എനിക്ക് മാനേജര്‍മാരില്ല; എന്നെ ഫോണ്‍ വിളിച്ചാല്‍ കിട്ടില്ല; ഞാന്‍ സിനിമയില്‍ ഇടപെടും…

മറ്റുതാരങ്ങളെയപേക്ഷിച്ച് നിരന്തരം മികച്ച സിനിമകള്‍ ചെയ്യാനുള്ള അവസരങ്ങള്‍വന്നുചേരുന്നത് ഒരുപക്ഷേ മാനേജര്‍ ഇല്ലാത്തതുകൊണ്ടായിരിക്കാമെന്ന് പൃഥ്വിരാജ്. എന്നുനിന്റെ മൊയ്തിനുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് മനസ്സുതുറക്കുമ്പോള്‍ തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാന്‍ തന്നെയാണ് എന്ന് കൂടി പൃഥ്വി വിശദീകരിച്ചു.
പലരും ഒന്നോ രണ്ടോ സിനിമയില്‍ അഭിനയിച്ചാല്‍ മാനേജര്‍മാരെ വയ്ക്കുന്ന കാലമാണ്. എന്നാല്‍ എനിക്ക് മാനേജര്‍മാരില്ല. അത് ചിലപ്പോള്‍ ഗുണവും ദോഷവും ചെയ്തിട്ടുണ്ട്. ഷൂട്ടിങ് സമയത്ത് എന്നെ ഫോണ്‍ വിളിച്ചാല്‍ കിട്ടില്ല. എന്റെ ഫോണ്‍ എടുക്കുന്നത് ഞാന്‍ തന്നെയാണ്. ലൊക്കേഷനിലെത്തിയാല്‍ പലപ്പോഴും സൈലന്റായിരിക്കും.
അമ്മയും ഭാര്യയും പോലും പലപ്പോഴും എന്നെ കിട്ടാതെ ബുദ്ധിമുട്ടാറുണ്ട്. അവര്‍ ലൊക്കേഷനിലെ മറ്റാരെയെങ്കിലും വിളിച്ചാണ് എന്നെ കണക്ട് ചെയ്യാറുള്ളത്. എന്നാല്‍ മാനേജരുണ്ടെങ്കില്‍ അതൊക്കെ അദ്ദേഹം നോക്കിക്കോളും. അങ്ങനെപല ദോഷങ്ങളും നിലനില്‍ക്കെ തന്നെ മറ്റു ചില ഗുണങ്ങളുമുണ്ട്. എന്റെ സിനിമകളെ കുറിച്ച് അന്തിമമായ തീരുമാനമെടുക്കുന്നത് ഞാന്‍ തന്നെയാണ്. തിരക്കഥ എനിക്ക് ബോധ്യപ്പെട്ടാലേ ഞാന്‍ അനുവാദം കൊടുക്കാറുള്ളൂ. തിരക്കഥയല്ലാതെ മറ്റെന്ത് കാരണത്തിന്റെ പേരിലാണെങ്കിലും ഞാന്‍ അഭിനയിക്കാറില്ല പൃഥ്വി പറഞ്ഞു.
അതേ സമയം സിനിമ സംവിധാനം ചെയ്യുക എന്നത് എന്റെ വലിയ ആഗ്രഹമാണെന്നും അതുടനുണ്ടാകുമെന്നും പൃഥ്വി പറഞ്ഞു. മുമ്പൊരിക്കില്‍ എല്ലാം ഒരുങ്ങിവന്നതായിരുന്നു. സിനിമാ ചിത്രീകരണത്തെ കുറിച്ച് തീരുമാനമെടുക്കാന്‍ സമയമായപ്പോഴാണ് മണിരത്‌നത്തിന്റെ രാവണ്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. അത്ര വലിയ അവസരം വന്നപ്പോള്‍ സംവിധാനം എന്ന ആഗ്രഹം തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ ഇന്ന് പെട്ടെന്നങ്ങനെയൊരു തീരുമാനം എടുക്കാന്‍ കഴിയില്ല. കുറച്ചുനാള്‍ സംവിധാനത്തിന് മാറ്റിവയ്ക്കുമ്പോള്‍ എന്റെ ഡേയ്റ്റുകളുമായി കാത്തുനില്‍ക്കുന്ന നിരവധി പേര്‍ കുഴപ്പത്തിലാകും. അഭിനയത്തിരക്കുകള്‍ക്ക് ഒരു ഇടവേള എടുത്ത് ചെയ്യേണ്ടിവരും.
അതേ സമയം താന്‍ അഭിനയിക്കുന്ന സിനിമകളുടെ എല്ലാ മേഖലയിലും ആവശ്യത്തിന് ഇടപെടാറുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. സംവിധായന്‍, നിര്‍മ്മാതാവ് എന്നിവര്‍ കഴിഞ്ഞാല്‍ ഒരു സിനിമയുടെ മൂന്നാമത്തെ ഏറ്റവും വലിയ ഉത്തരവാദി നായകന്‍ തന്നെയാണ്. അതുകൊണ്ട് സംവിധായകന് ബുദ്ധിമുട്ടാകാത്ത വിധത്തില്‍ സിനിമയുടെ തുടക്കം മുതല്‍ സകല സമയത്തും ഇടപെടാറുണ്ട്. ആവശ്യത്തിന് മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാറുമുണ്ട്. ഉദാഹരണത്തിന് സിനിമ ചിത്രീകരണം ആരംഭിക്കുമ്പോള്‍ തന്നെ, അതിന്റെ തിരക്കഥ മുഴുവന്‍ എനിക്ക് ഹൃദിസ്ഥമായിരിക്കും. മറ്റുള്ള കാഥാപാത്രങ്ങളുടെ ഡയലോഗുകള്‍ പോലും എനിക്ക് കാണാപ്പാഠമായിരിക്കും. എന്റെ രംഗങ്ങള്‍ അഭിനയിച്ചുകഴിഞ്ഞാല്‍ അപ്പോള്‍ തന്നെ കണ്ട് ബോധ്യപ്പെടാന്‍ ശ്രമിക്കും. സാങ്കേതികമായ സകല കാര്യങ്ങളിലും ഇടപെടാന്‍ പ്രത്യേകം ശ്രദ്ധിക്കും. ഇതൊക്കെ എന്നെ വച്ച് സിനിമയെടുക്കുന്ന സംവിധായകര്‍ക്ക് നന്നായി അറിയാം. ആരും ഇതുവരെ എതിര്‍പ്പൊന്നും പറഞ്ഞിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha