നീരുവെച്ച കുഞ്ഞിന്റെ മുഖം വീഡിയോ കോളില്‍ കണ്ടതോടെ സുധി പരിഭ്രമത്തിലായി: ഒരുങ്ങിയിരിക്കാൻ പറഞ്ഞ് വച്ച സുധിയുടെ ഫോൺ കോളിന് പിന്നാലെ, എത്തിയത് മരണ വാർത്ത......
തൃശൂര്‍ കയ്പമംഗലത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച കൊല്ലം സുധിയുടെ വേര്‍പാട് താങ്ങാനാകാതെ കുടുംബം. സുധിയുടെ മരണത്തോടെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഭാര്യ രേണുവും മക്കളായ രാഹുലും ഋതുലും. കുടുംബമെന്നാല്‍ ജീവനായിരുന്നു സുധിക്ക്. അതിനാല്‍ എവിടെ പരിപാടിക്ക് പോയാലും വേഗം വീട്ടിലേക്ക് തിരിച്ചെത്താന്‍ പരമാവധി സുധി ശ്രമിക്കുമായിരുന്നു. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ ഇല്ലായ്മകളിലും സന്തോഷിപ്പിക്കാന്‍ സുധി തന്നാലാവും വിധം ശ്രമിച്ചിരുന്നു. സുധിയുടെ ഇല്ലായ്മകൾ പലപ്പോഴും അദ്ദേഹവും കുടുംബവും മാത്രം അറിയുന്നതായിരുന്നു. ചിരിച്ച മുഖത്തോടെ മാത്രം സുധിയെ കാണുന്ന പരിസരവാസികള്‍ക്ക് അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു.
അയല്‍വീടുകളിലെ പരിപാടികള്‍ക്ക് മുഖ്യാതിഥി മറ്റാരുമല്ല. മകളുടെ ആദ്യകുര്‍ബ്ബാന സ്വീകരണചടങ്ങിന് വീട്ടുമുറ്റത്ത് ഗാനമേള നടത്തിയ സുധിയെ അയല്‍വാസി വിപിന്‍രാജു വിങ്ങലോടെയാണ് ഓർക്കുന്നത്. പല്ലുവേദന കാരണം നീരുവെച്ച കുഞ്ഞിന്റെ മുഖം വീഡിയോ കോളില്‍ കണ്ടപ്പോള്‍ സുധി ആകെ വിഷമത്തിലായിരുന്നു. വടകരയില്‍ ഷോ വേഗം തീര്‍ത്ത് വീട്ടിലെത്താമെന്ന് പറഞ്ഞു. മടങ്ങി വന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാമെന്നും.
ഭാര്യാപിതാവ് തങ്കച്ചനോടും ഒരുങ്ങിനില്‍ക്കണമെന്ന് പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന തങ്കച്ചന് വൈദ്യപരിശോധന വേണമായിരുന്നു. സുധിയെ കാത്തിരുന്ന പൊങ്ങന്താനം പന്തീരുപറ കോളനിയിലെ പുതുക്കാട്ടില്‍ വീട്ടിലേക്ക് പക്ഷേ പുലർച്ചയോടെ എത്തിയത് ഒരു തീരാ നഷ്ടത്തിന്റെ വാർത്തയായിരുന്നു. കൊല്ലം സുധിയും കുടുംബവും ഇവിടെ താമസം തുടങ്ങിയത് അടുത്തകാലത്താണ്.
ഭാര്യ രേണുവിന്റെ ബന്ധുക്കള്‍ ഇവിടെയുള്ളത് കാരണം ഇവിടെ വീട് വെക്കാനും ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ മാസമാണ് ഇളയകുഞ്ഞ് ഋതുലിനെ പൊങ്ങന്താനം യു.പി.എസില്‍ ചേര്‍ത്തത്. ഇപ്പോള്‍ വാടകയ്ക് താമസിക്കുന്ന വീടിന് സമീപം അഞ്ച് സെന്റ് ഭൂമി വാങ്ങാന്‍ അല്‍പ്പം തുക മുന്‍കൂര്‍ നല്‍കിയിരുന്നു. പക്ഷേ, പ്രയാസങ്ങള്‍ കാരണം ഭൂമി രജിസ്‌ട്രേഷന്‍ നടന്നില്ല. പണം ഒത്തുവരാഞ്ഞതാണ് കാരണം. മൂത്ത മകന്‍ രാഹുലാണ് എപ്പോഴും സുധിക്കൊപ്പം യാത്രപോവുക. പ്ലസ് ടു കഴിഞ്ഞ് നില്‍ക്കുന്ന രാഹുല്‍ അച്ഛന് എല്ലാമെല്ലാമായിരുന്നു.
ഞായറാഴ്ച വടകരയ്ക് പോകുമ്പോള്‍ രാഹുലിനോട് വരേണ്ടന്ന് പറഞ്ഞു. അയല്‍വാസിയുടെ കാറിലാണ് ബസ്റ്റോപ്പിലേക്ക് പോയത്. മടക്കം സുഹൃത്തുക്കളുടെ കാറിലായിരിക്കുമെന്നും പറഞ്ഞിരുന്നു. ''വീടും ഭൂമിയും ഒന്നും വേണ്ട. എനിക്കെന്റെ സുധിയേ മാത്രം മതിയായിരുന്നു''.
സുധിയുടെ ഭാര്യ രേണുവിന്റെ സങ്കടവാക്കുകള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയാതെ ബന്ധുക്കള്‍ നിന്നു. സുധിയെക്കുറിച്ച് അവര്‍ കണ്ണീരോടെ സംസാരിച്ചു. ജീവിതകാലത്ത് ഒരു മനുഷ്യനോടും പരിഭവമോ വെറുപ്പോ ഇല്ലാത്തൊരു മനുഷ്യനെ കണ്ടിട്ടില്ലെന്ന് രേണു. സുഹൃത്തുക്കള്‍ക്കും കലാകാരന്‍മാര്‍ക്കും താന്‍ പരിചയിച്ചവര്‍ക്കുമെല്ലാം നന്‍മ വരണമെന്ന് മാത്രം ആഗ്രഹിച്ച അതുല്യ കലാകാരന്‍.
കൊല്ലം സുധിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് കോട്ടയത്ത് നടക്കും. പതിനൊന്നു മണിയോടെ കോട്ടയം വാകത്താനം ഞാലിയാക്കുഴി സെൻ്റ് മാത്യൂസ് ക്നാനായ കത്തോലിക്ക ചർചിലും പൊതുദർശനമുണ്ടാകും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിക്കാനെത്തും. രണ്ടു മണിക്ക് തോട്ടയ്ക്കാട് റിഫോമ്സ് ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്നലെയാണ് കൊല്ലം സുധി വാഹനാപകടത്തിൽ മരണപ്പെട്ടത്. പുലർച്ചെ തൃശൂർ പറമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. സുധി സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശിയുടെ പിക്കപ്പ് വാനാണ് താരം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചത്.
നിരവധി വർഷങ്ങളായി ഹാസ്യ രംഗത്ത് സുധി കൊല്ലം സജീവ സാന്നിധ്യമായിരുന്നു. 2015ൽ കാന്താരി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപ്പാപ്പ, തീറ്റ റപ്പായി, കേശു ഈ വീടിന്റെ നാഥൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഫഌവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ സുധി കുടുംബപ്രേക്ഷകരുടെ പ്രിയ താരമായി.
കരിയറിലെ ഒരു സുവർണകാലഘട്ടത്തിൽ നിൽക്കുമ്പോഴാണ് സുധിയുടെ അപ്രതീക്ഷിത വിയോഗം. വളവ് കടന്നുവന്ന പിക്കപ്പ് വാനാണ് താരം സഞ്ചരിച്ച വാഹനത്തിലിടിച്ചത്. ഗുരുതരമായി പരുക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നുപോകുകയായിരുന്നു.
https://www.facebook.com/Malayalivartha