ജയസൂര്യയുടെ കായല്‍ കൈയേറ്റത്തിനെതിരെ വിജിലന്‍സ് കോടതി... ഭൂമി അളന്ന് തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവ്

ജയസൂര്യയുടെ കായല്‍ കൈയേറ്റത്തിനെതിരെ വിജിലന്‍സ് കോടതി ശക്തമായ നിലപാട് സ്വീകരിക്കുന്നു. ഇതേ കുറിച്ച് കണയന്നൂര്‍ താലൂക്ക് സര്‍വെയറെക്കൊണ്ട് മൂന്നാഴ്ചയ്ക്കകം അളന്നു തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ വിജിലന്‍സ് ആന്‍ഡ് എന്‍ക്വയറി കമ്മിഷണര്‍ ഉത്തരവിട്ടു.
പൊതുപ്രവര്‍ത്തകനായ കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ജയസൂര്യ എറണാകുളം കൊച്ചുകടവന്ത്രയില്‍ ചിലവന്നൂര്‍ കായല്‍ കൈയേറിയും തീരദേശ പരിപാലന നിയമവും കേരള മുനിസിപ്പല്‍ കെട്ടിടനിര്‍മ്മാണ ചട്ടവും ലംഘിച്ച് ആഡംബരവീടും ചുറ്റുമതിലും സ്വകാര്യ ബോട്ട് ജെട്ടിയും നിര്‍മ്മിച്ചെന്നാണ് ആക്ഷേപം. ഗിരീഷ്ബാബു കൊച്ചിന്‍ കോര്‍പ്പറേഷനില്‍ 2013 ഓഗസ്റ്റ് ഒന്നിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം നടന്നെങ്കിലും നടപടി മാത്രം ഉണ്ടായില്ല. ഇതോടെയാണ് കേസ് കോടതിക്ക് മുന്നിലെത്തിയത്.
പരാതിയില്‍ അന്വേഷണം നടത്തിയ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി അനധികൃത നിര്‍മ്മാണം 14 ദിവസത്തിനകം പൊളിച്ചുനീക്കാന്‍ ജയസൂര്യക്ക് നോട്ടീസ് നല്‍കി. കായല്‍ കൈയേറ്റം അളന്ന് തിട്ടപ്പെടുത്താന്‍ കണയന്നൂര്‍ താലൂക്ക് സര്‍വെയറെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ജയസൂര്യ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തനിക്കെതിരേയുള്ള എല്ലാവിധ മേല്‍നടപടികളും മരവിപ്പിച്ചെന്ന് അരോപണം ഉയര്‍ന്നു.
ഇതോടെ തുടര്‍നടപടികള്‍ സ്വീകരിക്കാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തി ജയസൂര്യക്ക് അനുകൂലമായി പ്രവര്‍ത്തിച്ചെന്നും ചൂണ്ടിക്കാട്ടി കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ സെക്രട്ടറി വി.ആര്‍. രാജു, മുന്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്‍.എം. ജോര്‍ജ്, നിലവിലെ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ. നിസാര്‍, കണയന്നൂര്‍ താലൂക്ക് ഹെഡ് സര്‍വെയര്‍ രാജീവ് ജോസഫ്, നടന്‍ ജയസൂര്യ എന്നിവരെ യഥാക്രമം ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളാക്കിയാണ് ഗിരീഷ് ബാബു കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ കേസിലാണ് ഇപ്പോള്‍ കോടതിയുടെ നടപടി.
കോടതി നിര്‍ദ്ദേശിച്ചിട്ടും ഈ കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഹാജരാകാതിരുന്ന കൊച്ചിന്‍ കോര്‍പറേഷന്‍ സെക്രട്ടറി അജിത്ത് മീണ ഇന്നലെ കോടതിയില്‍ നേരിട്ട് എത്തി മാപ്പപേക്ഷ നല്‍കി. ഫെബ്രുവരി രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.
കൊച്ചുകടവന്ത്ര ഭാഗത്ത് നടന്‍ ജയസൂര്യ സ്വകാര്യ ബോട്ടുജെട്ടിയും ചുറ്റുമതിലും 3000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള വീടും നിര്‍മ്മിച്ചതാണ് കേസിന് കാരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha