സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കും നാട്ടില്‍ നിലവിലുള്ള അവകാശങ്ങള്‍ ബാധകമല്ലേ; സംവിധായിക അഞ്ജലിമേനോന് പിന്തുണയുമായി പാര്‍വതിയും പത്മപ്രിയയും

മീ ടു കാമ്പയിന്‍ തലങ്ങും വിലങ്ങും ചര്‍ച്ചയാവുമ്പോള്‍ കേരളത്തിലും അതിന്റെ അലയൊലികള്‍ മുഴങ്ങി കേള്‍ക്കുകയാണ്. നടനും എംഎല്‍എയുമായ മുകേഷിനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ തങ്ങള്‍ക്കു നേരെയുണ്ടായ ലൈംഗികാതിക്രമങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തുന്ന കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടത്ര പിന്തുണ സമൂഹത്തിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്നില്ലെന്നാണ് പലരുടെയും പരാതി.
സംവിധായിക അഞ്ജലി മേനോന്‍ ഈ പരാതി ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. പതിനഞ്ച് വര്‍ഷമായി സിനിമയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടി താന്‍ ആക്രമിക്കപ്പെട്ട വിവരം പുറത്ത് പറഞ്ഞപ്പോള്‍ എത്ര സംഘടനകള്‍ അവരുടെ കൂടെ നിന്നു എന്നും അഞ്ജലി ചോദിച്ചിരുന്നു. അതേസമയം ബോളിവുഡിലും മറ്റും ആരോപണ വിധേയനായ വ്യക്തിയോടൊപ്പം ജോലി ചെയ്യുന്നത് പോലും പല പ്രമുഖരും അവസാനിപ്പിച്ചെന്നും അഞ്ജലി ചൂണ്ടിക്കാട്ടിയിരുന്നു.
ഇപ്പോഴിതാ അഞ്ജലിയുടെ അഭിപ്രായത്തോട് യോജിച്ചും ബോളിവുഡ് സിനിമാ സംഘടനകളുടെ നീക്കത്തെ പ്രശംസിച്ചും നടിമാരായ പാര്‍വതിയും പത്മപ്രിയയും രംഗത്തെത്തിയിരിക്കുന്നു. കേരളത്തിലും ഇതു സംഭവിച്ചിരുന്നെങ്കില്‍ എന്നാണ് വിഷയത്തില്‍ പ്രതികരിച്ച അഞ്ജലി മേനോനെ പിന്‍താങ്ങി പാര്‍വതി ട്വിറ്ററില്‍ കുറിച്ചത്. ട്വീറ്റിനൊപ്പം അഞ്ജലിയുടെ പ്രതികരണവും ചേര്‍ത്തിട്ടുണ്ട്.
പാര്‍വതിക്കു പിന്നാലെ പദ്മപ്രിയയും സ്വന്തം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കും നാട്ടില്‍ നിലവിലുള്ള അവകാശങ്ങള്‍ ബാധകമല്ലേ എന്നു ചോദിച്ചാണ് പദ്മപ്രിയയുടെ ട്വീറ്റ്.
സിനിമാമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യവുമായി നടിമാരായ രേവതി, പാര്‍വ്വതി, പദ്മപ്രിയ എന്നിവര്‍ എ എം എം എക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഈയിടെ നടന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ പോലും വിഷയം ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഈ പശ്ചാത്തലം കൂടി ഇവരുടെ അഭിപ്രായത്തിന് പിന്നിലുണ്ട്.
https://www.facebook.com/Malayalivartha