വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ പൂർത്തിയായി: ബിനു അടിമാലിയുടെ ആരോഗ്യനില തൃപ്തികരം....
നടനും ഹാസ്യ കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോന്റെ ആരോഗ്യനില മെച്ചപ്പെട്ടു. മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ പൂർത്തിയായി. മുഖത്ത് പരിക്കേറ്റ മഹേഷിന് ഇന്നലെ ഒമ്പത് മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയാണ് വേണ്ടിവന്നത്. മഹേഷിന്റെ ശസ്ത്രക്രിയ പൂർത്തിയായതായി നടൻ ബിനീഷ് ബാസ്റ്റിൻ ഫേസ്‌ബുക്കിലൂടെയാണ് അറിയിച്ചത്. മഹേഷ് കുഞ്ഞുമോന്റെ ഓപ്പറേഷൻ കഴിഞ്ഞുവെന്നും നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ബിനീഷ് ബാസ്റ്റിൻ ഫേസ്‌ബുക്കിൽ കുറിച്ചു. മിമിക്രി താരവും നടനുമായ കൊല്ലം സുധിയുടെ മരണത്തിലേക്ക് നയിച്ച കാറപകടത്തിൽ മഹേഷ് കുഞ്ഞുമോന് സാരമായ പരുക്കേറ്റിരുന്നു.
മഹേഷിന്റെ മുഖത്തും പല്ലുകൾക്കുമായിരുന്നു പരുക്കേറ്റത്. തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ ഇന്നലെ രാവിലെ ആരംഭിച്ച ശസ്ത്രക്രിയ ഒൻപത് മണിക്കൂർ നീണ്ടു നിന്നു. ബിനു അടിമാലി അപകടനില തരണം ചെയ്തു. എല്ലിന് പൊട്ടലേറ്റ ഉല്ലാസും ചികിത്സയിൽ തുടരുകയാണ്. അപകട വാര്‍ത്ത പുറത്തുവന്നതോടെ സുധിക്കൊപ്പം യാത്ര ചെയ്ത മറ്റു താരങ്ങളുടെ ആരോഗ്യനില അറിയാനായിരുന്നു എല്ലാവരും കാത്തിരുന്നത്. ഒപ്പം സഞ്ചരിച്ച ബിനു അടിമാസി, മഹേഷ്, ഉല്ലാസ് അരൂര്‍ എന്നിവര്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടത് മലയാളികള്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയായിരുന്നു.
മഹേഷിന്റെയും ഉല്ലാസ് അരൂരിന്റെയും നില ഗുരുതരമാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. ഉല്ലാസും ബിനു അടിമാലിയും നിലവില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. എന്നാല്‍ ഇവര്‍ക്കൊപ്പം അപകടത്തില്‍ പെട്ട മഹേഷിനെ കുറിച്ചായിരുന്നു ചര്‍ച്ചകള്‍ പിന്നീട്.
പേര് കേട്ടപ്പോള്‍ ആരാണ് മഹേഷ് എന്ന് ആര്‍ക്കും തിരിച്ചറിയാന്‍ സാധിച്ചില്ല. എന്നാല്‍ ഫോട്ടോ കണ്ടപ്പോള്‍ എല്ലാവര്‍ക്കും ആരാണെന്ന് മനസിലായി. കൊവിഡ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ശബ്ദം അനുകരിച്ചുള്ള വീഡിയോ വൈറലായതോടെയാണ് മഹേഷ് എന്ന കലാകാരനെ കുറിച്ച് ലോകം അറിയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു പാട്ടുപാടിയാല്‍ എങ്ങനെ ഉണ്ടാകും പ്രധാനമന്ത്രി നരേന്ദ്ര മോദി ആ പാട്ട് എങ്ങനെ ഏറ്റുപാടും എന്നതായിരുന്നു ആ വീഡിയോ. ഈ വീഡിയോ വൈറലായതോടെ ഒരുപാട് വേദികളില്‍ മഹേഷ് തന്നെ അനുകരണം അവതരിപ്പിക്കാന്‍ തുടങ്ങി. മെക്കാനിക്കലില്‍ ഡിപ്ലോമ കഴിഞ്ഞ് പല സ്ഥാപനങ്ങളിലായി ജോലി ചെയ്തു വരികയായിരുന്നു മഹേഷ് . എന്നാല്‍ കൊവിഡ് സമയത്ത് വെറുതെ ഇരുന്നതോടെ മിമിക്രി കലാകാരനായ ചേട്ടന്റെ പ്രചോദനത്തിലാണ് പിണറായി വിജയന്റെ ശബ്ദം അനുകരിച്ച് വിഡിയോ ചെയ്തത്.
ഈ വീഡിയോ ഇങ്ങനെ ഹിറ്റാകുമെന്ന് മഹേഷ് പോലും കരുതയിരുന്നില്ല. തുടര്‍ന്ന് മഹേഷ് ചെയ്ത എല്ലാ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. തന്റെ യൂട്യൂബ് ചാനലിലും മഹേഷ് അനുകരണത്തിന്റെ വീഡിയോ പങ്കുവയ്ക്കാന്‍ തുടങ്ങി. ഈ അടുത്തിടെ ബിഗ്ബോസ് മലയാളം സീസണ്‍ ഫൈവിലെ മത്സരാര്‍ത്ഥികളുടെ ശബ്ദം മഹേഷ് അനുകരിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എറണാകുളം ജില്ലയില്‍ പുത്തന്‍ കുരിശിനടുത്ത് കുറിഞ്ഞിയാണ് മഹേഷിന്റെ സ്വദേശം.
വടകര ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ നിന്നും ഫ്‌ളവേഴ്‌സ് ചാനലിന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ കൊല്ലം സുധിയും സംഘവും സഞ്ചരിച്ച കാര്‍ തൃശൂരില്‍ വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ഒരു പിക്കപ്പ് ലോറിയുമായി ഇവര്‍ സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍സീറ്റിലിരുന്ന കൊല്ലം സുധിയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്. സുധിയെ ഉടന്‍ തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉല്ലാസ് ആയിരുന്നു കാറോടിച്ചിരുന്നത്. കൊല്ലം സുധിയുടെ സംസ്‌കാരചടങ്ങുകൾക്ക് നിരവധിപേർ എത്തിയിരുന്നു.
https://www.facebook.com/Malayalivartha