികളെന്നും അഞ്ജലി ചോദിക്കുന്നു. തന്റെ 19ാം വയസ്സില്‍ നടന്ന ദുരനുഭവത്തെ കുറിച്ച് ടിവി അവതാരകയും, എഴുത്തുകാരിയും, സംവിധായികയുമായ വിന്റ നന്ദ നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ച് പറഞ്ഞാണ് അഞ്ജലി ബ്ലോഗ് ആരംഭിച്ചത്.
മീ ടൂ ക്യാംപെയ്‌നില്‍ ആരോപണം നേരിട്ട താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് ബോളിവുഡിലെ സംഘടനകള്‍. അവര്‍ യാഥാര്‍ത്ഥ്യത്തിലേക്ക് ഉണര്‍ന്ന് കഴിഞ്ഞു. അതിജീവിച്ചവരെ പിന്തുണയ്ക്കുന്ന നിലപാടാണ് അവരുടേത്. ഹോട്സ്റ്റാര്‍, കുറ്റാരോപിതര്‍ ഉള്‍പ്പെട്ട ടിവി ഷോകള്‍ നിര്‍ത്തി. കുറ്റാരോപിതര്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ ഫാന്റം ഫിലിംസ് പോലുള്ള കമ്ബനികള്‍ വേണ്ടെന്ന് വച്ചു. ഇവര്‍ക്കൊപ്പമുള്ള സിനിമകള്‍ ആമിര്‍ ഖാന്‍ അടക്കമുള്ള താരങ്ങള്‍ ഉപേക്ഷിച്ചു. അതീജീവിച്ച സ്ത്രീ അവരുടെ സംഘടനയിലെ അംഗമല്ലാതിരുന്നിട്ടുകൂടി നടന്‍മാരുടെ സംഘടനയായ സിന്റാ ലൈംഗികാരോപണം നേരിടുന്ന നടന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
ശക്തമായ നടപടികളിലൂടെ സിനിമാ മേഖലയില്‍ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ അനുവദിക്കില്ലെന്നാണ് മുംബൈ ഫിലിം ഇന്റസ്ട്രി എടുക്കുന്ന നിലപാട്. എന്നാല്‍ മലയാള സിനിമാ ലോകത്തിന്റെ നിലപാടെവിടെയെന്ന് അഞ്ജലി ചോദിക്കുന്നു. മുംബൈ സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന പിന്തുണ ഉദാഹരണ സഹിതം എണ്ണിപ്പറഞ്ഞ് മലയാള സിനിമാ സംഘടനകളുടെ നിലപാടില്ലായ്മയെ ചോദ്യം ചെയ്യുന്നതാണ് അഞ്ജലിയുടെ കുറിപ്പ്.
https://www.facebook.com/Malayalivartha